WORLD

ഹാർവാഡ് ഗ്രാന്റ് പുനഃസ്ഥാപിച്ചു; ഫണ്ട് മരവിപ്പിച്ച ട്രംപിൻ്റെ നടപടി റദ്ദാക്കി യുഎസ് കോടതി

ഭരണഘടന അനുശാസിക്കുന്ന അക്കാദമിക് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും ജഡ്ജി അലിസൺ ബറോസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഹാർവാഡ് സർവകലാശാലയ്ക്ക് നൽകേണ്ട രണ്ട് ബില്ല്യൺ ഡോളറിൻ്റെ ഗ്രാന്റ് മരവിപ്പിച്ച യുഎസ് പ്രസിഡനറ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസ് ജില്ലാജഡ്ജി മരവിപ്പിച്ചു. ഭരണകൂടത്തിനിഷ്ടപ്പെടാത്ത ഗവേഷണങ്ങൾ നടത്തിയാൽ ഗ്രാന്‍റ് തടയുന്ന നടപടി സർവകലാശാലയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് ജഡ്ജി അലിസൺ ബറോസ് പറഞ്ഞു.

ജൂതവിരുദ്ധത, തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ, വംശീയ പക്ഷപാതം എന്നിവ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഏപ്രിലിലാണ് ട്രംപ്, സർവകലാശാല ഗ്രാന്റ് തടഞ്ഞു വച്ചത്. എന്നാൽ ഭരണഘടന അനുശാസിക്കുന്ന അക്കാദമിക് സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും ചില ഗവേഷണങ്ങൾ ഭരണകൂടത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാകില്ലെന്നും ജില്ലാ ജഡ്ജി അലിസൺ ബറോസ് പറഞ്ഞു.

അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മുൻ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച ജഡ്ജിയെ ആക്ടിവിസ്റ്റ് എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ആ ജഡ്ജിയിൽ നിന്നും അനുകൂലമായി വിധി ലഭിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

ഹാർവാഡ് സർവകലാശാലയ്ക്കെതിരെയുള്ള ട്രംപിന്റെ ശ്രമങ്ങളെ ജഡ്ജി ബറോസ് മുമ്പും തടഞ്ഞിട്ടുണ്ട്. സ്വകാര്യ സർവ്വകലാശാലകൾക്ക് എന്ത് പഠിപ്പിക്കാം, ആരെ പ്രവേശിപ്പിക്കാം, നിയമിക്കാം, ഏതൊക്കെ പഠന, അന്വേഷണ മേഖലകൾ പിന്തുടരാം എന്ന് ഒരു സർക്കാരും നിർദേശിക്കരുതെന്ന് ഹാർവാഡ് സർവകലാശാല പ്രസിഡന്റ് പ്രതികരിച്ചു. ഏപ്രിലിൽ ഫണ്ട് മരവിപ്പിച്ചതോടെയാണ് യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തത്.

SCROLL FOR NEXT