'20 ലക്ഷം പേര്‍ പട്ടിണിമരണത്തിന്റെ വക്കില്‍; ലോകരാജ്യങ്ങള്‍ എന്ത് പറഞ്ഞ് ന്യായീകരിക്കും?'

ഇത് മനുഷ്യനിർമിതമായ പ്രതിസന്ധിയാണ്. ജീവൻ രക്ഷിക്കാൻ കഴിയുന്ന മനുഷ്യനിർമിത പരിഹാരങ്ങള്‍ ഇന്നുണ്ട്.
Gaza on the Brink of Famine
കൊടുംപട്ടിണിയില്‍ ഗാസയിലെ ജനത
Published on

കൊടുംപട്ടിണി മൂലം ഗാസയിലെ ജനത മരണവക്കിലെത്തി നില്‍ക്കുമ്പോള്‍, ലോകരാജ്യങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് അന്താരാഷ്ട്ര സന്നദ്ധ-സഹായ സംഘമായ വേൾഡ് സെൻട്രൽ കിച്ചൺ സ്ഥാപകനും ഷെഫുമായ ജോസ് ആൻഡ്രെസ്. നല്ല മനസാക്ഷി ഉള്ള ജനങ്ങള്‍ ഗാസയിലെ പട്ടിണി അവസാനിപ്പിക്കണം. കൊടും പട്ടിണിയുടെ വക്കില്‍ 20 ലക്ഷത്തോളം ആളുകള്‍ നരകിക്കുന്നത് നോക്കിനില്‍ക്കുന്നതിന്, ലോകത്തിന് പറയാന്‍ ന്യായീകരണങ്ങളൊന്നും ഇല്ല. ഗാസയിലേക്ക് ഇപ്പോൾ വേണ്ടത്ര വേഗത്തിൽ ഭക്ഷണം എത്തുന്നില്ല. പട്ടിണി കിടന്ന് മരിക്കുന്ന ചെറിയ കുട്ടികളുടെ എണ്ണം അതിവേഗം വർധിക്കുകയാണെന്നും ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ജോസ് ആൻഡ്രെസ് പറയുന്നു.

ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അമ്മമാരുടെ കൈകളില്‍ മരണത്തോട് മല്ലടിച്ചുകിടക്കുന്ന, എല്ലും തോലും മാത്രമായ കുട്ടികളുടെ ചിത്രങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചു. രാജ്യാന്തര സഹായങ്ങളും, വിമാനങ്ങള്‍ വഴിയുള്ള ഭക്ഷണവിതരണവും, ലോകത്തിലെ ജനപ്രിയരായ കലാകാരന്മാരുടെ ആക്ടിവിസവും ഉണര്‍ന്നു. വാര്‍ത്താ മാധ്യമങ്ങള്‍ക്കും, ലൈവ് എയ്‌ഡ് പോലുള്ള സംഘടനകള്‍ക്കും നന്ദി, എത്യോപ്യയിലെ പട്ടിണിയെ ശ്രദ്ധിക്കാതിരിക്കാന്‍ നമുക്ക് ആകുമായിരുന്നില്ല.

ഒരു തലമുറയ്ക്കിപ്പുറം, നല്ല മനസാക്ഷി ഉള്ള ജനങ്ങള്‍ ഗാസയിലെ പട്ടിണി അവസാനിപ്പിക്കണം. കൊടും പട്ടിണിയുടെ വക്കില്‍ 20 ലക്ഷത്തോളം ആളുകള്‍ നരകിക്കുന്നത് നോക്കിനില്‍ക്കുന്നതിന്, ലോകത്തിന് പറയാന്‍ ന്യായീകരണങ്ങളൊന്നും ഇല്ല.

ഇത് വരൾച്ചയോ വിളനാശമോ മൂലമുണ്ടാകുന്ന പ്രകൃതിദുരന്തമല്ല. ഇത് മനുഷ്യനിർമിത പ്രതിസന്ധിയാണ്. ജീവൻ രക്ഷിക്കാൻ കഴിയുന്ന മനുഷ്യനിർമിത പരിഹാരങ്ങളും ഇന്നുണ്ട്. ഗാസയിലെ പട്ടിണി ദുരന്തത്തിന് പരിപൂര്‍ണ കാരണക്കാര്‍ എറെസ് അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള യുദ്ധവീരന്മാരാണ്: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തവരും, അതിനുശേഷം 21 മാസത്തിലേറെയായി പതിനായിരക്കണക്കിന് പലസ്തീൻ സിവിലിയന്മാരെ കൊന്നൊടുക്കിയവരും.

ആരാണ് കൂടുതൽ കുറ്റം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയിരിക്കാനോ, ഭക്ഷണ ട്രക്കുകള്‍ ആരാണ് പിടിച്ചെടുത്തത് എന്നതിനെക്കുറിച്ച് വാദിക്കാനോ ഞങ്ങൾക്ക് സമയമില്ല. വിശക്കുന്ന മനുഷ്യന് ഇന്ന് ഭക്ഷണം ആവശ്യമാണ്, നാളെയല്ല.

ഗാസയിലെ സാധാരണക്കാരുടെ അതിജീവനത്തിന്, അധിനിവേശ സേന എന്ന നിലയിൽ ഇസ്രയേലികൾ ഉത്തരവാദികളാണ്. ചില ആളുകൾക്ക് ഇത് അന്യായമായി തോന്നിയേക്കാം, പക്ഷേ അതാണ് അന്താരാഷ്ട്ര നിയമം. ആ ലക്ഷ്യത്തോടെ, ഇസ്രയേല്‍ പിന്തുണയുള്ള സഹായ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഏതാനും കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് ഒരു പുതിയ പദ്ധതി നടപ്പാക്കി. അത് പട്ടിണിയിലായ ആളുകളെ കിലോമീറ്ററുകളോളം നടക്കാൻ നിർബന്ധിതരാക്കി, ജീവന്‍ പണയപ്പെടുത്തി പോലും. പദ്ധതിയുടെ തുടക്ക സമയത്ത്, ഇത് അപകടകരവും ഫലപ്രദമല്ലാത്തതുമാകുമെന്ന് അന്താരാഷ്ട്ര സഹായ സംഘങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ദുഃഖകരം, ആ മുന്നറിയിപ്പുകൾ സത്യമാണെന്ന് തെളിഞ്ഞു.

Gaza on the Brink of Famine
എപ്പോള്‍ വേണമെങ്കിലും അടയാം, ആയുസ്സിന്റെ പുസ്തകം; ബോംബുകളേക്കാള്‍ വിശപ്പിനെ ഭയപ്പെടുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍

വീണ്ടും തുടങ്ങാന്‍ സമയമായിരിക്കുന്നു.

ഗാസയിലേക്ക് ഇപ്പോൾ വേണ്ടത്ര വേഗത്തിൽ ഭക്ഷണം എത്തുന്നില്ല. ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തവരാണെന്ന്, അമേരിക്കൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ നയിക്കുന്ന വേൾഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞവാരം പറഞ്ഞു. പട്ടിണി കിടന്ന് മരിക്കുന്ന ചെറിയ കുട്ടികളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്.

ഞാൻ സ്ഥാപിച്ച അന്താരാഷ്ട്ര സഹായ ഗ്രൂപ്പായ വേൾഡ് സെൻട്രൽ കിച്ചൺ, ഗാസയിലെ ഞങ്ങളുടെ പങ്കാളികളുമായി ചേർന്ന് ഒരു ദിവസം പതിനായിരക്കണക്കിനു പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നുണ്ട്. അവശ്യസാധനങ്ങളുടെ അഭാവം മൂലമുണ്ടായ അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം, കഴിഞ്ഞയാഴ്ച മുതല്‍ ഭക്ഷണം പാകം ചെയ്യുന്നത് പരിമിതമായി പുനരാരംഭിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഭക്ഷ്യസാമഗ്രികളുടെ അഭാവം കാരണം പാചകം നിർത്താൻ ഞങ്ങൾ നിർബന്ധിതരായത്. ഞങ്ങളുടെ ടീമുകൾ പ്രതിബദ്ധതയുള്ളവരും സ്ഥിരതയുള്ളവരുമാണ്, പക്ഷേ പാചക പ്രവര്‍ത്തനങ്ങള്‍ നിലനിർത്തി പോകാനുള്ള ഞങ്ങളുടെ പ്രതിദിന ശേഷി അനിശ്ചിതത്വത്തിലാണ്.

യുദ്ധം തുടങ്ങിയതു മുതൽ, വലിയ ഫീൽഡ് കിച്ചണുകളിലൂടെയും ചെറിയ കമ്മ്യൂണിറ്റി കിച്ചണുകളുടെ ശൃംഖലയിലൂടെയും ഗാസയിലുടനീളം 133 മില്യണ്‍ ഭക്ഷണപ്പൊതികൾ ഞങ്ങൾ തയ്യാറാക്കി വിതരണം ചെയ്തു. കഴിഞ്ഞ മാസം, ഇറാനിൽ നിന്നുള്ള കടുത്ത മിസൈല്‍ ആക്രമണത്തിനു പിന്നാലെ, ഇസ്രയേല്‍ പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍നിന്നും ചിതറപ്പെട്ട ഇസ്രയേലി കുടുംബങ്ങൾക്കും ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ഞങ്ങൾ എത്തിച്ചു.

ഗാസയിലെ ഭക്ഷണം ഹമാസ് മോഷ്ടിക്കുന്നതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. പലസ്തീനികളെ ഊട്ടാന്‍ 'സാധ്യമായതെല്ലാം' ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു.

ഇവയാണ് നമ്മൾ നേരിട്ടറിഞ്ഞ യാഥാർഥ്യം.

മാർച്ചിൽ തുടക്കമിട്ട മാനുഷിക സഹായ വിതരണത്തിന് ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ്, ഞങ്ങളുടെ വാഹനവ്യൂഹങ്ങൾക്കുനേരെ വളരെ കുറച്ച് അക്രമമോ കൊള്ളയോ മാത്രമേ നേരിട്ടിട്ടുള്ളൂ. ഉപരോധം നീക്കിയതിനുശേഷം, വ്യാപകമായ കൊള്ളയും അരാജകത്വവുംകൊണ്ട് സ്ഥിതി ക്രമേണ വഷളായി. ഗാസയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ കൊള്ളയടിക്കപ്പെടാതെ നമ്മുടെ അടുക്കളകളിലേക്കോ മറ്റ് സഹായ സംഘങ്ങളുടെ അടുക്കളകളിലേക്കോ സുരക്ഷിതമായി എത്തുന്നത് ഇപ്പോൾ അപൂർവമാണ്. ഡ്രൈവർമാരെയും അടുക്കളയിലെ തൊഴിലാളികളെയും അജ്ഞാതരായ സായുധ സംഘങ്ങൾ പലപ്പോഴും ആക്രമിക്കാറുമുണ്ട്.

ഹമാസിന്റെ ശേഷിപ്പുകൾക്കുമേൽ സമ്മർദം ചെലുത്തുമെന്ന് കരുതിയ ഉപരോധം തോക്കുധാരികളെയും ഗുണ്ടാസംഘങ്ങളെയും ശക്തിപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂ. അത് ഗാസയിൽ കൊടിയ ദാരിദ്ര്യത്തിനും സാമുഹിക തകർച്ചയ്ക്കും കാരണമായി.

ആളുകൾക്ക് ഭക്ഷണം നൽകുന്ന രീതിയിൽ മാറ്റം വരുത്തുക, വിതരണം സുരക്ഷിതമാക്കുക, വേഗം വര്‍ധിപ്പിക്കുക എന്നിവയാണ് ഞങ്ങളുടെ നിർദേശം.

ഒന്നാമതായി, ഗാസയിൽ പ്രവർത്തിക്കുന്ന എല്ലാ സഹായ സംഘങ്ങൾക്കും പ്രവേശിക്കാവുന്ന മാനുഷിക ഇടനാഴികൾ അടിയന്തരമായി തുറക്കണം. അങ്ങനെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ സുരക്ഷിതമായും വലിയ തോതിലും എത്തിച്ചേരും.

രണ്ടാമതായി, ചൂടുള്ള ഭക്ഷണം ഉണ്ടാക്കുന്നത് ഗണ്യമായി വർധിപ്പിക്കണം. മൊത്തമായുള്ള ഭക്ഷ്യസാമഗ്രികളെ അപേക്ഷിച്ച്, ചൂടുള്ള ഭക്ഷണത്തിന് സംഘടിത ഗ്യാങ്ങുകള്‍ക്കിടെ വില്‍പ്പനമൂല്യം കുറവാണ്.

മൂന്നാമതായി, ആളുകൾ എവിടെയാണോ അവിടെ ഭക്ഷണം നൽകണം. എപ്പോഴും അക്രമം ഉണ്ടാകുന്ന വിതരണ കേന്ദ്രങ്ങളിലേക്ക് അവര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനു പകരം, അവർ വസിക്കുന്നയിടത്ത് നാം ഭക്ഷണം എത്തിക്കണം.

Gaza on the Brink of Famine
ഗാസയിലേക്ക് സഹായമെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് ഇസ്രയേൽ; പട്ടിണി മൂലം ഇന്ന് മരിച്ചത് ആറ് പലസ്തീനികൾ

നാലാമതായി, പതിനായിരക്കണക്കിന് അല്ല, പ്രതിദിനം പത്ത് ലക്ഷം ഭക്ഷണപ്പൊതികൾ തയ്യാറാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സുരക്ഷിത മേഖലകളിൽ അഞ്ച് വലിയ പാചക സൗകര്യങ്ങൾ ഇതിന് ആവശ്യമായി വരുമെന്ന് ഞങ്ങൾ കണക്കാക്കുന്നു. അവിടെ അക്രമ വെല്ലുവിളികളില്ലാതെ, മൊത്തമായി ഭക്ഷ്യ സാമഗ്രികള്‍ എത്തിക്കാനും തയ്യാറാക്കാനും വിതരണം ചെയ്യാനും കഴിയും. ഗാസയിലും പരിസരങ്ങളിലുമുള്ള ചെറിയ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഈ വലിയ അടുക്കളകൾ ഭക്ഷണം വിതരണം ചെയ്യും. ഇത് കമ്മ്യൂണിറ്റികളെ അവശ്യ പങ്കാളികളെന്നോണം ശക്തിപ്പെടുത്തും.

ഈ നിര്‍ദേശങ്ങളുടെ സാധ്യത ഭക്ഷ്യ സാമഗ്രികള്‍, അടുക്കള ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അത് മാത്രം പോരാ. ഗാസയിൽ പ്രവർത്തിക്കുന്ന എല്ലാ സഹായ സംഘങ്ങള്‍ക്കും അവരുടേതായ രീതിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

നിരവധി ഇസ്രയേലികൾ ഇപ്പോഴും ദുഃഖത്തിലാണെന്നും, സ്വന്തം കാര്യങ്ങള്‍ക്കാണ് അവര്‍ ആദ്യം ശ്രദ്ധ കൊടുക്കുന്നതെന്നും ഞാൻ മനസ്സിലാക്കുന്നു. ദുരിതമനുഭവിക്കുന്നവരുടെ നീണ്ട പട്ടികയിൽ, ആക്രമണങ്ങളെ അതിജീവിച്ച ബന്ദികൾ, ട്രോമയിലായ കുടുംബങ്ങൾ, പരിക്കേറ്റ സൈനികർ എന്നിവരുമുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, തങ്ങളുടെ ദേശീയ താൽപ്പര്യമായി കാണുന്ന കാര്യങ്ങള്‍ ധൈര്യത്തോടെ പിന്തുടരാൻ ഇസ്രയേലിന് സാധിക്കുന്നതായി നാം കണ്ടു. പട്ടിണി കിടക്കുന്ന പലസ്തീനികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള വെല്ലുവിളികളുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.

ജറുസലേമിലെ രണ്ട് പുണ്യദേവാലയങ്ങളുടെ നാശം അനുസ്മരിക്കുന്ന തിഷ ബാവ് എന്ന ജൂത ഉപവാസത്തോട് നാം അടുക്കുകയാണ്. ഇത് കഷ്ടപ്പാടുകളുടെയും ഓർമകളുടെയും വിശുദ്ധ ദിനമാണ്.

ഉപവാസം മാത്രം പോരാ എന്ന് യെശയ്യാവിന്റെ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു. വിശക്കുന്നവർക്ക് നമ്മുടെ അപ്പം പങ്കുവെക്കുകയും നഗ്നർക്ക് നമ്മുടെ വസ്ത്രങ്ങൾ നൽകുകയും ചെയ്യുന്നതാണ് യഥാർഥ ഉപവാസം. "വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ, നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും" എന്ന് അത് പറയുന്നു. ഇരുട്ടിനെ പ്രകാശിപ്പിക്കണമെങ്കിൽ, വിശക്കുന്നവനിലേക്ക് നമ്മുടെ മനസ് ഉയര്‍ത്തണം. നമ്മൾ ഇപ്പോൾ അത് ചെയ്യണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com