Donald Trump Israel Prime Minister Remark 
WORLD

"യുഎസ്സിലെ ജനങ്ങള്‍ക്ക് എന്നെ മടുത്താല്‍ നേരെ ഇസ്രയേലിലേക്ക് പോകും, അവിടുത്തെ പ്രധാനമന്ത്രിയാകും"

ഇസ്രയേലിൽ 99% ജനപ്രീതി! അമേരിക്കക്കാർക്ക് മടുത്താൽ അവിടെ പ്രധാനമന്ത്രിയാകുമെന്ന് ട്രംപ്

Author : ന്യൂസ് ഡെസ്ക്

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഫല സൂചനകളില്‍ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. നോര്‍ത്ത് കരോലീനയിലും സൗത്ത് കരോലീനയിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അട്ടിമറി വിജയം നേടി. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍.

ഇതിനിടയില്‍ ട്രംപിന്റെ മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുകയാണ്. യുഎസ്സിലെ ജനങ്ങള്‍ക്ക് തന്നെ മതിയായെങ്കില്‍ നേരെ ഇസ്രയേലിലേക്ക് പോയി അവിടുത്തെ പ്രധാനമന്ത്രിയാകുമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഇസ്രയേലില്‍ തനിക്ക് വന്‍ ജനപ്രീതിയാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇസ്രായേലില്‍ തന്റെ ജനപ്രീതി 99 ശതമാനമാണ്. യുഎസ്സിലെ ജനങ്ങള്‍ക്ക് തന്നെ മടുക്കുകയാണെങ്കില്‍, ഇസ്രായേലിലേക്ക് പോയി അവിടത്തെ പ്രധാനമന്ത്രിയാകും എന്നായിരുന്നു തമാശ കലര്‍ന്ന ട്രംപിന്റെ പരാമര്‍ശം. എന്തായാലും തമാശ ഇപ്പോള്‍ കാര്യമാകുന്ന മട്ടാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ഇതേ അഭിമുഖത്തിലാണ്, ഇസ്രയേലിന് ഇനിയും സാമ്പത്തിക സഹായം നല്‍കില്ലെന്നും ട്രംപ് പറഞ്ഞത്. ഈ വര്‍ഷത്തോടെ ഇസ്രയേലിനുള്ള 4 ബില്യണ്‍ സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും സാമ്പത്തിക സഹായത്തിന്റെ പേരില്‍ കുറച്ച് ഡെമോക്രാറ്റുകളും ഇടത് നേതാക്കളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ചാണ് തീരുമാനത്തിലെത്തിയതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT