കേളികൊട്ട്: ഉട്ടോപ്യ ആണ്. കണ്ണില്‍ കാണാത്തതും, ലോകത്ത് നടക്കാത്തതുമൊക്കെ പറഞ്ഞെന്നു വരും. എന്തേലും എവിടേലും സാദൃശ്യം തോന്നിയിട്ട്, കല്ലെടുത്ത് എറിയാന്‍ വരരുത്. കാരണം, ഇതൊക്കെ തികച്ചും സാങ്കല്‍പ്പികമാണ്. എന്റെ വാക്കാണേ സത്യം.
ലോക പൊലീസിന്റെ തൊപ്പിയണിഞ്ഞ മൈ പ്രണ്ടിനെക്കുറിച്ച് പറയാമെന്ന് കരുതി. പറയാന്‍ എന്താ കാരണമെന്നോ? അതിനാണോ പഞ്ഞം. ആ ട്രൂത്ത് സോഷ്യല്‍ താളുകളൊന്ന് സ്ക്രോള്‍ ചെയ്താല്‍ ഞെട്ടിപ്പോകും. എന്തോരം കഴിവുകളാണ് നമ്മുടെ ട്രംപേട്ടന്. ലോകമായ ലോകമെങ്ങും നടന്ന് യുദ്ധം അവസാനിപ്പിക്കുന്നു... സമാധാനം വാരിവിതറുന്നു. യുദ്ധം അവസാനിപ്പിക്കുന്നു... സമാധാനം വാരിവിതറുന്നു... യുദ്ധം... സമാധാനം... അങ്ങനെ ഏഴെട്ടെണ്ണത്തിന്റെ കാര്യം തീരുമാനമാക്കിയിട്ടുണ്ടെന്ന് ട്രംപേട്ടന്‍ ആണയിടുന്നു. ശരിക്കുമൊരു നൊബേല്‍ സമാധാന പുരസ്കാരത്തിന് അര്‍ഹന്‍. പക്ഷേ, ലോകം അംഗീകരിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇതൊന്നും കാണാന്‍ കണ്ണുമില്ല. അതുകൊണ്ടെന്ത് ചെയ്തു; തന്നെത്താന്‍ അഭിമാനം തോന്നിയിട്ട് സമാധാനത്തിന്റെ പ്രസിഡന്റ് എന്ന് സ്വയം വിളിച്ച് കോള്‍മയിര്‍ കൊണ്ടു.
ഭരണത്തിലേറി 24 മണിക്കൂറിനുള്ളില്‍ യുദ്ധങ്ങള്‍ എല്ലാം അവസാനിപ്പിക്കുമെന്നായിരുന്നു ശപഥം. എന്നിട്ട് എല്ലാം അവസാനിപ്പിച്ചോ എന്ന് ചോദിക്കരുത്. നമ്മുടെ 24 മണിക്കൂര്‍ പോലെയല്ലെ ട്രംപേട്ടന്റെ 24 മണിക്കൂര്‍. രജനികാന്ത് പറയുംപോലെ, നാന്‍ ഒരു തടവ് സൊന്നാ... നൂറ് തടവ് സൊന്ന മാതിരി എന്ന മാതിരിയാണ് ട്രംപിന്റെയും വാക്കുകള്‍. എന്തായാലും, എട്ട് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. അതിന്റെ ലിസ്റ്റ് ട്രംപ് സത്യം മാത്രം വെളിപ്പെടുത്താന്‍ ഉപയോഗിക്കുന്ന ട്രൂത്ത് സോഷ്യലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു മാസം പണിയെടുത്തിട്ടാണ് ഒരു യുദ്ധമൊക്കെ അവസാനിപ്പിക്കുന്നത്.
ട്രംപേട്ടന്‍ പങ്കുവച്ച പട്ടിക ഇങ്ങനെയാണ്: കംബോഡിയ -തായ്‌ലന്‍ഡ്, കൊസോവോ-സെര്‍ബിയ, ഡിആര്‍സി (കോംഗോ)-റുവാണ്ട, പാകിസ്ഥാന്‍-ഇന്ത്യ, ഇസ്രയേല്‍ - ഇറാന്‍, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍, ഇസ്രയേല്‍ -ഹമാസ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ കാര്യത്തിലും ഏതാണ്ടൊക്കെ തീരുമാനമായിട്ടുണ്ട്. അതും കൂടി ഉള്‍പ്പെടുന്ന പുതിയ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വെനസ്വേലയിലും സമാധാന സ്ഥാപനത്തിനുള്ള അവസാന ഇഷ്ടികയും ചാന്തും കൈയിലേന്തി നില്‍ക്കുകയാണ് ട്രംപേട്ടന്‍.
നാം ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ, അത് നടത്തി തരാൻ ലോകം മുഴുവൻ ഗൂഢാലോചന നടത്തുമെന്ന് പൗലോ കൊയ്‌ലോ പറഞ്ഞിട്ടുണ്ട്. ഇനി ആ ലോകം കൂടെ നിന്നില്ലെങ്കിലോ? അത് പൗലോ പറഞ്ഞിട്ടില്ല. പക്ഷേ, ട്രംപേട്ടന് അറിയാം.
ഇത്രയൊക്കെ ചെയ്തിട്ടും ഒരാളും ഒരു നല്ലത് പറയുന്നില്ല. 'ഇപ്പോഴും അരി പ്രാഞ്ചി എന്നാ വിളി' എന്ന നമ്മുടെ പ്രാഞ്ചിയേട്ടന്റെ സങ്കടം തന്നെയാണ് ട്രംപേട്ടനും. പാകിസ്ഥാനെയും ഇന്ത്യയെയും തീരുവ ഭീഷണിയിലൂടെ ഗുണദോഷിച്ച് ആണവയുദ്ധം തന്നെയാണ് ഒഴിവാക്കിയെന്ന് ഫോക്സ് ന്യൂസിലെ പാണന്മാര്‍ എത്രവട്ടം പാടി. എന്നിട്ട് മൈ പ്രണ്ട് അത് അംഗീകരിച്ചോ? ഇന്ത്യയും ചൈനയും ഫ്രണ്ടായില്ലേ. പ്രധാനമന്ത്രി മോദിക്കും സംഘത്തിനും വരെ കമ്യൂണിസ്റ്റ് ചൈന ചങ്കിലെ ചൈനയായില്ലേ? ഇതിനൊക്കെ ആരാ കാരണം... ട്രംപേട്ടന്‍. കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ ഇന്ത്യക്കുള്ള താരിഫ് ഒറ്റ കൂട്ടലായിരുന്നു. പിന്നാലെ മോദി ചൈനയിലെത്തി. വേറെ ഏതെങ്കിലും നേതാക്കളെക്കൊണ്ട് ഇക്കാലത്തിനിടെ ഇതു വല്ലതും നടന്നായിരുന്നോ. ആഗോള സമാധാന സ്ഥാപനത്തിലെ 'മാസ്റ്റര്‍ സ്ട്രോക്ക്' എന്നോ 'സ്ട്രാറ്റെജിക്ക് അറ്റാക്ക്' എന്നോ പറയാവുന്ന നീക്കം. ഇതൊന്നും ഇന്ത്യയിലെ പ്രണ്ട് പോലും മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെങ്ങനെ മറ്റു പ്രണ്ടുക്കള്‍ അംഗീകരിക്കും? കാതുള്ളവര്‍ കേള്‍ക്കട്ടെ...
ആര് അംഗീകരിച്ചില്ലെങ്കിലും ട്രംപേട്ടനൊരു നൊബേലിനായി വൈറ്റ് ഹൗസ് ശുപാര്‍ശക്കത്ത് തയ്യാറാക്കി. പ്രണ്ടിന്റെ ദുശ്മന്‍ നമ്മുടെ പ്രണ്ട് എന്നായതിനാല്‍ പാകിസ്ഥാന്റെ പിന്തുണയും ട്രംപിന് ഉണ്ടായിരുന്നു. പക്ഷേ, നൊബേല്‍ പുരസ്കാര സമിതി കൊലച്ചതി ചെയ്തു. പുരസ്കാരം പ്രണ്ടിന്റെ മറ്റൊരു പ്രണ്ടായ വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊരീന മച്ചാഡോയ്ക്ക് കൊടുത്തു. മച്ചാത്തിയായ മച്ചാഡോ പുകഴ്ത്തിയെങ്കിലും, ട്രംപേട്ടന്റെ ഉള്ളിലെ തീ കെട്ടില്ല. യെമനിലും ഇറാനിലും മിസൈല്‍ പായിച്ചാണ് ആ സങ്കടം ഒരുവിധം കടിച്ചമര്‍ത്തിയത്. ഫിഫ മാത്രമാണ് ആ മനസിന്റെ നൊമ്പരം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കൊടുത്തു, ഒരു സമാധാനം പുരസ്കാരം. ലോകസമാധാനത്തിനുള്ള സംഭാവനകള്‍ പരിഗണിച്ച് ട്രംപേട്ടന് ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം (അതിപ്പോ എവിടെന്ന് വന്നുവെന്നാണോ? പുരസ്കാരം എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാമല്ലോ.. അടുത്ത ലോകകപ്പ് നടക്കണ്ടെ മിസ്റ്റര്‍...).
എന്നിട്ടും ഒന്നും ശരിയായില്ല. യുഎസില്‍ ജനിച്ചുപോയതുകൊണ്ടാണോ നൊബേലിന് പരിഗണിക്കാതിരുന്നത് എന്നൊരു തോന്നല്‍. പിന്നൊട്ടും വൈകിയില്ല, വെനസ്വേലയെ കുട്ടിച്ചോറാക്കി അവിടത്തെ ആക്ടിങ് പ്രസിഡന്റ് ആയി. ഇനി ആര് എന്ത് പറയുമെന്ന് അറിയാമല്ലോ. ഇത്രയും ആയപ്പോള്‍ മച്ചാത്തി മച്ചാഡോയുടെ ഹൃദയം അലിഞ്ഞു. തനിക്ക് കിട്ടിയ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മച്ചാത്തി ട്രംപേട്ടന് കൊടുത്തു. ആഹാ... എത്ര മനോഹരമായ കാഴ്ച. ഒടുവിലത് സംഭവിച്ചു. നാം ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ, അത് നടത്തി തരാൻ ലോകം മുഴുവൻ ഗൂഢാലോചന നടത്തുമെന്ന് പൗലോ കൊയ്‌ലോ പറഞ്ഞിട്ടുണ്ട്. ഇനി ആ ലോകം കൂടെ നിന്നില്ലെങ്കിലോ? അത് പൗലോ പറഞ്ഞിട്ടില്ല. പക്ഷേ, ട്രംപേട്ടന് അറിയാം. താരിഫ് ഭീഷണി, ഉപരോധം, മിസൈല്‍ ബോംബ്... ഭരണകൂട അട്ടിമറി... ഇങ്ങനെ ലോക സമാധാനത്തിനായി അഹോരാത്രം പണിയെടുക്കുന്ന ആരുണ്ടിവിടെ? നൊബേല്‍ പുരസ്കാരം കൈമാറാന്‍ പാടില്ലെന്ന ചട്ടമൊക്കെ പറയുന്ന കമ്മിറ്റിക്കാരോട് ആരെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞുകൊടുക്ക്...