വിചിത്ര പരാമർശങ്ങൾ കൊണ്ടും, നടപടികൾ കൊണ്ടും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. എന്നാൽ ഇന്ന് എക്സിൽ ട്രംപ് എന്ന് സേർച്ച് ചെയ്താൽ, കാണുക മറ്റൊന്നാണ്. 'ട്രംപ് ഈസ് ഡെഡ്'- ഈ വാചകമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ട്രെൻ്റിങ്. 80,000-ത്തിന് മുകളിൽ പോസ്റ്റുകളാണ് ഈ വിഷയത്തിൽ എക്സിൽ കാണാൻ കഴിയുക.
79കാരനായ ട്രംപിൻ്റെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ജൂലൈയിൽ ട്രംപിൻ്റെ കൈയിൽ ചതവും കണങ്കാലിൽ വീക്കവും കണ്ടതിനുശേഷം, മാസങ്ങളായി പ്രസിഡൻ്റിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഡൊണാൾഡ് ട്രംപിനെ പൊതുപരിപാടികളിലൊന്നും കാണാത്തതും പല അഭ്യൂഹങ്ങൾക്കും കാരണമായിട്ടുണ്ട്.
അമേരിക്കൻ അനിമേറ്റഡ് സീരിസായ ദി സിംപ്‌സൺസിൻ്റെ സൃഷ്ടാവായ മാറ്റ് ഗ്രോണിംഗ് ഡൊണാൾഡ് ട്രംപിന്റെ മരണശേഷം മാത്രമേ ഈ ഷോ അവസാനിക്കൂ എന്ന് പറഞ്ഞതും സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കി. 2025 ഓഗസ്റ്റില്‍ ട്രംപ് മരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് പുറത്തുവന്ന വീഡിയോയും അഭ്യൂഹങ്ങക്ഷ ശക്തമാക്കുന്നു.
എന്തെങ്കിലും ദുരന്തം സംഭവിക്കുകയാണെങ്കിൽ, ചുമതലയേറ്റെടുക്കാന്‍ താൻ തയ്യാറാണെന്ന വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ പ്രസ്താവന കൂടിയെത്തിയതോടെ കാര്യങ്ങൾ കൈവിട്ട സ്ഥിതിയായി.
ട്രോളുകളായും മീമുകളായും സോഷ്യൽ മീഡിയയിൽ നിറയുകയാണ് ഇപ്പോൾ ട്രംപ്. ട്രംപ് ആരോഗ്യവാനാണ്, എന്നാൽ ഒരു അതിദാരുണ ദുരന്തമുണ്ടാകുന്നപക്ഷം ചുമതലയേറ്റെടുക്കാന്‍ താൻ തയ്യാറാണ്- ഇതായിരുന്നു യുഎസ്എ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വാന്‍സിന്റെ പ്രതികരണം.
യുഎസ് ചരിത്രത്തിൽ പ്രസിഡൻ്റ് സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ട്രംപ്. അതേസമയം ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ് 41കാരനായ ജെ.ഡി. വാൻസ്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമത് മത്സരിച്ച വേളയില്‍ രണ്ട് വധശ്രമങ്ങളെ ട്രംപ് അതിജീവിച്ചിരുന്നു. 2023-ല്‍ ട്രംപ് മരിച്ചതായി എക്‌സില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു സന്ദേശം പ്രത്യക്ഷപ്പെട്ടത്.