Source: Screengrab
WORLD

ഒടുവിൽ 'സമാധാനം'? റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ

ഇത് ഉചിതമായ സമാധാന പദ്ധതിയാണെന്നും ട്രംപ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ. അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

ഇതോടെ മൂന്നരവർഷമായി നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിസമാപ്തിയാവും. ഇനി ഏതാനും ചെറിയ കാര്യങ്ങളിൽ മാത്രമേ തീരുമാനമാകാനുള്ളുവെന്നും യുഎസ് ഉന്നത ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്‌തു.ഇത് ഉചിതമായ സമാധാന പദ്ധതിയാണെന്നും ഇരു ഭാഗങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ പരിഗണിച്ച് സമാധാന പദ്ധതി പുതുക്കിയതായും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്ൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സ്വിറ്റ്സർലണ്ടിൽ വച്ച് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ മുമ്പു തയ്യാറാക്കിയിരുന്ന 28 വ്യവസ്ഥകൾ അടങ്ങിയ സമാധാന പദ്ധതിയിലെ പിഴവുകൾ തിരുത്തിയതായി യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കിയും പ്രതീക്ഷ പങ്കുവെച്ചിരുന്നു. പ്രധാന വ്യവസ്ഥകളിൽ ചിലതിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും വിവരമുണ്ട്.

യുക്രയ്ൻ നാറ്റോയിൽ അംഗത്വമെടുക്കാൻ പാടില്ല, സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം, യുദ്ധത്തിൽ പിടിച്ചെടുത്ത ചില പ്രവിശ്യകൾ റഷ്യയ്ക്ക് തിരികെ നൽകണം തുടങ്ങിയവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിൽ ചിലത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് സെലൻസ്കി അമേരിക്ക സന്ദർശിക്കുമെന്നാണ് വിവരം. യുക്രെയ്ൻ കരാർ അംഗീകരിച്ചതോടെ റഷ്യയുമായി ചർച്ച നടത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പുടിനുമായും അമേരിക്കൻ സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോൾ യുക്രെയ്ൻ പ്രതിനിധികളുമായും ചർച്ച നടത്തും.

SCROLL FOR NEXT