Donald Trump  Source; X
WORLD

ഗാസ സമാധാന കരാർ;  നടപടികൾ വേഗത്തിലാക്കണം, വൈകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ, ഹമാസിന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

വെടിനിർത്തൽ, ജീവകാരുണ്യം, പുനർനിർമാണം, സുരക്ഷ, നിരായുധീകരണം, അധികാരക്കൈമാറ്റം, ഭാവി പദ്ധതികൾ എന്നിവയാണ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലുള്ളത്.

Author : ന്യൂസ് ഡെസ്ക്

ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണയിൽ ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിലെ സമാധാന കരാർ വേഗം നടപ്പിലാക്കണം. ബന്ദികളെ ഉടൻ മോചിപ്പിക്കണം. ഹമാസ് വേഗത്തിൽ നീങ്ങണമെന്നും ട്രംപ് പറഞ്ഞു. വൈകിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

ബന്ദികളുടെ കൈമാറ്റത്തിനും സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഗാസയില്‍ ആക്രമണം നിർത്തിവെച്ച ഇസ്രയേലിനെ അഭിനന്ദിക്കുന്നതായും ട്രംപ് പോസ്റ്റിൽ പറയുന്നു. കാലതാമസം താൻ അനുവദിക്കില്ല, ഹമാസ് ഉടൻ തന്നെ നടപടികൾ വേഗത്തിലാക്കണം. വൈകിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും 20 ഇന നിർദേശങ്ങളടങ്ങിയ ഗാസ പദ്ധതിയും ബന്ദി കൈമാറ്റവും നടപ്പാക്കാൻ ഇതാണ് പറ്റിയ സമയമെന്നും ട്രംപ് പറയുന്നു.

ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ് പ്രതികരിച്ചിരുന്നു. ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറാനും തീരുമാനമായെങ്കിലും, മറ്റ് ഉപാധികളിൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചിരുന്നു. ഇതോടെ ഗാസയിലെ ആക്രമണങ്ങള്‍ കുറയ്ക്കാൻ സൈന്യത്തിന് ഇസ്രയേൽ നിർദേശം നൽകി. എന്നാൽ ട്രംപിന്റെ നിർദേശം ഇസ്രയേൽ തള്ളിയതായാണ് ചില റിപ്പോർട്ടുകൾ. ആക്രമണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.

ട്രംപിൻ്റെ ഇരുപതിന പദ്ധതികൾ ഹമാസ് ഭാഗികമായ അംഗീകരിച്ചതോടെ, രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിന് താൽക്കാലികമായെങ്കിലും അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. മുഴുവൻ ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. മധ്യസ്ഥ ച‍ർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും അറിയിക്കുകയായിരുന്നു. ഹമാസ് തീരുമാനത്തെ സ്വാഗതം ചെയ്ത ട്രംപ് അടിയന്തിരമായി ആക്രമണം അവസാനിപ്പിക്കാനാണ് ഇസ്രായേലിനോട് നിദേശിച്ചിരുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ഹമാസിൻ്റെ തീരുമാനത്തെ അംഗീകരിച്ചു. ട്രംപിന്റെ ഇടപെടലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രശംസിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിൽ ട്രംപ് നിർണായക പങ്ക് വഹിച്ചെന്ന് മോദി എക്സിൽ കുറിച്ചു. വെടിനിർത്തൽ, ജീവകാരുണ്യം, പുനർനിർമാണം, സുരക്ഷ, നിരായുധീകരണം, അധികാരക്കൈമാറ്റം, ഭാവി പദ്ധതികൾ എന്നിവയാണ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലുള്ളത്.

SCROLL FOR NEXT