Source: Social Media
WORLD

ഇറാനിൽ വധശിക്ഷകൾ നിർത്തിവെച്ചതായി ട്രംപ്; യുഎസ് സൈനിക നടപടി ഉണ്ടായേക്കുമെന്നും സൂചന

ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നത് ഇറാനിയൻ ഭരണകൂടം നിർത്തിയെന്ന് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പ്രതിഷേധങ്ങളിൽ അറസ്റ്റിലായവർക്കെതിരായ വധശിക്ഷയും നിർത്തിയെന്ന് ട്രംപ് പറഞ്ഞു. അറസ്റ്റിലായ പ്രക്ഷോഭകൻ എർഫാൻ സൊൽതാനിയുടെ വധശിക്ഷ ഇറാൻ മാറ്റിവെച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഇറാനെതിരെ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഇറാനിലെ യുഎസ് സൈനിക നടപടിയുടെ സാധ്യത ഏറെയാണെന്ന് സൂചിപ്പിക്കുന്ന നീക്കങ്ങളാണ് പശ്ചിമേഷ്യയാകെ ഇന്നലെ രാത്രി മുതൽ നടക്കുന്നത്. ഇറാനിലെ നടപടി സംബന്ധിച്ച് സുദീർഘമായ ചർച്ചയാണ് തന്‍റെ ഉപദേശകരുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയത്. ഇറാന്റെ ആണവ സംവിധാനങ്ങളെയോ മിസൈൽ സംവിധാനങ്ങളെയോ ആക്രമിക്കുന്നതടക്കം നിരവധി സാധ്യതകളാണ് ട്രംപിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ രഹസ്യാന്വേഷണ, സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബറാക്രമണവും പരിഗണിക്കപ്പെടുന്നുണ്ട്.

ഇന്നലെ ഖത്തറിലെ അൽ-ഉദെയ്ദിലെ വ്യോമതാവളത്തിൽ നിന്ന് അവശ്യസേവനങ്ങളിൽ അല്ലാത്ത ജീവനക്കാരെ യുഎസ് പിൻവലിച്ചിരുന്നു. പിന്നാലെ യുകെയും അൽ -ഉദെയ്ദിൽ നിന്ന് നോൺ എസെൻഷ്യൽ ജീവനക്കാരെ പിൻവലിച്ചു. ഇരു രാജ്യങ്ങളും ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു.

ഇറാനെതിരെ സൈനിക നടപടി ഉണ്ടായാൽ സൗദി, ഖത്തർ അടക്കം സമീപരാജ്യങ്ങളിലെ യുഎസ് സംവിധാനങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമമേഖലയിലോ, ഭൂപ്രദേശത്തോ ഇടമൊരുക്കില്ലെന്ന് സൗദി അറേബ്യ ഇറാനെ അറിയിച്ചിട്ടുണ്ട്. അതേസമയം ഇറാനിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നത് ഭരണകൂടം അവസാനിപ്പിച്ചെന്ന് ട്രംപ് ബുധനാഴ്ച വാഷിങ്ടണിൽ മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ പ്രതിഷേധക്കാരുടെ വധശിക്ഷയുമായി ഇറാനിയൻ ഭരണകൂടം മുന്നോട്ടുപോവില്ല എന്നും യുഎസിന് വിവരം ലഭിച്ചതായും ട്രംപ് പറഞ്ഞു. ഇന്ന് നിരവധി വധശിക്ഷകൾ നടക്കേണ്ടതായിരുന്നു. അതൊന്നും നടപ്പിലാകില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് ട്രംപ് പറഞ്ഞത്. നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിതമാണെങ്കിലും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന.

ഭരണകൂട വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായ എർഫാൻ സൊൽത്താനിയുടെ വധശിക്ഷ ഇറാൻ മാറ്റിവെച്ചതായാണ് വിവരം. എർഫാൻ സൊൽത്താനിയുടെ വധശിക്ഷയെക്കുറിച്ചുള്ള ആശങ്ക ലോകമെങ്ങും മനുഷ്യസ്നേഹികൾ പങ്കുവെച്ചിരുന്നു. കറാജ് പ്രവിശ്യയിലെ ഫർദീസ് നഗരത്തിൽ തുണിക്കടയിലെ ജീവനക്കാരനായ 26 കാരനായ സൊൽത്താനിയെ ജനുവരി 8 നാണ് വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 'മോഹാരബേ' എന്നറിയപ്പെടുന്ന 'ദൈവത്തിനെതിരെ യുദ്ധം ചെയ്യുക' എന്ന കുറ്റമാണ് ഇസ്ലാമിക ശരിഅത്ത് നിയമം അനുസരിച്ച് എർഫാൻ സൊൽത്താനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേ സമയം സംഘർഷാന്തരീക്ഷം രൂപപ്പെട്ടതിന് പിന്നാലെ അടച്ച വ്യോമപാത ഇറാൻ തുറന്നിട്ടുണ്ട്. യുദ്ധത്തിന് രാജ്യം സർവസജ്ജമാണെന്നാണ് ഐആർജിസി മേധാവി മൊഹമ്മദ് പാക്പോർ പറയുന്നത്. അതേസമയം ഇറാനിയൻ ഭരണകൂട നേതാക്കൾ ''മുങ്ങുന്ന കപ്പലിലെ എലികളെപ്പോലെ പരക്കം പായുകയാണെന്ന്'' യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇറാനിയൻ നേതാക്കൾ വലിയ തുകകൾ രാജ്യത്തിന് പുറത്തേക്ക് മാറ്റുകയാണെന്നും സ്കോട്ട് ബെസന്റ് ടെലിവിഷൻ ചർച്ചാ പരിപാടിയിൽ ആരോപിച്ചു.

SCROLL FOR NEXT