

വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാര് അടക്കം ലക്ഷക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ. ഒരേസമയം പുറത്തിറക്കിയ ഈ രണ്ട് പുതിയ ചട്ടങ്ങളിൽ ആദ്യത്തേത് വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഇളവുകൾ പൂർണ്ണമായും നിർത്തലാക്കുന്നതാണ്. മുൻപ് നിലവിലിരുന്ന നിയമപ്രകാരം ഒരാൾ തന്റെ വർക്ക് പെർമിറ്റിന്റെ കാലാവധി തീരുന്നതിന് മുൻപ് തന്നെ അത് പുതുക്കാനായി അപേക്ഷ നൽകിയാൽ, ഇമിഗ്രേഷൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം കാരണം പുതിയ കാർഡ് ലഭിക്കാൻ വൈകിയാലും 540 ദിവസം വരെ ആ വ്യക്തിക്ക് നിയമപരമായി ജോലിയിൽ തുടരാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവോടെ ഈ ഇളവ് പൂർണ്ണമായി റദ്ദാക്കപ്പെട്ടു. നിലവിലുള്ള വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാൽ, പുതിയ കൈയ്യിൽ കിട്ടുന്നതുവരെ അപേക്ഷകൻ നിർബന്ധമായും ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. കഴിഞ്ഞ ഒക്ടോബറിൽ താൽക്കാലികമായി കൊണ്ടുവന്ന ഈ കടുത്ത നിരോധനമാണ് ട്രംപ് ഭരണകൂടം ഇപ്പോൾ സ്ഥിരമാക്കി മാറ്റിയിരിക്കുന്നത്.
യുഎസിലെ എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികളായ ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളെയാണ് ഈ തീരുമാനം ഏറ്റവും രൂക്ഷമായി ബാധിക്കുക. എച്ച്-4 വിസയിലുള്ള ഭൂരിഭാഗം ഇന്ത്യൻ പങ്കാളികളും യുഎസിലെ ഐടി, ആരോഗ്യ, ധനകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത് ഇത്തരം ഇഎഡി വർക്ക് പെർമിറ്റുകൾ വഴിയാണ്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ ഭാഗത്തുനിന്ന് സ്വഭാവികമായി ഉണ്ടാകുന്ന മാസങ്ങളുടെ കാലതാമസം കാരണം മാത്രം കൃത്യസമയത്ത് അപേക്ഷ നൽകിയ നിരപരാധികളായ പ്രൊഫഷണലുകൾക്ക് പോലും ജോലി നഷ്ടപ്പെടാനും കുടുംബ വരുമാനം നിലയ്ക്കാനും ഇത് ഇടയാക്കും.
ഈ കടുത്ത നിയന്ത്രണം അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്കും വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തൊഴിലാളികളുടെ നിർബന്ധിത കൊഴിഞ്ഞുപോക്കും ഉൽപ്പാദന നഷ്ടവും മൂലം അടുത്ത 18 മാസത്തിനുള്ളിൽ അമേരിക്കൻ കമ്പനികൾക്ക് ഏകദേശം 3,750 കോടി രൂപയും, ഫെഡറൽ പേറോൾ നികുതിയിനത്തിൽ സർക്കാരിന് 14.5 മില്യൺ ഡോളറിന്റെയും നഷ്ടമുണ്ടാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഔദ്യോഗിക പഠനം തന്നെ സമ്മതിക്കുന്നുണ്ട്. ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നൽകുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ അനധികൃതമായി വരുമാനമുണ്ടാക്കാൻ ഇത് ദുരുപയോഗം ചെയ്തേക്കാമെന്നുമാണ് ഇതിനെതിരെ ട്രംപ് സര്ക്കാര് ഉന്നയിക്കുന്ന ന്യായം.
2025 ജൂണിൽ കൊളറാഡോയിലെ ബൗൾഡറിൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിച്ച ഒരു വിദേശ പൗരൻ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ നയമാറ്റത്തെ ന്യായീകരിക്കുന്നത്. എന്നാൽ ഒറ്റപ്പെട്ട ഒരു കുറ്റകൃത്യത്തിന്റെ പേരിൽ വർഷങ്ങളായി രാജ്യത്ത് നിയമാനുസൃതമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം തകർക്കുന്നത് തികച്ചും അനീതിയാണെന്ന വിമർശനം ഇതിനകം ശക്തമായിട്ടുണ്ട്.
തിന് തൊട്ടുപിന്നാലെയാണ് എച്ച്-1ബി ഉൾപ്പെടെയുള്ള വർക്ക് വിസകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന 'ഡെഫറൻസ്'നയം റദ്ദാക്കാനുള്ള നിർദ്ദേശം ട്രംപ് ഭരണകൂടം ഔദ്യോഗികമായി മുന്നോട്ടുവെച്ചത്. ഒരേ കമ്പനിയിൽ തന്നെ ജോലി തുടരുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ മൂന്ന് വർഷത്തിന് ശേഷം എച്ച്-1ബി വിസ നീട്ടാൻ അപേക്ഷിക്കുമ്പോൾ, മുൻപ് നൽകിയ വിസ അനുമതിയെ മാനിച്ച് അധിക രേഖകളോ സങ്കീർണ്ണമായ പുനഃപരിശോധനകളോ ഇല്ലാതെ വളരെ വേഗത്തിൽ എക്സ്റ്റൻഷൻ അനുവദിക്കുന്നതായിരുന്നു മുൻപുണ്ടായിരുന്ന സുതാര്യമായ രീതി.
എന്നാൽ ഈ ആനുകൂല്യം പൂർണ്ണമായും അവസാനിപ്പിച്ച്, ഓരോ തവണയും ഒരു വ്യക്തി ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നത് പോലെ തുടക്കം മുതൽ കർശനമായ പരിശോധനകൾ നടത്താനാണ് പുതിയ നിർദ്ദേശം. പ്രതിവർഷം യുഎസിൽ നടക്കുന്ന രണ്ട് ലക്ഷത്തോളം വിസ പുതുക്കൽ അപേക്ഷകളെയാണ് ഈ നീക്കം നേരിട്ട് ബാധിക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ ഐടി വിദഗ്ദ്ധരുടേതാണ്. ഈ പരിഷ്കാരം നടപ്പിലാകുന്നതോടെ വിസ അപേക്ഷകൾ നിരസിക്കപ്പെടാനുള്ള സാധ്യതയും, കമ്പനികളിൽ നിന്ന് അധിക വിശദീകരണങ്ങളും രേഖകളും ആവശ്യപ്പെടുന്നതും, ഫയലുകൾ തീർപ്പാക്കാനുള്ള കാത്തിരിപ്പ് സമയവും വൻതോതിൽ വർദ്ധിക്കുമെന്ന് ആഗോള ഇമിഗ്രേഷൻ സേവന സ്ഥാപനമായ ഫ്രാഗോമെൻ വ്യക്തമാക്കുന്നു. മുൻപ് ക്രമക്കേടുകളിലൂടെ വിസ സ്വന്തമാക്കിയ ആളുകൾ എളുപ്പത്തിൽ അത് പുതുക്കുന്നത് തടയാനും വിസ തട്ടിപ്പുകൾ ഇല്ലാതാക്കാനുമാണ് ഈ നടപടിയെന്ന് സർക്കാർ വാദിക്കുമ്പോഴും അമേരിക്കയിലെ ഇന്ത്യൻ ടെക് സമൂഹത്തിന് വലിയ സാമ്പത്തിക അരക്ഷിതാവസ്ഥയും കടുത്ത ആശങ്കയുമാണ് ഈ ഇരട്ട നടപടികൾ സമ്മാനിക്കുന്നത്.