WORLD

താത്കാലിക ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇറാനും യുഎസും; ഹോര്‍മുസ് തുറക്കും

പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് താത്കാലിക വെടിനിർത്തൽ കരാർ

Author : ന്യൂസ് ഡെസ്ക്

യുദ്ധഭീതിക്ക് താത്കാലിക ആശ്വാസം. ഇറാനെ മുഴുവന്‍ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൊലവിളിയില്‍ വിറങ്ങലിച്ച ലോകം ഇന്ന് കേട്ടത് താത്കാലിക വെടിനിര്‍ത്തല്‍ എന്ന ആശ്വാസ വാര്‍ത്തയാണ്. വെടിനിര്‍ത്തലിനെ കുറിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇറാനും യുഎസും കരാറിലെത്തിയതെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ചതായാണ് ട്രംപ് അറിയിച്ചത്. ഇതോടെ, ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്കും പാലങ്ങള്‍ക്കും നേരെ ആക്രമണം നടത്തുമെന്ന ഭീഷണിയില്‍ നിന്ന് ട്രംപ് പിന്മാറി.

രണ്ടാഴ്ച വെടിനിര്‍ത്തലിനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമാണ് തീരുമാനം. ഇറാനുമായി അന്തിമ കരാറിലെത്തുന്നതിനായി ഈ രണ്ടാഴ്ചത്തെ സമയം ഉപയോഗിക്കുമെന്നും ട്രംപ് അറിയിച്ചു.

വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും അറിയിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ തന്നെയാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്നാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്.

പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്റെ അഭ്യര്‍ത്ഥന മാനിച്ചും തങ്ങളുടെ 15 ഇന നിര്‍ദേശങ്ങളില്‍ ചര്‍ച്ച വേണമെന്ന യുഎസിന്റെ ആവശ്യം പരിഗണിച്ചും, ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്താന്‍ യുഎസ് അംഗീകരിച്ച സാഹചര്യത്തിലും താത്കാലിക വെടനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നാണ് അരാഗ്ചി വ്യക്തമാക്കിയത്. ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍, തിരിച്ചുള്ള സൈനിക നടപടി അവസാനിപ്പിക്കുമെന്നും പ്രസ്താവനയില്‍ അരാഗ്ചി അറിയിച്ചു.

എന്നാല്‍, എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചെന്നും ഇറാനുമായും മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനു വേണ്ടിയുള്ള അന്തിമ കരാറില്‍ ഏറെ ദൂരം മുന്നേറിയെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇറാനില്‍ നിന്ന് പത്ത് ആവശ്യങ്ങള്‍ ലഭിച്ചതായും ട്രംപ് സ്ഥിരീകരിച്ചു.

രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര അനുവദിക്കുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ചൈനയുടെ അവസാന നിമിഷത്തെ ഇടപെടലാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചതെന്നാണ് ന്യൂയോര്‍ക്് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ അയവ് വരുത്താനും ലഘൂകരിക്കാനും ചൈന ഇറാനോട് ആവശ്യപ്പെടുകയായിരുന്നു.

യുഎസില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇനി ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്ന പൂര്‍ണ്ണമായ ഒരു സമാധാന കരാറിന്റെ ഭാഗമായി മാത്രമേ ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കൂ എന്നായിരുന്നു ഇതിനുമുമ്പ് ഇറാന്റെ നിലപാട്. വെറും താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇറാന്‍ സന്നദ്ധമായിരുന്നില്ല. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയാണ് വെടിനിര്‍ത്തലിന് അനുമതി നല്‍കിയത്.

SCROLL FOR NEXT