യുകെ പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മെര്‍  
WORLD

"ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയ്യാറാകുന്നില്ലെങ്കില്‍ പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കും"; മുന്നറിയിപ്പുമായി യുകെ പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മെര്‍

'ഹമാസിന്റെ പൈശാചികമായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനം' എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Author : ന്യൂസ് ഡെസ്ക്

ഗാസയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ സമാധാന ശ്രമങ്ങള്‍ക്ക് ഇസ്രയേല്‍ തയ്യാറാകുന്നില്ലെങ്കില്‍ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മെര്‍. ഗാസയിലെ ഭയാനക സാഹചര്യം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി ഇസ്രയേല്‍ സ്വീകരിക്കണമെന്നും സ്റ്റാര്‍മെര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗാസയിലെ ദുരന്തസാഹചര്യം രൂക്ഷമാകുകയും, ദ്വിരാഷ്ട്ര പരിഹാര സാധ്യതകള്‍ മങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുകെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

വെടിനിര്‍ത്തലിന് സമ്മതിക്കുക, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സാധ്യമാകുന്ന ദീര്‍ഘകാല സുസ്ഥിര സമാധാനത്തിന് പ്രതിജ്ഞാബദ്ധരാകുക, സഹായ വിതരണം പുനരാരംഭിക്കാന്‍ ഐക്യരാഷ്ട്ര സഭയെ അനുവദിക്കുക എന്നിങ്ങനെ ആവശ്യങ്ങളാണ് യുകെ മുന്നോട്ടുവയ്ക്കുന്നത്. സമാധാനശ്രമങ്ങള്‍ക്ക് ഇസ്രയേല്‍ തയ്യാറാകുന്നില്ലെങ്കില്‍ സെപ്റ്റംബറിലെ യുഎന്‍ പൊതു സഭയില്‍ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ യുകെ സ്വീകരിക്കുമെന്നാണ് സ്റ്റാര്‍മെറുടെ പ്രതികരണം.

സംഘര്‍ഷവും പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള ഏക മാർഗം ദീർഘകാല സമവായമാണ്. സുരക്ഷിതവും പരമാധികാരവുമുള്ള പലസ്തീൻ രാജ്യത്തോടൊപ്പം, സുരക്ഷിതമായ ഇസ്രയേല്‍ എന്നതാണ് യുകെയുടെ നിലപാട്. സമാധാന പ്രക്രിയയുടെ ഭാഗമായി പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന് നേരത്തെയും പറഞ്ഞിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിനായിപ്രവർത്തിക്കേണ്ട സമയമാണിത്. ഹമാസ് എത്രയുംവേഗം ബന്ദികളെ വിട്ടയയ്ക്കണം. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കണം. ഗാസയിലെ സര്‍ക്കാരില്‍ ഒരു പങ്കും വഹിക്കില്ലെന്ന വ്യവസ്ഥ അംഗീകരിക്കണമെന്നും സ്റ്റാര്‍മെര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, 'ഹമാസിന്റെ പൈശാചികമായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനം' എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. "ഇന്ന് ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള ഒരു ജിഹാദിസ്റ്റ് രാജ്യം നാളെ ബ്രിട്ടന് ഭീഷണിയാകും. ജിഹാദിസ്റ്റ് ഭീകരരോടുള്ള പ്രീണനം എല്ലായ്പ്പോഴും പരാജയപ്പെടും. അത് നിങ്ങളെയും പരാജയപ്പെടുത്തും. അതൊരിക്കലും സംഭവിക്കില്ല" - നെതന്യാഹു സാമുഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

കഴിഞ്ഞവാരം ഫ്രാന്‍സും പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുമെന്ന നിലപാട് സ്വീകരിച്ചിരുന്നു. സെപ്റ്റംബറിലെ യുഎന്‍ പൊതുസഭയില്‍ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ചത്.

SCROLL FOR NEXT