ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരിച്ചെന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡിങ് ഹാഷ്ടാഗ്. 80,000-ത്തിന് മുകളില്‍ പോസ്റ്റുകളാണ് 'ട്രംപ് ഈ ഡെഡ്' എന്ന ഹാഷ്ടാഗില്‍ എക്‌സില്‍ വന്നത്.
ഒടുവില്‍ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്രൂത്ത് പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 'ജീവിതത്തില്‍ ഇതുവരെ ഇത്രയും നന്നായി ഇരുന്നിട്ടില്ല' എന്നായിരുന്നു ട്രൂത്ത് പോസ്റ്റിലൂടെ ട്രംപ് പറഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രംപിനെ പൊതുപരിപാടികളിലൊന്നും കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് ആരോഗ്യനില വഷളായെന്നും മരിച്ചെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തകള്‍ക്കെതിരെ അമേരിക്കന്‍ വലതുപക്ഷ നിരീക്ഷകനായ ഡിസി ഡ്രെയിനോ ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു.
സോഷ്യല്‍മീഡിയയുടെ പരിഹാസ്യമായ ഇരട്ടത്താപ്പെന്നാണ് വ്യാജ പ്രചരണങ്ങളോട് ഡ്രെയിനോ പ്രതികരിച്ചത്. ജോ ബൈഡന്‍ പലതവണ പൊതു ഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു, അന്നൊക്കെ മാധ്യമങ്ങള്‍ അദ്ദേഹത്തെ കരുത്തനും കഴിവുള്ളവനുമായി വിശേഷിപ്പിച്ചു. എന്നാല്‍, ആ സമയത്തൊക്കെ ബൈഡന്റെ ആരോഗ്യനില മോശമായിരുന്നുവെന്നും ഡ്രെയിനോ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
അമേരിക്കന്‍ ചരിത്രത്തിലെ മറ്റൊരു നേതാവിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നയാളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്നും എന്നിട്ടും ഒരു ദിവസം അദ്ദേഹത്തെ കാണാതാകുമ്പോള്‍ മാധ്യമങ്ങള്‍ ബഹളമുണ്ടാക്കുകയാണെന്നും ഡ്രെയിനോ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം വരുന്നത്. അമേരിക്കന്‍ അനിമേറ്റഡ് സീരിസായ ദി സിംപ്സണ്‍സിന്റെ സൃഷ്ടാവായ മാറ്റ് ഗ്രോണിംഗ് ഡൊണാള്‍ഡ് ട്രംപിന്റെ മരണശേഷം മാത്രമേ ഷോ അവസാനിക്കൂ എന്ന് പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കി. 2025 ഓഗസ്റ്റില്‍ ട്രംപ് മരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് പുറത്തുവന്ന വീഡിയോയും ട്രെന്‍ഡിങ് ആയിരുന്നു.