ടിആർഎഫ്- പ്രതീകാത്മക ചിത്രം  
WORLD

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ടിആര്‍എഫ് ആഗോള ഭീകര സംഘടന; പ്രഖ്യാപിച്ച് യുഎസ്

വ്യാഴാഴ്ച യുഎസ് സെക്രട്ടറി മാര്‍കോ റൂബിയോ പുറത്തുവിട്ട പ്രസ്താവനയിലാണ് യുഎസ് ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ടിആര്‍എഫ് (ദ റസിസ്റ്റന്റ് ഫ്രണ്ട്)നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ലഷ്‌കര്‍ ഇ തൊയ്ബയുടെ നിഴല്‍ സംഘടനയാണ് ടിആര്‍എഫ്. ടിആര്‍എഫ് ആദ്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് തങ്ങളല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച യുഎസ് സെക്രട്ടറി മാര്‍കോ റൂബിയോ പുറത്തുവിട്ട പ്രസ്താവനയിലാണ് യുഎസ് ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

'സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ദ റസിസ്റ്റന്‍സ് ഫ്രണ്ടിനെ ഇന്ന് മുതല്‍ വിദേശ ഭീകര സംഘടനയായും സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും പ്രഖ്യാപിക്കുന്നു,'പ്രസ്താവനയില്‍ പറഞ്ഞു.

2025 ഏപ്രില്‍ 22 നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരത്തിനെത്തിയവരെ ഭീകരാവാദികള്‍ ആക്രമിച്ചത്. പങ്കാളികള്‍ക്കൊപ്പവും മക്കള്‍ക്കൊപ്പവും വന്നിരുന്ന പുരുഷന്മാരെ മാത്രം മാറ്റി നിര്‍ത്തി ആയിരുന്നു ആക്രമണം. ഒരു കശ്മീര്‍ യുവാവും 25 വിനോദ സഞ്ചാരികളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തൊട്ടു പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു. ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാകിസ്ഥാനില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. മുഴുവന്‍ പാക് പൗരന്മാരോടും രാജ്യം വിടാന്‍ ഇന്ത്യ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പിന്നാലെ പാകിസ്ഥാന്‍ സിംല കരാര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി. പാകിസ്ഥാന്‍ വ്യോമപാതയിലൂടെയുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.

മെയ് ഏഴിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കുകയും ചെയ്തു. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെ ആറിടങ്ങളിലായി സ്ഥിതി ചെയ്ത ഒന്‍പത് ഭീകര കേന്ദ്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. പാകിസ്ഥാനിലെ ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു ഇന്ത്യയുടെ ആക്രമണം.

SCROLL FOR NEXT