ലിസ്ബൺ: പോർച്ചുഗലിലെ ലിസ്ബണിൽ ഫ്യൂണിക്കുലാർ ട്രെയിനപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പോർച്ചുഗലിന്റെ അടിയന്തര മെഡിക്കൽ സർവീസ് അതോറിറ്റി അറിയിച്ചു. ഒരു കുട്ടി ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകുന്നേരം 6:05 ഓടെ അവെനിഡ ഡ ലിബർഡേഡിന് സമീപമാണ് അപകടം ഉണ്ടായത്. 42 പേർക്ക് സഞ്ചരിക്കാവുന്ന ഫ്യൂണിക്കുലാർ ട്രെയിനാണ് അപകടത്തിൽപെട്ടത്. കുത്തനെയുള്ള ചരിവുകളിലൂടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനാണ് ഫ്യൂണിക്കുലാർ. എന്നാൽ അപകടകാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
മരിച്ചവരിൽ വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പരിക്കറ്റവർ ആശുപത്രികളിൽ തുടരുകയാണ്. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ പ്രസ്താവനയിൽ പറഞ്ഞു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിനാണ് ഫ്യൂണിക്കുലാർ. 1885ൽ ആരംഭിച്ച ട്രെയിൻ സർവീസിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഒരു തരം കേബിൾ റെയിൽവേ സംവിധാനമാണ് ഫ്യൂണിക്കുലാർ ട്രെയിൻ സർവീസ്.