നെയ്‌റോബി: എബോള ബാധിച്ച യുഎസ് പൗരന്മാർക്കായി ക്വാറന്റൈൻ സെന്റർ നിർമിക്കാനുള്ള നീക്കത്തിനെതിരെ കെനിയയില്‍ കനത്ത പ്രതിഷേധം. നാന്യുകി നഗരത്തില്‍ പ്രതിഷേധക്കാർക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. സംഘർഷസാഹചര്യം കണക്കിലെടുത്ത് മൂന്ന് ആഴ്ച, തുടർ നടപടികള്‍ വിലക്കിക്കൊണ്ട് കെനിയന്‍ ഹൈക്കോടതി ഉത്തരവിട്ടു. യുഎസുമായി ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളും, അനുബന്ധ രേഖകളും ഏഴ് ദിവസത്തിനകം പരസ്യപ്പെടുത്താന്‍ ഹൈക്കോടതി കെനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശ രോഗികളെ പരിചരിക്കാനുള്ള ശേഷി കെനിയയുടെ ദുർബലമായ ആരോഗ്യ രംഗത്തിനില്ലെന്ന പൊതുതാത്പര്യ ഹർജികള്‍ പരിഗണിച്ചാണ് നടപടി. കോംഗോയിലും, ഉഗാണ്ടയിലും വ്യാപിക്കുന്ന എബോള വൈറസിന്റെ 'ബുണ്ടിബുഗ്യോ' വകഭേദം സ്ഥിരീകരിച്ച യുഎസ് പൗരൻമാർക്കായി കെനിയയിലെ ലൈകിപിയ വ്യോമസേനാ താവളത്തിൽ 50 ബെഡ്ഡുകളുള്ള ക്വാറന്റീന്‍ സെന്റർ നിർമിക്കാനായിരുന്നു നീക്കം. എന്നാൽ യു.എസ് നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പ്രക്ഷോഭം സംഘർഷത്തിലെത്തി. ലൈക്കിപിയ വ്യോമതാവളത്തിന് സമീപം നടന്ന പ്രകടനത്തിനിടെയാണ് പ്രതിഷേധക്കാരിൽ ഒരാൾക്ക് വെടിയേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രകടനവുമായി ബന്ധമില്ലാത്ത മറ്റൊരാളും സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ചു. പ്രക്ഷോഭകരെ റോഡിൽ നിന്ന് പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കേംഗോയിൽ എബോള വീണ്ടും റിപ്പോർട്ട് ചെയ്തതോടെ സമീപ രാജ്യങ്ങൾ ആശങ്കയിലാണ്. നിലവിൽ കെനിയയിൽ ഇതുവരെ ഒരു എബോള കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ യുഎസ് പൗരൻമാർക്കായി രാജ്യത്ത് ക്വാറന്റൈൻ സെൻ്റർ സ്ഥാപിക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. പൊതുജനാരോഗ്യത്തിന് അപകടകരമെന്ന് ചൂണ്ടിക്കാട്ടി അവകാശ സംഘടനകൾ ഉൾപ്പെടെ പ്രതികരിച്ചിട്ടുണ്ട്.