നെതന്യാഹു പറയുന്നത് കള്ളം; ഗാസയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം, പോഷകാഹാരക്കുറവ് ഭയാനകമായ നിലയില്‍

നെതന്യാഹുവിന്റെ എല്ലാത്തരം അവകാശവാദങ്ങളെയും ഖണ്ഡിക്കുന്നതാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ രാജ്യാന്തര സംഘടനകളുടെയും, മനുഷ്യാവകാശ ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകള്‍.
Benjamin Netanyahu
ബെഞ്ചമിന്‍ നെതന്യാഹു
Published on

ഗാസയില്‍ ഒരാള്‍ പോലും പട്ടിണി അനുഭവിക്കുന്നില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ അവകാശവാദം. "യുദ്ധകാലത്തും ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നു. അല്ലായിരുന്നെങ്കില്‍, ഗാസയിലെ ജനത തന്നെ ഉണ്ടാകുമായിരുന്നില്ല" -എന്നു കൂടി നെതന്യാഹു പറയുന്നു. ഗാസയിലെ 20 ലക്ഷത്തിലധികംവരുന്ന ജനത കൊടുംപട്ടിണിയില്‍ മരണത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. നെതന്യാഹുവിന്റെ എല്ലാത്തരം അവകാശവാദങ്ങളെയും ഖണ്ഡിക്കുന്നതാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ രാജ്യാന്തര സംഘടനകളുടെയും, മനുഷ്യാവകാശ ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകള്‍.

ഭക്ഷ്യ പ്രതിസന്ധി സംബന്ധിച്ച ഏറ്റവും ആധികാരികമായ വാക്ക് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ - ഐപിസിയുടേതാണ്. വിവിധ യുഎന്‍ ഏജന്‍സികള്‍, സന്നദ്ധ-സഹായ സംഘടനകള്‍, സര്‍ക്കാരുകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് ഐപിസി. റോമിലെ യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനാണ് ഐപിസിയുടെ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. ഗാസയിലെ പട്ടിണിയെക്കുറിച്ച് ഐപിസി മാസങ്ങളോളം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭക്ഷ്യക്ഷാമത്തിന്റെ ഏറ്റവും മോശം അവസ്ഥയാണ് ഗാസയിലെന്നാണ് ഐപിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ ആകുമ്പോഴേക്കും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ഏറ്റവും ഗുരുതരമായ ഘട്ടത്തിലേക്ക് (ഫേസ് 3യോ അതിന് മുകളിലോ) ഗാസ എത്തിപ്പെടും. ഭക്ഷ്യദൗര്‍ലഭ്യം, പോഷകാഹാരക്കുറവ്, രോഗം എന്നിവ പട്ടിണി മരണം വര്‍ധിക്കാന്‍ കാരണമാകുന്നു. ഏപ്രില്‍ മുതല്‍ ജൂലൈ പകുതി വരെ 20,000ലധികം കുട്ടികളെയാണ് പോഷകാഹാരക്കുറവ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവരില്‍ 3,000ലധികം കുട്ടികളുടെ സ്ഥിതി ഗുരുതരമായിരുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണം ആശങ്കാജനകാംവിധം വര്‍ധിച്ചു. അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഐപിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസയില്‍ പോഷകാഹാരക്കുറവ് ഭയാനകമായ നിലയിലെത്തിയെന്നാണ് ലോകാരോഗ്യ സംഘടന രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 74 മരണമാണ് പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 63 മരണവും ജൂലൈയിലാണ് സംഭവിച്ചത്. 24 പേര്‍ അഞ്ച് വയസിനു താഴെയുള്ളവരാണ്. അഞ്ച് വയസിനു മുകളിലുള്ള ഒരു കുട്ടിയും 38 മുതിര്‍ന്നവരുമാണ് മരിച്ച മറ്റുള്ളവര്‍. ഇവരെല്ലാം ആശുപത്രികളിലെത്തുമ്പോള്‍ തന്നെ മരിച്ചിരുന്നു. ചിലരാകട്ടെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അധികം വൈകാതെയും മരിച്ചു. തടയാവുന്നതിനപ്പുറത്തേക്ക് പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. ഭക്ഷ്യ, ആരോഗ്യ, മാനുഷിക സഹായങ്ങള്‍ മനപൂര്‍വം തടയുന്നതും, കാലതാമസം വരുത്തുന്നതും പലരുടെയും ജീവനെടുക്കുകയാണെന്നും സംഘടന പറയുന്നു.

Benjamin Netanyahu
'20 ലക്ഷം പേര്‍ പട്ടിണിമരണത്തിന്റെ വക്കില്‍; ലോകരാജ്യങ്ങള്‍ എന്ത് പറഞ്ഞ് ന്യായീകരിക്കും?'

അഞ്ച് വയസിനു താഴെയുള്ള കുട്ടികളില്‍ അഞ്ചിലൊരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ജൂലൈയില്‍ അഞ്ച് വയസിനു താഴെയുള്ള അയ്യായിരത്തിലധികം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം ചികിത്സ തേടിയത്. അവരില്‍ 18 ശതമാനം പേരും ജീവന് ഭീഷണിയാകുന്ന Severe Acute Malnutrition (SAM) നേരിടുന്നവരായിരുന്നു. ജൂണില്‍ 6500 കുട്ടികളാണ് പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കായി ചികിത്സ തേടിയത്. 2023 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. വടക്കന്‍ ഗാസയില്‍ പോഷകാഹാരക്കുറവ് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മധ്യ ഗാസയിലെയും തെക്കന്‍ ഗാസയിലെയും സ്ഥിതിയും വിഭിന്നമല്ല. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും സമാന വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. 40 ശതമാനത്തിലധികം പേരും പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നാണ് ന്യുട്രീഷ്യന്‍ ക്ലസ്റ്റര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ കുറച്ചുകൂടി ഭയപ്പെടുത്തുന്നതാണ്. പോഷകാഹാരക്കുറവ് മൂലം ഈമാസം ഇതുവരെ 82 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. ജൂലൈ 28 തിങ്കളാഴ്ച, 24 മണിക്കൂറിനിടെ 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ഗാസയിലെ പോഷകാഹാരക്കുറവുള്ള കുട്ടികളെ പരിചരിക്കുന്ന പേഷ്യന്റ്സ് ഫ്രണ്ട്സ് ആശുപത്രിയുടെ കണക്കില്‍, പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ ഇങ്ങനെ മരിക്കുന്നത് ആദ്യമാണ്. പ്രമേഹമോ, കടുത്ത ഹൃദയ, വ്യക്ക രോഗങ്ങള്‍ മൂലമോ ആളുകള്‍ മരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് കാരണവും പട്ടിണിയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ ഗാസയിലേക്ക് സഹായങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് നെതന്യാഹുവിന്റെ വാദം. ഇതുവരെ 95,435 ട്രക്കുകള്‍ ഗാസയില്‍ എത്തിയിട്ടുണ്ടെന്ന് ജൂലൈ 21ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. അതായത്, ശരാശരി 146 ട്രക്കുകളാണ് പ്രതിദിനം ഗാസയിലേക്ക് എത്തിയത്. ആവശ്യമായതിന്റെ അഞ്ചിലൊന്ന് സഹായം മാത്രമാണ് ലഭിച്ചിരുന്നത്. പ്രതിദിനം 500-600 ട്രക്ക് സഹായം ഗാസയ്ക്ക് അനിവാര്യമാണെന്നായിരുന്നു യുഎന്‍ അറിയിച്ചത്. മാത്രമല്ല, മാര്‍ച്ചില്‍ ഭക്ഷ്യസാമഗ്രികള്‍ക്ക് ഉള്‍പ്പെടെ ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് രണ്ടര മാസത്തോളം ഒരു സഹായവും ഗാസയിലേക്ക് എത്തിയിരുന്നുമില്ല.

ഒരു രാജ്യത്തെ പ്രത്യേക പ്രദേശമോ അവിടുത്തെ മുഴുവന്‍ ജനതയോ ക്ഷാമം നേരിടുന്ന ഒരേയൊരു സ്ഥലം ഗാസയാണെന്നാണ് യുഎന്‍ ഓഫീസിലെ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് വക്താവ് ജെന്‍സ് ലാര്‍ക്ക് കഴിഞ്ഞവാരം പറഞ്ഞത്. അടിയന്തരമായി സഹായം ലഭിച്ചില്ലെങ്കില്‍, പതിനായിരത്തിലധികം കുഞ്ഞുങ്ങള്‍ കൂടി മരിച്ചുവീഴുമെന്ന് യുഎന്നിലെ ഹ്യുമാനിറ്റേറിയന്‍ ചീഫ് ടോം ഫ്ലെച്ചറും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും സാഹചര്യങ്ങള്‍ക്ക് വലിയ മാറ്റം വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

Benjamin Netanyahu
പട്ടിണി, നരനായാട്ട്; ഗാസയുടെ നിസ്സഹായത

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന യുദ്ധത്തില്‍ 59,921 പേരെങ്കിലും കൊല്ലപ്പെട്ടിടുണ്ടെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,45,233 പേര്‍ക്ക് പരിക്കേറ്റു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1,139 പേരാണ് കൊല്ലപ്പെട്ടത്. 22 മാസത്തിനിടെ കൊല്ലപ്പെട്ട 59,000ലധികം പലസ്തീനികളില്‍ 17,000ലധികം പേര്‍ കുട്ടികളാണെന്നാണ് യുണിസെഫിന്റെ റിപ്പോര്‍ട്ട്. കുട്ടികളെന്ന് പറഞ്ഞാല്‍, പിറവിയെടുത്ത് ഒന്നു കരയാനുള്ള അവസരം പോലും കിട്ടാത്തവരുമുണ്ട്. പ്രതിദിനം 28 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നും യുണിസെഫ് പറയുന്നു.

33,000ഓളം കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അവരില്‍ ഏറെപ്പേരും അംഗഭംഗം സംഭവിച്ചവരാണ്. ആരുടെയെങ്കിലും തുണയില്ലാതെ ശിഷ്ടകാലം ജീവിക്കാന്‍ കഴിയാത്തവര്‍. മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ നഷ്ടപ്പെട്ടവരും ഏറെയാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ യുണിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം 17,000 കുട്ടികളെയാണ് ആരോരുമില്ലാതെയോ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയവരോ ആയി തിരിച്ചറിഞ്ഞിട്ടുള്ളത്.

Benjamin Netanyahu
എപ്പോള്‍ വേണമെങ്കിലും അടയാം, ആയുസ്സിന്റെ പുസ്തകം; ബോംബുകളേക്കാള്‍ വിശപ്പിനെ ഭയപ്പെടുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍

പട്ടിണി മാത്രമല്ല ആളുകളെ കൊല്ലുന്നത്. ഒരു നേരത്തെ ആഹാരത്തിനായുള്ള അന്വേഷണവും കാത്തിരിപ്പുമൊക്കെ പലപ്പോഴും മരണത്തിലേക്കുള്ള വഴിയായി മാറുന്നു. ജനവാസ കെട്ടിടങ്ങള്‍, ക്യാംപുകള്‍ എന്നിവയ്ക്കൊപ്പം സഹായവിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സേന ആക്രമണം തുടരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com