താരിഫ് നയത്തിനെതിരായ കോടതി ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് താത്കാലിക ആശ്വാസം. യുഎസ് ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവ് അപ്പീൽ കോടതി സ്റ്റേ ചെയ്തു. മാൻഹട്ടണിലെ അന്താരാഷ്ട്ര വ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് അപ്പീൽ കോടതി മരവിപ്പിച്ചത്. രാജ്യങ്ങൾക്കു ചുമത്തിയ അധികത്തീരുവകൾ പത്തുദിവസത്തിനകം റദ്ദാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ജൂൺ 9ന് കേസ് വീണ്ടും പരിഗണിക്കും.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കണം, അല്ലെങ്കിൽ മരവിപ്പിക്കണമെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ഏപ്രിൽ രണ്ടിന് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന തീരുവ, ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് പ്രഖ്യാപിച്ച 30 ശതമാനം ഇറക്കുമതിത്തീരുവ, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ എന്നിവ റദ്ദാക്കാനായിരുന്നു കോടതി നിർദേശം. രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡൻ്റിന് അധികാരമില്ലെന്നും ട്രംപിൻ്റെ നടപടി അധികാര ദുർവിനിയോഗം ചെയ്യുകയാണെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ വ്യാപാരകോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഉത്തരവിൽ അപ്പീൽ പോകുമെന്നും, താരിഫ് നയങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പാക്കാൻ മറ്റ് പ്രസിഡൻഷ്യൽ അധികാരങ്ങൾ ഉപയോഗിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പക്ഷം. ബിബിസി റിപ്പോർട്ട് പ്രകാരം വ്യാപാര കോടതി ഉത്തരവ് പുറത്തെത്തി മിനിറ്റുകൾക്കുള്ളിൽ ട്രംപ് ഭരണകൂടം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നു കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീൽ നൽകിയത്. തുടർന്ന് വ്യാപാര കോടതി ഉത്തരവിനെ മണിക്കൂറുകൾക്കം അസാധുവാക്കി, അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ അപ്പീൽ കോടതി ട്രംപിന് അനുമതി നൽകി.
താരിഫ് നയങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്കയിലായിരുന്നു രാജ്യങ്ങൾ കടന്നുപോയത്. അധിക താരിഫിന് പിന്നാലെ സ്വർണവിലയിലും വൻ വർധനയാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളർ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. മറ്റ് പ്രധാന കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ 2.2% മൂല്യമാണ് ഇടിഞ്ഞത്.
സാങ്കേതികവിദ്യയിൽ ഏറെ പ്രാധാന്യമുള്ള നാസ്ഡാക്ക് ഫണ്ട് 4.5% ഇടിഞ്ഞപ്പോൾ, എസ് ആൻഡ് പി 500 ഉം, ഡൗവ് യഥാക്രമം 3.4% ഉം 2.7% ഉം ഇടിഞ്ഞു. വിപണി മൂല്യത്തിൽ യുഎസിലെ ഏറ്റവും വലിയ രണ്ട് കമ്പനികളായ ആപ്പിളും എൻവിഡിയയും ഉച്ചയോടെ മൊത്തം 470 ബില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയിരുന്നു.