വാഷിങ്ടൺ സിറ്റി: റഷ്യൻ എണ്ണ ഇറക്കുമതി ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ്. ഇന്ത്യക്കും ചൈനയ്ക്കും അടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്താനിരുന്ന അധിക തീരുവക്ക് ഇളവ് പ്രഖ്യാപിച്ചു. നൂറ് ശതമാനം വരെ തീരുവ ചുമത്താനിരുന്ന നിയമത്തിലെ വ്യവസ്ഥകളും തൽകാലം മരവിപ്പിച്ചു. യുഎസും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നടപടി.
കഴിഞ്ഞ മാസം ഒപ്പുവച്ച ബില്ല് പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം മുമ്പാണ് ട്രംപിൻ്റെ നിർണായക തീരുമാനം. ഇതൂകൂടാതെ റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട നിരവധി ഉപരോധങ്ങളും തീരുവകളും ഒഴിവാക്കിയിട്ടുണ്ട്. ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഉപരോധം താൽക്കാലികമായി നിർത്തിവച്ചതെന്ന് ട്രംപ് അറിയിച്ചു.
റഷ്യയുമായി ബന്ധപ്പെട്ട താരിഫുകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. പിന്നീട് എപ്പോഴെങ്കിലും ട്രംപ് തീരുമാനിച്ചാൽ അവ മറ്റ് രാജ്യങ്ങൾക്ക് ബാധകമാകുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന അഞ്ച് രാജ്യങ്ങളായ ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ ഗ്രഹാം ആക്ടിലെ വ്യവസ്ഥകൾ ട്രംപിന് അധികാരം നൽകിയിരുന്നു. കൂടാതെ റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതിക്ക് 500 ശതമാനം തീരുവ ചുമത്താനും ട്രംപിന് സാധിക്കുമായിരുന്നു.