യുഎസ് അറ്റോണി ഓഫീസ് പുറത്തിറക്കിയ പ്രസ് റിലീസ് FBI Director Kash Patel statement
WORLD

രാജ്യസുരക്ഷയെ ബാധിക്കുന്ന ജൈവായുധം കടത്തിയെന്ന് യുഎസ്; രണ്ട് ചൈനീസ് പൗരന്മാർ പിടിയിൽ

34 കാരനായ സുൻയോങ് ലിയു, പെൺസുഹൃത്ത് യുംങ്കിഗ് ജിയാൻ, എന്നിവരാണ് യുഎസിൽ അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

മനുഷ്യജീവന് ഭീഷണിയാകുന്ന ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് പൗരന്മാർ പിടിയിൽ. 34 കാരനായ സുൻയോങ് ലിയു, പെൺസുഹൃത്ത് യുംങ്കിഗ് ജിയാൻ, എന്നിവരാണ് യുഎസിൽ അറസ്റ്റിലായത്. മനുഷ്യരിലും കന്നുകാലികളിലും ഛർദി, കരൾ രോഗം, പ്രത്യുൽപാദന വൈകല്യം എന്നിവ ഉണ്ടാക്കുന്ന ഫ്യൂസേറിയം ഗ്രമിനിയറം എന്ന ഫംഗസാണ് കടത്തിയതെന്നാണ് റിപ്പോർട്ട്.

2024 ജൂലൈയിൽ ചൈനീസ് ഗവേഷകനായ സുൻയോങ് ലിയു സുഹൃത്തായ ജിയാനെ സന്ദർശിക്കുന്നതിനിടെയാണ് അമേരിക്കയിലേക്ക് ഫംഗസ് കടത്തിയത്. ജിയാൻ ജോലി ചെയ്തിരുന്ന മിഷിഗൺ സർവകലാശാലയിലെ ലബോറട്ടറിയിൽ ഫംഗസ് ഗവേഷണം നടത്തുകയായിരുന്നു ലക്ഷ്യം. ഡിട്രോയിറ്റ് വിമാനത്താവളം വഴിയായിരുന്നു കടത്ത്. ഗോതമ്പ്, ബാർലി, ചോളം, അരി എന്നീ വിളകളിൽ വ്യാപകമായ കൃഷി നാശം ഉണ്ടാക്കുന്ന ഫംഗസ്, ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ കരളിനെ നശിപ്പിക്കും.

പിടിയിലായ പ്രതികൾ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്. ഗൂഢാലോചന, കള്ളക്കടത്ത്, തെറ്റായ വിവരങ്ങൾ നൽകൽ, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് നിലവിൽ മിഷിഗൺ ഈസ്റ്റ് ജില്ലാ കോടതിയിലാണ്. ഫംഗസ് പുറത്തെത്തിയാൽ മാരകമായ രോഗത്തിനൊപ്പം ലോകത്തിന്റെ സാമ്പത്തികമേഖലയെ തകർക്കുന്നതിലേക്ക് വഴി വെക്കുമായിരുന്നുവെന്ന് യുഎസ് അറ്റോണി ഓഫീസ് പറഞ്ഞു.

രാജ്യസുരക്ഷയെ ബാധിക്കുന്ന ജൈവായുധമാണ് കടത്തിയതെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഗവേഷണത്തിന് ജിയാന് ചൈനീസ് സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചെന്നും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എഫ്ബിഐയും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും സംയുക്തമായി നടത്തിയ അനേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

SCROLL FOR NEXT