ഗാസയിൽ ഇസ്രയേലുമായി ചേർന്ന് യുഎസ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ലക്ഷ്യമിടുന്നത് യുദ്ധം അവസാനിപ്പിക്കലല്ല, മറിച്ച് പട്ടിണിയും കൂട്ടക്കുരുതിയുമെന്ന് ഹമാസ്. തങ്ങളുടെ ജനതയുടെ ആവശ്യങ്ങളൊന്നും കരാർ അംഗീകരിക്കുന്നില്ലെന്നും, യുദ്ധം പൂർണമായി അവസാനിപ്പിക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ട ആവശ്യമെന്നും ഹമാസിൻ്റെ മുതിർന്ന വക്താവ് ബാസിം നയീം അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. വെടിനിർത്തൽ പദ്ധതി ലക്ഷ്യമിടുന്നത് യുദ്ധം അവസാനിപ്പിക്കലല്ല, മറിച്ച് പട്ടിണിയും കൂട്ടക്കുരുതിയുമാണെന്നും ബാസിം നയീം പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കുക, ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുക, ഹമാസ് ആവശ്യപ്പെട്ടതുപോലെ സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഇസ്രയേലിന്റെ കരാർ വ്യവസ്ഥയിൽ അടങ്ങിയിരുന്നില്ലെന്ന് ഹമാസിൻ്റെ മറ്റൊരു മുതിർന്ന വക്താവ് സമി അബു സുഹ്രി റോയിട്ടേഴ്സിനോട് പ്രതികരിച്ചു. വ്യവസ്ഥകളില്‍ അതൃപ്തിയുണ്ടെങ്കിലും കരാർ പുനഃപരിശോധിച്ചുവരികയാണെന്നും സമി അബു സുഹ്രി പറഞ്ഞു.
ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ഇസ്രയേല്‍ അംഗീകരിച്ചതായി ഇന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകള്‍. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുന്നതിനും മുന്‍ഗണനയുണ്ട്.
ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ സംബന്ധിച്ച് ഇസ്രയേല്‍ മാധ്യമ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ്താവന പുറത്തുവന്നത്. കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് ബന്ദികളുടെ കുടുംബാംഗങ്ങളോട് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായാണ് ഇസ്രയേലില്‍ നിന്നുള്ള റിപ്പോർട്ട്.
ജനുവരിയില്‍ ട്രംപ് ഭരണകൂടം അധികാരത്തിലേറുന്നതിന് തൊട്ടുമുന്‍പ് പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍ ഇക്കഴിഞ്ഞ മാർച്ചിലാണ് പരാജയപ്പെട്ടത്. മധ്യസ്ഥ ശ്രമങ്ങള്‍ ശക്തമായിരുന്നിട്ടും ഇസ്രയേലും ഹമാസും തമ്മിലെ അഭിപ്രായവ്യത്യാസങ്ങള്‍ മൂലം കരാർ പുനഃസ്ഥാപിക്കപ്പെടുന്നില്ല എന്നാണ് യുഎസ് അറിയിച്ചത്.
ഈ രണ്ടുമാസകാലയളവില്‍ ഗാസ മുനമ്പിലേക്കുള്ള സഹായം പൂർണമായി തടഞ്ഞുവെച്ച ഇസ്രയേല്‍, രണ്ട് ദശലക്ഷത്തോളം സാധാരണക്കാരെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിട്ടിരുന്നു. ഗാസ പൂർണമായി പിടിച്ചടക്കുമെന്നും ഇതിനിടെ നെതന്യാഹു പ്രഖ്യാപിച്ചു. സൈനിക നീക്കങ്ങള്‍ തുടർന്നാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് ജർമനിയും യുകെയും അടക്കമുള്ള ഇസ്രയേലിന്‍റെ സഖ്യകക്ഷികള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഇസ്രയേൽ ഗാസയിലേക്ക് സഹായ ട്രക്കുകള്‍ വീണ്ടും കടത്തിവിട്ടുതുടങ്ങിയത്.