പശ്ചിമേഷ്യയെ യുദ്ധ മുനമ്പിലാക്കി ഇറാനിൽ യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം തുടരുകയാണ്. തലസ്ഥാനമായ ടെഹ്റാനിൽ അടക്കം അഞ്ച് നഗരങ്ങളിൽ ഉഗ്രസ്ഫോടനങ്ങൾ നടന്നു. തൊട്ടുപിന്നാലെ ഇസ്രയേലിലേക്ക് മിസൈലുകളയച്ച് ഇറാൻ പ്രത്യാക്രമണവും നടത്തി. തെക്കൻ ഇറാനിലെ മിനാബ് മേഖലയിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 85 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാന് മേലുള്ള ആക്രമണം നിർത്തിയാൽ ചർച്ചക്ക് തയ്യാറാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു. തരിച്ചടിച്ച ഇറാൻ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.
സെൻട്രൽ ഇസ്രയേലിൽ ആക്രമണം നടന്നതായി സ്ഥിരീകരണമുണ്ട്. മിസൈലുകൾ പതിച്ചിട്ടുണ്ടെന്നും ആൾനാശം ഉണ്ടായിട്ടില്ലെന്നും ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം ഇറാൻ യുദ്ധം പശ്ചിമേഷ്യയിലാകെ ഭീതിവിതയ്ക്കുകയാണ്. ബഹ്റൈൻ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും മിസൈൽ ആക്രമണം നടന്നു. ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. [ ഖത്തറിൽ പൊതുപരിപാടികൾക്ക് വിലക്ക് പ്രഖ്യാപിച്ചു. കുവൈറ്റിൽ റമദാൻ പ്രാർഥന റദ്ദാക്കി. അടുത്ത അറിയുപ്പുണ്ടാകുന്നത് വരെ പള്ളികളിൽ റമദാൻ പ്രാർത്ഥന ഉണ്ടാകില്ല. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന സ്ഫോടനങ്ങളിൽ ലോകരാഷ്ട്രങ്ങൾ ആശങ്കയറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരും.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊട്ടാരം പൂർണമായി തകർത്തെന്നും ഖമനയി കൊല്ലപ്പെട്ടെന്നും ഉൾപ്പെടെയുള്ള അവകാശ വാദങ്ങൾ ഇസ്രയേൽ ഉയർത്തുന്നുണ്ട്. ഇറാൻ പ്രതിരോധമന്ത്രി അമീർ നാസിർ സദേ, പ്രതിരോധ കൗൺസിൽ സെക്രട്ടറി അലി ഷംഖാനി, ഐആർജിസി കമാൻഡർ മുഹമ്മദ് പക്പർ, എന്നിവർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പരമോന്നത നേതാവ് സുരക്ഷിതനെന്ന് ഇറാൻ പ്രതികരിച്ചു. ടെഹ്റാൻ വിമാനത്താവളവും ആയുധസംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണം.
ആക്രമണം രൂക്ഷമായിരിക്കെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ഇറാനിലെ ആക്രമണത്തിന് ശേഷമുള്ള മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളും സൈനിക നീക്കങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വൈറ്റ്ഹൗസും അറിയിച്ചിട്ടുണ്ട്. അതിനിടെ നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചും മുന്നറിയിപ്പു നൽകിയും ലോകരാഷ്ട്രങ്ങൾ പ്രതികരിച്ചു.
നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടയിൽ നടത്തുന്ന ആക്രമണം അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഈ യുദ്ധത്തിൽ യുഎസ് ഇടപെടരുതെന്ന് ഒമാൻ പറഞ്ഞു. അതേസമയം ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. യുഎഇ, ബഹ്റൈന്, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെഇറാന്റെ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിക്കുന്നത് തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിമാറുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.
അതിനിടെ ഇറാന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസ്സെന്റ് അറിയിച്ചു. ഇറാനിൽ നിന്നും പുറത്തേക്കുള്ള അനധികൃത പണത്തിന്റെ ഒഴുക്ക് തടയുമെന്നും ആ പണം ഇറാൻ ജനതയ്ക്ക് നൽകുമെന്നുമായിരുന്നു സ്കോട്ടിന്റെ പ്രസ്താവന. ലോകത്തെ രണ്ട് വലിയ ശക്തികളായ ചൈനയും റഷ്യയും ഇറാനെ പിന്തുണക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങൾ രംഗത്തെത്തി.
യുദ്ധം കണക്കിലെടുത്ത് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൗരന്മാർക്ക് അറേബ്യൻ രാജ്യങ്ങളിലേക്ക് യാത്രാ മുന്നറിയിപ്പ് നൽകി. പല വ്യോമപാതകളും ഇതിനോടകം അടച്ചുകഴിഞ്ഞു. ആക്രമണസാധ്യത കണക്കിലെടുത്ത് ഹോർമുസ് കടലിടുക്ക് അടച്ചു. യുഎസ് ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ മീഡിയ റിപ്പോർട്ട് ചെയ്തു. 747 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ 24 പ്രവിശ്യകളിലാണ് ആക്രമണം നടന്നത്. അതേ സമയം ഇറാൻ ആക്രമണത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേടുപാടുകൾ സംഭവിച്ചതായും വാർത്തകൾ പുറത്തുവന്നു. ഇറാന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് വെനസ്വേല പ്രതികരിച്ചു. ലോക സമാധാനത്തിനായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇറാൻ യുഎന്നിന് കത്തയച്ചു.