WORLD

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും 1,400 ഓളം പേരെങ്കിലും റഷ്യന്‍ സൈന്യത്തില്‍; മുന്നറിയിപ്പുമായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രി

ചിലര്‍ക്ക് പണം വാഗ്ദാനം ചെയ്തും ചിലരെ കബളിപ്പിച്ചുമാണ് കരാറില്‍ ഒപ്പുവയ്പ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

യുക്രെയ്‌നെതിരെ യുദ്ധം ചെയ്യുന്നതിനായി 36 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 1,400 ഓളം പേരെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്‌തെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ. ഇത്തരത്തില്‍ എളുപ്പത്തില്‍ കൊല്ലുന്ന ഈ യുദ്ധത്തിലേക്ക് ആളുകള്‍ പോകുന്നതില്‍ നിന്നും രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കണമെന്നും ആന്‍ഡ്രി ആവശ്യപ്പെട്ടു.

യുദ്ധത്തിലേക്ക് ആഫ്രിക്കക്കാരെ കരാറില്‍ ഒപ്പുവയ്പ്പിച്ച് എഴുതി കൊണ്ടു വരികാണെന്നും ഈ കോണ്‍ട്രാക്ട് മരണ ശിക്ഷയ്ക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

'റഷ്യന്‍ സൈന്യത്തില്‍ വിദേശ പൗരന്മാര്‍ വരുന്നത് ദുഃഖകരമായ വിധിയാണ്. അവരില്‍ പലരും ഉടന്‍ തന്നെ കൊല്ലപ്പെടും,' സിബിഹ എക്‌സില്‍ കുറിച്ചു. ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ അധിക കാലം ജീവിക്കില്ല. ഒരു മാസത്തിനപ്പുറം അവര്‍ അതിജീവിക്കില്ലെന്നും സിബിഹ കൂട്ടിച്ചേര്‍ത്തു.

'പല പ്രക്രിയകളിലൂടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ റഷ്യ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ചിലര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നു. ചിലരെ എന്തിനാണ് കൊണ്ടു പോകുന്നതെന്ന് പറയാതെ കബളിപ്പിച്ച് കരാറില്‍ ഒപ്പുവയ്പ്പിക്കുന്നു. ഇത്തരത്തില്‍ ഒരു കരാറില്‍ ഒപ്പുവയ്ക്കുക എന്നത് മരണ ശിക്ഷ സ്വയം ഏറ്റെടുക്കുന്നതുപോലെയാണ്,' സിബിഹ പറഞ്ഞു.

നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ പൗരര്‍ യുക്രെയിനിലെ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതില്‍ മുന്നറിയിപ്പ് നല്‍കി കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

17 ദക്ഷിണാഫ്രിക്കന്‍ പൗരര്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് റഷ്യന്‍ സൈന്യത്തില്‍ പൗരര്‍ കുടുങ്ങിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണാഫ്രിക്ക പറഞ്ഞിരുന്നു. 20-39നും ഇടയില്‍ പ്രായമുള്ളവരാണ് യുക്രെയ്‌നില്‍ കുടുങ്ങിയതെന്ന് പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞിരുന്നു. കെനിയയും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT