യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Source: ANI
WORLD

"ഇസ്രയേല്‍... ആ ബോംബുകള്‍ ഇടരുത്, പൈലറ്റുമാരെ വേഗം തിരിച്ചുവിളിക്കൂ..."; വെടിനിര്‍ത്തല്‍ ലംഘിക്കുന്നതില്‍ അതൃപ്തി പരസ്യമാക്കി ട്രംപ്

ടെഹ്‌റാനില്‍ പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ നടപടിയില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചു.

Author : ന്യൂസ് ഡെസ്ക്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇസ്രയേലും ഇറാനും അത് ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാനില്‍ പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ നടപടിയില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചു. ഇറാനില്‍ ഇനി ബോംബ് ഇടരുത്. വെടിനിര്‍ത്തല്‍ ലംഘിക്കരുത്. പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ഇസ്രയേലിനോടായി പറഞ്ഞു. ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രതികരണം.

"ഇസ്രയേല്‍. ആ ബോംബുകള്‍ ഇടരുത്. നിങ്ങള്‍ അത് ചെയ്താല്‍, അത് വലിയ ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ തിരികെ വിളിക്കൂ, ഇപ്പോള്‍ തന്നെ" - ട്രംപ് കുറിച്ചു. യാത്ര പുറപ്പെടുമ്പോഴും ട്രംപ് സമാന നിലപാട് വ്യക്തമാക്കിയിരുന്നു. ഇരുപക്ഷവും, പ്രത്യേകിച്ച് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നതില്‍ സന്തുഷ്ടനല്ലെന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇസ്രയേലിനെ ശാന്തമാക്കേണ്ടതുണ്ട്. വെടിനിര്‍ത്തലിന് ധാരണയായപ്പോള്‍ തന്നെ, മുമ്പെങ്ങും കാണാത്തവിധം ഇസ്രയേല്‍ ബോംബ് ആക്രമണങ്ങള്‍ തുടങ്ങി. ഇതുവരെ കാണാത്തത്ര ലോഡ് ബോംബുകള്‍ വര്‍ഷിച്ചു. ഇസ്രയേലും ഇറാനും കാലങ്ങളായി പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്നു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്നും ഹെലികോപ്റ്ററിലേക്ക് കയറുന്നതിന് മുന്‍പായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

വെടിനിര്‍ത്തല്‍ ധാരണകള്‍ ലംഘിച്ച് ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്നതായി ആരോപിച്ചതിനൊപ്പും, ടെഹ്റാനിലെ പുതിയ ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താന്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മിസൈല്‍ വര്‍ഷിച്ചിട്ടില്ലെന്നും വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച സമയത്തിനും ശേഷം ഒന്നര മണിക്കൂറോളം ഇസ്രയേല്‍ ആക്രമണം തുടര്‍ന്നെന്നുമാണ് ഇറാന്റെ മറുപടി.

12 ദിവസങ്ങള്‍ക്കുശേഷമാണ് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്ക് അറുതി വന്നത്. ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഇരു രാജ്യങ്ങളും അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയിരുന്നു. ഇസ്രയേലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നായിരുന്നു ഇറാന്റെ പ്രതികരണം.

SCROLL FOR NEXT