ബെയ്ജിങ്: രണ്ട് ദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് യുഎസിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള രണ്ട് ഘട്ട ചർച്ചകൾ പൂർത്തിയാക്കിയാണ് ട്രംപ് മടങ്ങിയത്. കൂടിക്കാഴ്ച വലിയ വിജയമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 'ചരിത്രപരവും നാഴികക്കല്ലും' എന്നാണ് ഷീ ജിൻപിങ് ട്രംപിന്‍റെ സന്ദർശനത്തെ വിശേഷിപ്പിച്ചത്. അതേസമയം ഉഭയകക്ഷി സമ്മേളനത്തിൽ കാര്യമായ ഡീലുകളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ വൈകാതെ ചൈന സന്ദർശിക്കും.
മെയ് 13 നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സംഘവും ബെയ്ജിങ്ങിലെത്തിയത്.മെയ് പതിനാലിന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങും ട്രംപും തമ്മിലുള്ള ഉഭയകക്ഷി ചർച്ച നടന്നു. ചർച്ച രണ്ട് മണിക്കൂർ നീണ്ടു. ശേഷം ടെമ്പിൾ ഓഫ് ഹെവൻ സന്ദർശനവും ഔദ്യോഗിക വിരുന്നും നടന്നു. സന്ദർശനത്തിന്‍റെ അവസാനദിനമായ പതിനഞ്ചിന് ഷീയടക്കം ചൈനയുടെ സമുന്നത നേതൃത്വത്തിന്‍റെ വാസസ്ഥലങ്ങളും ജോലി സ്ഥലവും അടക്കം ഉൾപ്പെടുന്ന അതീവരഹസ്യ സ്വഭാവമുള്ള സ്ഥലങ്ങളിലടക്കം ട്രംപിനെ ഷീ ജിൻ പിങ് ഒപ്പം കൂട്ടി. ജൊങ്നൻഹായിൽ രണ്ടാം വട്ട ഉഭയകക്ഷി ചർച്ചകൾ നടന്നു.
രണ്ടാംദിനം, ഉച്ചഭക്ഷണത്തിന് ശേഷം ട്രംപും സംഘവും യു.എസിലേക്ക് തിരിച്ചു. ഉഭയകക്ഷി ചർച്ചകളെ വലിയ വിജയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചരിത്രപരവും നാഴികക്കല്ലുമായ സന്ദർശനമെന്നായിരുന്നു ഷീ ജിൻ പിങ്ങിന്‍റെ പ്രതികരണം. അതേസമയം ചർച്ചയിൽ കാര്യമായ ധാരണകളൊന്നും ഇരുരാജ്യങ്ങളും തമ്മിൽ പ്രഖ്യാപിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമായി. ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ മേധാവികളടക്കം ട്രംപിനൊപ്പം സന്ദർശനത്തിലുണ്ടായിരുന്നിട്ടും ഡീലുകളൊന്നും പ്രഖ്യാപിക്കപ്പെടാതിരുന്നത് പ്രത്യേകതയായി. വ്യാപാരം, ഇറാൻ, തായ്‌വാൻ തുടങ്ങിയവയായിരുന്നു യുഎസ്-ചൈന ഉച്ചകോടിയിലെ സുപ്രധാന വിഷയങ്ങൾ.
ചൈനയുമായി വലിയ വ്യാപാര ധാരണകളുണ്ടായെന്ന് ട്രംപ് പറഞ്ഞു.ചൈന 200 ബോയിങ് വാങ്ങുമെന്ന് ട്രംപ് പറഞ്ഞു. കാർഷികോൽപ്പന്നങ്ങളടക്കം ചൈന വാങ്ങുമെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ചൈനയിൽ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനിൽ നിന്നുള്ള പടക്കോപ്പുകൾ വാങ്ങില്ലെന്നും ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിന് ഷീ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചെന്നും ട്രംപ് പറഞ്ഞു. യുഎസിൽ നിന്ന് എണ്ണ വാങ്ങുന്നതിനും ഹോർമുസിലെ സൈനികവത്കരണം അവസാനിപ്പിക്കുന്നതിലും ചൈന താത്പര്യം പ്രകടിപ്പിച്ചെന്നു ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കരുതെന്നതിൽ ഇരുപക്ഷവും യോജിപ്പിലെത്തി.