WORLD

ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലമായി ഗാസ മാറി; ജനസംഖ്യയുടെ 100 ശതമാനവും ക്ഷാമം നേരിടുന്നു: ഐക്യരാഷ്ട്രസഭ

ഗാസയിലേക്ക് സഹായം എത്തിക്കുന്ന ഓപ്പേറഷനാണ് ലോകത്തിലെ എന്നല്ല അടുത്ത കാലത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തടസം നേരിട്ട ഒന്ന് എന്നും ലാർക്ക് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലമായി ഗാസ മാറിയെന്ന് ഐക്യരാഷ്ട്ര സഭ. പലസ്തീനില്‍ അതിര്‍ത്തികളിലെ ജനജീവിതം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വക്കിലാണെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.

ഒരു രാജ്യത്തെ നിര്‍വചിക്കപ്പെട്ട പ്രദേശമോ അവിടുത്തെ മുഴുവന്‍ ജനതയോ ക്ഷാമം നേരിടുന്ന ഒരേയൊരു സ്ഥലവും ഗാസയാണെന്ന് യുഎന്‍ ഓഫീസിലെ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് വക്താവ് ജെന്‍സ് ലാര്‍ക്ക് പറഞ്ഞു. അവശേഷിക്കുന്ന ജനസംഖ്യയുടെ നൂറ് ശതമാനവും ക്ഷാമത്തിനിരയാകുന്നു. ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലമാണ് ഗാസ എന്നും ലാര്‍ക്ക് പറഞ്ഞു.

ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ നേരിടുന്ന ബുദ്ധിമുട്ടുകളും ലാര്‍ക്ക് വിശദീകരിച്ചു. 900 ട്രക്കുകള്‍ മാനുഷിക സഹായമായി അയക്കാന്‍ ഇസ്രേയല്‍ സമ്മതിച്ചിരുന്നു. ഇതില്‍ 600 ട്രക്കുകള്‍ മാത്രമേ ഗാസയിലെ അതിര്‍ത്തിയില്‍ ഇറക്കിയിട്ടുള്ളുവെന്നും അതില്‍ ചെറിയൊരു സംഖ്യ മാത്രമേ വിതരണത്തിനായി കൊണ്ടു പോയിട്ടുള്ളുവെന്നും ലാര്‍ക്ക് പറഞ്ഞു. സുരക്ഷാകാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വളരെ ചെറിയ അളവില്‍ മാത്രം സഹായം വിതരണം ചെയ്യാന്‍ സാധിച്ചതെന്നും ലാര്‍ക്ക് വ്യക്തമാക്കി.

ഗാസയിലേക്ക് സഹായം എത്തിക്കുന്ന ഓപ്പേറഷനാണ് ലോകത്തിലെ എന്നല്ല അടുത്ത കാലത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തടസം നേരിട്ട ഒന്ന് എന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്തമാണെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ ടോം ഫ്ളെച്ചര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിര്‍ബന്ധിത പട്ടിണിയിലേക്ക് ഓരു രാജ്യത്തെ തള്ളിവിടുന്നത് യുദ്ധക്കുറ്റമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഗാസയില്‍ ഭക്ഷണം മരുന്ന് അടക്കുള്ള എത്തിയത് ഐക്യരാഷ്ട്രസഭയുടെ നിരന്തര സമ്മദര്‍ശം ശക്തമായതോടെയാണ്.

SCROLL FOR NEXT