യുക്രെയ്‌നുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടായിരുന്നു പുടിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, 'ഈ വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാന്‍ കരുതുന്നു,' എന്ന് പുടിന്‍ പറഞ്ഞു.
യൂറോപ്യന്മാരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡറുടെ പേരാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു പുടിന്റെ മറുപടി.
2022-ല്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിച്ചത് യൂറോപ്യന്‍ ഗവണ്‍മെന്റുകളാണെന്നും, അതിനാല്‍ ചര്‍ച്ചകള്‍ക്കായി അവര്‍ തന്നെയാണ് ആദ്യ നീക്കം നടത്തേണ്ടതെന്നും കഴിഞ്ഞ ആഴ്ച റഷ്യ വ്യക്തമാക്കിയിരുന്നു.
നാല് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിക്കുകയാണെന്ന പുടിന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. താത്കാലിക വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെയാണ് യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന ശുഭ വാര്‍ത്ത പുടിന്‍ നല്‍കിയത്.
മെയ് 9 മുതല്‍ 11 വരെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചകള്‍ സുഗമമാക്കിയതിന് യുഎസ് പ്രസിഡന്റിന് പുടിന്‍ നന്ദിയും പറഞ്ഞു.
യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി യുക്രെയ്‌ന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.