Source: X /. REUTERS
WORLD

ഹോർമുസ് തുറക്കാൻ യുഎൻ സുരക്ഷാ കൗൺസിലിൽ പ്രമേയവുമായി ബഹ്‌റൈൻ; വീറ്റോ ചെയ്ത് റഷ്യയും ചൈനയും

" ഒരു ജനസമൂഹം ഇന്ന് രാത്രിയോട് കൂടി അവസാനിക്കും" എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്"

Author : ന്യൂസ് ഡെസ്ക്

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ഉദ്ദേശ്യത്തോടെ യുഎന്‍ സുരക്ഷാകൗണ്‍സില്‍ വീണ്ടും വോട്ടെടുപ്പിന് വച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു. 15 അംഗ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈൻ അവതരിപ്പിച്ച പ്രമേയത്തിന് 11 രാജ്യങ്ങളാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. പാകിസ്താനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇറാൻ ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണി ഉയർന്നതിന് തൊട്ടു പിറകേയാണ് പ്രമേയം വോട്ടെടുപ്പിന് വച്ചത്.

അതേ സമയം ഇറാനിൽ വ്യാപക ആക്രമണം നടത്തുകയാണ് യുഎസും ഇസ്രയേലും. ഇറാനിലെ തന്ത്രപ്രധാന ദ്വീപായ ഖാർഗിൽ വ്യോമാക്രമണം നടന്നു. രാജ്യത്തെ പാലങ്ങളും റെയിൽവെ സ്റ്റേഷനുകളും തകർത്തുവെന്നും രണ്ടു പേർ കൊല്ലപ്പെട്ടുവെന്നും ഇറാൻ അറിയിച്ചു. അതിരു കടന്നാല്‍ സംഘർഷം പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലെന്നും. ഇറാനെ ആക്രമിച്ചാൽ കടുത്ത തിരിച്ചടി നേരിടും എന്ന് ഐആർജിസി യുഎസിന് മുന്നറിയിപ്പ് നൽകി.

ഇറാനിലെ റെയില്‍വേ സംവിധാനങ്ങള്‍ ആക്രമിച്ചത് ഇസ്രയേല്‍ യുദ്ധവിമാനങ്ങളെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ വ്യക്തമാക്കി. ആക്രമിച്ചത് ഐആർജിസി ആയുധനിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളെത്തിച്ചിരുന്ന പാലങ്ങളെന്നാണ് ഇസ്രയേൽ വാദം.'ലക്ഷ്യം വെയ്ക്കുന്നത് ജനങ്ങളെയല്ല, ഭരണകൂടത്തെ' എന്നും നെതന്യാഹൂ പറഞ്ഞു.

" ഒരു ജനസമൂഹം ഇന്ന് രാത്രിയോട് കൂടി അവസാനിക്കും" എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടപ്പോൾ,രാജ്യത്തെ "47 വർഷത്തെ കൊള്ള, അഴിമതി, മരണങ്ങൾ" എന്നിവ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തതായും ട്രംപ് പറയുന്നു. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും ഭീഷണിയിൽ ട്രംപ് പറയുന്നുണ്ട്.

SCROLL FOR NEXT