മെലോണിയോട് തമാശ പറഞ്ഞ് ട്രംപ് Source; X
WORLD

സുന്ദരിയെന്ന് വിളിച്ചോട്ടെയെന്ന് മെലോണിയോട് ട്രംപ്; 'മൈ ഫ്രണ്ട്' ചതിക്കുമോയെന്ന് നെറ്റിസൺസ്

മോദിക്കു പിറകെ എർദോഗനും, മക്രോണും, ഇപ്പോഴിതാ ട്രംപും മെലോണിയോട് ഫ്രണ്ട്ലി ആയതോടെ നെറ്റിസൺസും ഗോസിപ്പും ട്രോളും തുടങ്ങി.

Author : ന്യൂസ് ഡെസ്ക്

ആഗോള ഉച്ചകോടികളിൽ സ്ഥിരം സാന്നിധ്യമാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. രാഷ്ട്രത്തലവൻമാർക്കിടയിൽ സജീവമായി ഇടപെടുന്ന മെലോണി അന്താരാഷ്ട്ര വേദികളിലെ ദൃശ്യങ്ങളിലൂടെ എപ്പോഴും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കാറുണ്ട്. പ്രധാനമന്ത്രി മോദിയുമായുള്ള മെലോണിയുടെ സൗഹൃദമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ആഘോഷിച്ചത്. മോദി - മെലോണി കൂടികാഴ്ചകളെ 'മെലോഡി'യെന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങൾ ആഘോഷിച്ചത്. അടുത്തിടെ 'ഐ ആം ജോര്‍ജിയ മൈ റൂട്ട്സ്, മൈ പ്രിന്‍സിപ്പിള്‍സ്' എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖം എഴുതിയതും ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ജോർജിയ മെലോണിയുടെ സമാധാന ഉച്ചകോടിക്കിടെയുള്ള സൗഹൃദ സംഭാഷണങ്ങളാണ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഈജിപ്തില്‍ നടന്ന ഗാസ അന്താരാഷ്ട്ര ഉച്ചകോടി വേദിയിലാണ് സംഭവം. ജോര്‍ജിയ മെലോണിയോട് 'മെലോണിയെ സുന്ദരിയെന്ന് വിളിച്ചോട്ടെയെന്നാണ്' ട്രംപ് ചോദിച്ചത്. യുഎസിൽ ഒരു സ്ത്രീയെ സുന്ദരിയെന്നു വിളിച്ചാൽ അതവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. മെലോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാലും അതൊക്കെ നേരിടാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. മെലോണിയെ മികച്ച രാഷ്ട്രീയക്കാരിയെന്ന് പുകഴ്ത്താനും ട്രംപ് മറന്നില്ല.

നേരത്തെ ഇതേ വേദിയിൽ മെലോണിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും രംഗത്ത് വന്നിരുന്നു. ഉച്ചകോടിക്കിടെ എർദോഗൻ മെലോണിയോട് പുകവലി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. "മെലോണി നിങ്ങൾ വിമാനമിറങ്ങി വരുന്നത് ഞാൻ കണ്ടു. കാണാൻ അതിസുന്ദരിയാണ്. പക്ഷെ പുകവലി നിർത്തണം." ഇരുവർക്കും അടുത്തുണ്ടായിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചിരിച്ചു കൊണ്ട് "അത് നടക്കില്ല "എന്ന് പറയുന്നതും വീഡിയോയിൽ കാണാം.

മോദിക്കു പിറകെ എർദോഗനും, മാക്രോണും, ഇപ്പോഴിതാ ട്രംപും മെലോണിയോട് സൗഹൃദം കാണിച്ചതോടെ നെറ്റിസൺസും ഗോസിപ്പും ട്രോളും തുടങ്ങി. 'മൈ പ്രണ്ട്' ചതിക്കുമോ?, എല്ലാവർക്കും എന്നെ മതി തുടങ്ങിയ തമാശകളും പലരും പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും തമാശകളേയും, ഉപദേശങ്ങളേയുമെല്ലാം അതിന്റേതായ രീതിയിൽ എടുക്കാനുളള മെലോണിയുടെ കഴിവും മികച്ചതാണ്.

SCROLL FOR NEXT