കംപാല: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങള്‍ക്കിടെ ഉഗാണ്ടയില്‍ ജയം ഉറപ്പിച്ച് പ്രസിഡന്റ് യോവേരി മുസവാനി.74 ശതമാനം വോട്ടിന്‍റെ വ്യക്തമായ ലീഡുമായാണ് മുസവാനിയുടെ മുന്നേറ്റം. പ്രതിപക്ഷ നേതാവ് ബോബി വൈനിന് 23 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നിലവില്‍ 81 ശതമാനം പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള വിവരമാണ് പുറത്തുവന്നത്.
ഇതിനിടെ, കംപാലയിലെ വീട്ടില്‍ നിന്ന് ബോബി വൈനിനെ ഹെലികോപ്ടറില്‍ തട്ടിക്കൊണ്ടുപോയതായി പ്രതിപക്ഷം ആരോപിച്ചു. മാതാപിതാക്കള്‍ സൈന്യത്തിന്റെ പിടിയിലാണെന്ന് വൈന്‍റെ മകനും ആരോപിച്ചു. എന്നാല്‍, സൈന്യം ആരോപണം നിഷേധിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പ് രാജ്യത്തെ ഇന്റർനെറ്റ് വിച്ഛേദിച്ചതിനാല്‍ വാർത്തകള്‍ പുറത്തുവരുന്നതിനും സ്ഥിരീകരിക്കുന്നതിനും തടസം അനുഭവപ്പെടുന്നുണ്ട്.
വൈനിനെ വെള്ളിയാഴ്ച വൈകുന്നേരം തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഉഗാണ്ട പൊലീസ് നിഷേധിച്ചു. എന്നാൽ സുരക്ഷാ സേനയുടെ രാത്രിയിലെ റെയ്ഡിൽ നിന്ന് താൻ രക്ഷപ്പെട്ടതായും ഇപ്പോൾ വീട്ടിൽ ഇല്ലെന്നും, ഭാര്യയും മറ്റ് ബന്ധുക്കളും വീട്ടുതടങ്കലിലാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവന ഇറക്കി.
പ്രസിഡൻ്റ് യൊവേരി മുസവാനി 25 വർഷമായി ഉഗാണ്ടയിൽ അധികാരത്തിലിരിക്കുന്ന വ്യക്തിയാണ്. മുസവാനിയുടെ ദീർഘകാല നേതൃത്വത്തിനെതിരെ പ്രതിപക്ഷ വെല്ലുവിളി രൂക്ഷമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുസവാനി ഉൾപ്പെടെ എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.