ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ബോട്ടുകളിൽ ഡ്രോൺ ആക്രമണത്തിന് ഉത്തരവിട്ടത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവെന്ന് റിപ്പോർട്ട്. ഗാസയിലേക്ക് സസായമെത്തിക്കുന്നതിനായി പോയ ബോട്ടുകളാണ് ആക്രമണം നേരിട്ടത്. ടുണീഷ്യൻ തുറമുഖമായ സിഡി ബൗ സെയ്ദിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് സെപ്തംബർ എട്ടിനും ഒമ്പതിനും ആക്രമിക്കപ്പെട്ടത്.
ബോട്ടുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ തീപിടിത്തം ഉണ്ടാക്കാവുന്നതരിത്തിലുള്ള സ്ഫോടക വസ്തുക്കളാണ് ബോട്ടുകളിലേക്ക് വർഷിച്ചതെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. പിന്നീടാണ് ഡ്രോൺ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ പ്രതിരോധ സേന തയ്യാറായിരുന്നില്ല.
ബോട്ടുകൾ തകർക്കാനുള്ള സൈനിക നടപടികൾക്ക് നെതന്യാഹു നേരിട്ട് അംഗീകാരം നൽകിയതായി രണ്ട് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിലെ ഇസ്രയേൽ പങ്കാളിത്തം സ്ഥിരീകരിച്ചാലും അതിൽ അത്ഭുതപ്പെടാനില്ലെന്ന് ഗ്ലോബൽ സമുദ് ഫ്‌ളോട്ടില്ല പ്രസ്താവനയിലൂടെ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന മാനുഷിക പ്രവർത്തകരെ അവർ ഭയപ്പെടുകയാണെന്നും ഗ്ലോബൽ സമുദ് ഫ്‌ളോട്ടില്ല അറിയിച്ചു.
ഫ്‌ളോട്ടിലയെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇസ്രയേല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. യാത്ര തുടർന്ന ബോട്ടുകളെ ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് പിടിച്ചെടുക്കുകയും ബോട്ടിലുണ്ടായിരുന്ന ഗ്രേറ്റ തുൻബർഗ് അടക്കം 450ലധികം വിദേശ ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തിരുന്നു.
ആഗോള തലത്തിൽ ഇസ്രയേലിനെതിരെ ഏറെ വിമർശനങ്ങൾ ഈ സംഭവത്തിൽ ഉയർന്നിരുന്നു. ബോട്ടുകളിലുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഭീകരവാദികളെന്ന് അധിക്ഷേപിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും വിവാദമായിരുന്നു.