WORLD

അധ്യാപകന്‍, നാസയിലെ റിസര്‍ച്ച് ഫെല്ലോ; യുഎസിലെ വെടിവപ്പ് നടത്തിയ 31കാരന്റേത് 'ഹൈ പ്രൊഫൈല്‍'

ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മറ്റും പരിശോധിച്ചതിലൂടെയാണ് വിവരങ്ങള്‍ ലഭ്യമായത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അസോസിയേഷന്‍ സംഘടിപ്പിച്ച ഡിന്നറില്‍ വെടിവയ്പ്പ് നടത്തിയ കോള്‍ തോമസ് അലന്‍ മുന്‍പ് അധ്യാപകനായി പ്രവര്‍ത്തിക്കുകയും നാസയില്‍ പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഫെല്ലോഷിപ്പും ചെയ്തിരുന്നയാളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. മോളികുലാര്‍ കെമിസ്ട്രിയുമായി ബന്ധപ്പെട്ട് വീഡിയോ ഗെയിമും നിര്‍മിച്ചിരുന്നു. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മറ്റും പരിശോധിച്ചതിലൂടെയാണ് വിവരങ്ങള്‍ ലഭ്യമായത്. അലന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇയാള്‍ ഒരു ഷൂട്ടര്‍ ഗെയിമിന്റെ പണിപ്പുരയിലായിരുന്നുവെന്നും പറയുന്നുണ്ട്.

കോളേജ് പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന കൗണ്‍സിലിങ്ങും പരീക്ഷാ തയ്യാറെടുപ്പ് സേവനങ്ങളും നല്‍കുന്ന സി2 എജുക്കേഷന്‍ എന്ന കമ്പനിയില്‍ ആറ് വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് ഇയാള്‍. കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കുന്ന വിവരം അനുസരിച്ച് 2024ല്‍ ഇയാളെ കമ്പനിയുടെ മികച്ച 'ടീച്ചര്‍ ഓഫ് ദ മന്ത്' ആയി തെരഞ്ഞെടുത്തിരുന്നു.

ഐജെകെ കണ്‍ട്രോള്‍സില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയിരുന്നു. കാള്‍ട്ടെക്കില്‍ ടീച്ചിംഗ് അസിസ്റ്റന്റ് ആയിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ അനുസരിച്ച് വ്യക്തമാകുന്നു. 2014ല്‍ അലന്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ അവധിക്കാല യുജി റിസര്‍ച്ച് ഫെല്ലോഷിപ്പില്‍ പങ്കെടുത്തിരുന്നു.

ഫസ്റ്റ് ലോ, ബോഹ്ര്‍ഡോം തുടങ്ങിയ പുതുതായി വികസിപ്പിച്ച ഗെയിമുകളുടെ പണിപ്പുരയിലും അലന്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഫെഡറല്‍ ക്യാംപയിന്‍ ഫൈനാന്‍സ് റെക്കോര്‍ഡ് പ്രകാരം 2024ലെ കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 25 ഡോളര്‍ സംഭാവനയായും നല്‍കിയിട്ടുണ്ട്.

വൈറ്റ് ഹൗസിന് സമീപം ഹോട്ടല്‍ ബാള്‍റൂമിലുള്ള ഹില്‍ട്ടണ്‍ ഹാളില്‍ വച്ച് നടന്ന 'കറസ്‌പോണ്ടന്റ്‌സ് ഡിന്നര്‍' പരിപാടിക്കിടെയാണ് പ്രതി തോക്കുമായെത്തി വെടവപ്പ് നടത്തുന്നത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി. അക്രമിയുടെ ചിത്രവും ഐഡന്റിറ്റിയും ട്രംപ് തന്നെ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. പരിപാടി നടന്ന സ്ഥലത്തിന് 50 യാര്‍ഡ് അകലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലൂടെ അതിവേഗം ഓടിക്കയറുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം വ്യക്തമല്ല.

SCROLL FOR NEXT