ഗാസയില്‍ പട്ടിണിയെന്ന് സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്  Source: ANI
WORLD

"ഗാസ പട്ടിണിയിലാണ്, അവിടുത്തെ കുട്ടികളെ കണ്ടാലറിയാം"; തുറന്നു സമ്മതിച്ച് ട്രംപ്

ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടുവെച്ച ഐക്യരാഷ്ട്രസഭാ സമ്മേളനം യുഎസും ഇസ്രയേലും ബഹിഷ്കരിച്ചു

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍ ഡിസി: ഗാസ പട്ടിണിയിലെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ കൂടുതല്‍ ഭക്ഷ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും, മറ്റുരാജ്യങ്ങളുമായി സഹകരിച്ച് മാനുഷിക സഹായം ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ഗാസയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിർത്തല്‍ കൂടുതല്‍ സഹായങ്ങള്‍ക്ക് വാതില്‍തുറക്കവെയാണ് ട്രംപിന്‍റെ പ്രതികരണം. അതേസമയം, ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടുവെച്ച ഐക്യരാഷ്ട്രസഭാ സമ്മേളനം യുഎസും ഇസ്രയേലും ബഹിഷ്കരിച്ചു.

സ്കോട്ട്ലന്‍ഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഗാസയിലെ ഭക്ഷ്യക്ഷാമത്തില്‍ ട്രംപ് പ്രതികരണം നടത്തിയത്. ഗാസ പട്ടിണിയിലാണെന്നും, ആ യാഥാർഥ്യം അവിടുത്തെ കുട്ടികളെ കണ്ടാലറിയാം എന്നുമായിരുന്നു പ്രസ്താവന. ഗാസയില്‍ കൂടുതല്‍ ഭക്ഷണമെത്തിക്കാന്‍ ഇസ്രയേലിന് പലതും ചെയ്യാമെന്നും, സാഹചര്യം കൈകാര്യം ചെയ്യാന്‍ മറ്റേതെങ്കിലും മാർഗം സ്വീകരിക്കണമെന്ന് ഇസ്രയേലിനോട് നിർദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ പട്ടിണി കല്ലുവെച്ച നുണയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയായിരുന്നു പ്രതികരണം.

അതേസമയം, ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം ചർച്ചചെയ്യാന്‍ ചേർന്ന യുഎന്‍ സമ്മേളനം ഇസ്രയേലും യുഎസും ബഹിഷ്കരിച്ചു. വെടിനിർത്തലിനും സമാധാനത്തിനും വഴങ്ങാത്ത ഹമാസിനുള്ള സമ്മാനം എന്നാണ് വിട്ടുനില്‍ക്കലിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വിശേഷിപ്പിച്ചത്. ഫ്രാന്‍സും സൗദിയും ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍, ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിലും, ദീർഘകാലപ്രശ്നപരിഹാരത്തിനും യുഎസ് ഇടപെടല്‍ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദ് പറഞ്ഞു. ട്രംപിനെ പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു സൗദിയുടെ പ്രസ്താവന.

ഇതിനിടെ ഗാസയില്‍ വ്യോമമാർഗം സഹായമെത്തിക്കുമെന്ന് ജർമ്മന്‍ ചാന്‍സലർ ഫ്രെഡറിക് മെർസ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച 10 മണിക്കൂർ താല്‍ക്കാലിക വെടിനിർത്തലിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നീ മൂന്ന് പ്രധാനകേന്ദ്രങ്ങളില്‍ നടപ്പിലാകുന്ന വെടിനിർത്തലിനിടെ യുഎഇ, ജോർദാന്‍, ഈജിപ്ത് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ വ്യോമ മാർഗം എത്തിച്ചുവരികയാണ്. ഗാസ സിറ്റിയില്‍ സഹായത്തിനായി കൂട്ടം ചേർന്നവർക്കിടയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ വഹിച്ച പെട്ടികള്‍ വീണ് പത്ത് പേർക്ക് പരിക്കേല്‍ക്കുന്ന സാഹചര്യവും ഇതിനിടെയുണ്ടായി.

ഗാസാ മുനമ്പിന്‍റെ മറ്റുഭാഗങ്ങളില്‍ ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ ഇടവേളകളില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച ഖാന്‍ യൂനുസില്‍ സഹായം കാത്തുനിന്നവർക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

SCROLL FOR NEXT