വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കി തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. അലാസ്കയില്‍ നടന്ന പുടിനുമായുള്ള ചർച്ചകള്‍ക്ക് പിന്നാലെയാണ് യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച.
ഫെബ്രുവരിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായതിനു ശേഷം സെലൻസ്‌കിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്. മുന്‍ കൂടിക്കാഴ്ചയില്‍ ട്രംപ് തന്നോട് അനാദരവ് കാണിച്ചുവെന്ന് സെലന്‍സ്കി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ ഒറ്റയ്ക്കാവില്ല സെലന്‍സ്കി ട്രംപുമായുള്ള ചർച്ചയ്ക്ക് എത്തുക.
കഴിഞ്ഞ തവണത്തെപ്പോലെ ട്രംപിന്റെ 'ആക്രമണത്തിൽ' നിന്ന് സെലൻസ്‌കിയെ രക്ഷിക്കാൻ യൂറോപ്യൻ യൂണിയന്‍ നേതാക്കൾ യുക്രെയ്നിയൻ നേതാവിനൊപ്പം ഒരു പ്രതിനിധിയെ അയയ്ക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകള്‍. ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് അല്ലെങ്കിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ സെലന്‍സ്കിയെ അനുഗമിക്കുമെന്നാണ് പൊളിറ്റിക്കോ റിപ്പോർട്ട്.
ട്രംപുമായി നല്ല ബന്ധം പുലർത്തുന്ന സ്റ്റബ്ബും റുട്ടെയും ചർച്ചയില്‍ നയതന്ത്ര മധ്യസ്ഥരാകും. ട്രംപും സെലൻസ്‌കിയും തമ്മിലുള്ള ചർച്ച ഏതെങ്കിലും തരത്തിലുള്ള വാക്പോരിലേക്ക് കടക്കുന്നത് തടയുന്നതിനും യുക്രെയ്‌നിനെക്കുറിച്ചുള്ള അവരുടെ തുടർന്നുള്ള ചർച്ചകളിൽ യൂറോപ്പ് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് ഇവരിൽ ഒരാളെ അയയ്ക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അലാസ്കയിൽ പുടിന് ട്രംപ് നൽകിയ ഊഷ്മളമായ സ്വീകരണത്തിൽ യൂറോപ്യൻ നേതാക്കൾ ആശങ്കാകുലരാണ്. യുക്രെയ്നെ ഒഴിവാക്കികൊണ്ടുള്ള ഈ 'സമാധാന' ചർച്ചയെ യൂറോപ്യന്‍ നേതാക്കള്‍ വിമർശിച്ചിരുന്നു.
അതേസമയം, മൂന്ന് മണിക്കൂർ നീണ്ട ട്രംപ്-പുടിൻ കൂടിക്കാഴ്ചയിൽ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു കരാറിനും ധാരണയായില്ല. എന്നാൽ കൂടിക്കാഴ്ച "വളരെ ഫലപ്രദമായിരുന്നു" എന്നാണ് ഇരു നേതാക്കളും പ്രതികരിച്ചത്. ചർച്ചയിൽ ഒരുപാട് കാര്യങ്ങളിൽ പുടിനുമായി യോജിപ്പിലെത്തിയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ വൊളോഡിമർ സെലന്‍സ്കി ഒത്തുതീർപ്പിന് തയ്യാറാകണമെന്നാണ് യുഎസ് പ്രസിഡന്റിന്റെ നിലപാട്. റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പാക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്തം ഇപ്പോൾ സെലൻസ്‌കിയുടേതാണെന്നാണ് ട്രംപിൻ്റെ പക്ഷം.
തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍, യുക്രേനിയൻ പ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ ഉൾപ്പെടെയുള്ള പുടിന്റെ ആവശ്യങ്ങൾ ട്രംപ് അംഗീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാനാകും യൂറോപ്പും യുക്രെയ്നും ശ്രമിക്കുക.