ഡൊണാള്‍ഡ് ട്രംപ് Source: File Photo, Google
WORLD

'ഇസ്രയേല്‍ ഇറാനെ ആക്രമിക്കില്ല... ഇറാന്‍ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ല... ചൈനയ്ക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം'; എല്ലാം സാധ്യമാക്കിയെന്ന് ട്രംപ്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇസ്രയേലും ഇറാനും അത് ലംഘിച്ചെന്ന് രോഷംകൊണ്ട് ഒരു മണിക്കൂറിനുശേഷമായിരുന്നു ട്രംപിന്റെ പുതിയ കുറിപ്പെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെ, പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കാന്‍ പോകുന്നില്ലെന്നാണ് ട്രംപിന്റെ പുതിയ അപ്‍ഡേറ്റ്. ഇറാന്‍ ഒരിക്കലും അവരുടെ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ല. ചൈനയ്ക്ക് ഇനി ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം. ഇതൊക്കെ സാധ്യമാക്കാനായത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഹേഗിലേക്കുള്ള യാത്രയിലാണ് ട്രംപ്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇസ്രയേലും ഇറാനും അത് ലംഘിച്ചെന്ന് രോഷംകൊണ്ട് ഒരു മണിക്കൂറിനുശേഷമായിരുന്നു ട്രംപിന്റെ പുതിയ കുറിപ്പെത്തിയത്. "ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ പോകുന്നില്ല. എല്ലാ വിമാനങ്ങളും തിരികെപ്പോരും. ഇറാനില്‍ സൗഹൃദപരമായ 'പ്ലെയിൻ വേവ്' നടത്തും. ആരെയും പരിക്കേല്‍പ്പിക്കില്ല, വെടിനിർത്തൽ പ്രാബല്യത്തിലുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!" -എന്നായിരുന്നു ആദ്യ കുറിപ്പ്.

തൊട്ടുപിന്നാലെ ഇറാനെ സംബന്ധിച്ച അപ്‍ഡേറ്റും എത്തി. "ഇറാന്‍ ഒരിക്കലും അവരുടെ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ല" -എന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. "നാറ്റോയിലേക്ക് പോകുകയാണ്, ഇസ്രയേലിനും ഇറാനുമൊപ്പം ഞാൻ കടന്നുപോയ മോശം അവസ്ഥയില്‍നിന്ന് വളരെ ശാന്തമായ ഒരു സമയമായിരിക്കും അവിടെ. എന്റെ നല്ലവരായ എല്ലാ യൂറോപ്യൻ സുഹൃത്തുക്കളെയും മറ്റുള്ളവരെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!" -എന്നായിരുന്നു അടുത്ത കുറിപ്പ്.

ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ കുറിപ്പുകള്‍

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിച്ചതിനൊപ്പം ആഗോള എണ്ണ വിപണിയും സജീവമാകുന്നതുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത കുറിപ്പ്. "ചൈനയ്ക്ക് ഇനി ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം. അവർ യുഎസിൽ നിന്നുകൂടി ധാരാളമായി വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊക്കെ സാധ്യമാക്കാനായത് വലിയ ബഹുമതിയായി കാണുന്നു!" -എന്നായിരുന്നു ട്രംപ് എഴുതിയത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന തരത്തിലാണ് ട്രംപിന്റെ വാക്കുകള്‍.

നേരത്തെ, ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് അരിശംകൊണ്ട ട്രംപ് ടെഹ്‌റാനില്‍ പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ നടപടിയില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇറാനില്‍ ഇനി ബോംബ് ഇടരുത്. വെടിനിര്‍ത്തല്‍ ലംഘിക്കരുത്. പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്ന ട്രംപ് ഇസ്രയേലിനോടായി പറഞ്ഞു. വെടിനിര്‍ത്തലിന് ധാരണയായപ്പോള്‍ തന്നെ, മുമ്പെങ്ങും കാണാത്തവിധം ഇസ്രയേല്‍ ബോംബ് ആക്രമണങ്ങള്‍ തുടങ്ങി. ഇതുവരെ കാണാത്തത്ര ലോഡ് ബോംബുകള്‍ വര്‍ഷിച്ചു. ഇസ്രയേലും ഇറാനും കാലങ്ങളായി പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്നു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്നുമായിരുന്നു ഹേഗിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുന്‍പായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. പിന്നാലെ, ഇക്കാര്യങ്ങള്‍ ട്രൂത്ത് സോഷ്യലിലും ആവര്‍ത്തിച്ചിരുന്നു.

SCROLL FOR NEXT