Donald Trump Source: X
WORLD

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% വരെ താരിഫ് ഭീഷണിയുമായി ട്രംപ് ഭരണകൂടം; വ്യാപാര കരാറിൽ ഒപ്പിട്ടാൽ 17%, ട്രംപിന് കിട്ടിയത് മതിയായില്ലെയെന്ന് യു.എസ് ഡെമോക്രാറ്റുകൾ

ജൂലൈ 24 മുതൽ മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നിലവിലുള്ള 10 ശതമാനം സെക്ഷൻ 301 തീരുവയ്ക്ക് പുറമെ പുതിയത് ചേർക്കില്ലെന്നും, ഇതിൽ ഏതാണോ ഉയർന്ന നിരക്ക് അതാണ് ഇറക്കുമതിക്കാർ നൽകേണ്ടി വരികയെന്നും മുതിർന്ന യു.എസ് വ്യാപാര ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെ 14 പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് പുതിയ തീരുവ ചുമത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശിച്ചു. ബുധനാഴ്ച യു.എസ് വ്യാപാര പ്രതിനിധി പുറത്തുവിട്ട നിർദ്ദേശപ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയാണ് അധിക തീരുവ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വാഷിംഗ്ടണുമായി ഉഭയകക്ഷി വ്യാപാര കരാറിൽ ( ഒപ്പുവെച്ചാൽ ഈ നിരക്ക് 17 ശതമാനമായി കുറയ്ക്കുമെന്നാണ് വിവരം.

പുതിയ നിർദ്ദേശം അന്തിമമല്ലെങ്കിലും പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വലിയ ചലനങ്ങളുണ്ടാകും. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് കയറ്റുമതി ഇനങ്ങളായ ജനറിക് മരുന്നുകളെയും സ്മാർട്ട്‌ഫോണുകളെയും ഈ താരിഫ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സെക്ഷൻ 232 പ്രകാരം നിലവിൽ നികുതിയുള്ള സ്റ്റീൽ, അലൂമിനിയം, ചെമ്പ്, കാറുകൾ, വാഹന ഘടകങ്ങൾ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ആഭരണങ്ങൾ, വസ്ത്രങ്ങൾ, ചെമ്മീൻ, സോളാർ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മിക്ക എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 25 ശതമാനം വരെ തീരുവ നേരിടേണ്ടി വരും.

ജൂലൈ 24 മുതൽ മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നിലവിലുള്ള 10 ശതമാനം സെക്ഷൻ 301 തീരുവയ്ക്ക് പുറമെ പുതിയത് ചേർക്കില്ലെന്നും, ഇതിൽ ഏതാണോ ഉയർന്ന നിരക്ക് അതാണ് ഇറക്കുമതിക്കാർ നൽകേണ്ടി വരികയെന്നും മുതിർന്ന യു.എസ് വ്യാപാര ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതായത്, കരാറുണ്ടായാൽ 7 ശതമാനവും കരാറില്ലെങ്കിൽ 15 ശതമാനവും അധിക ബാധ്യത വരും. അതേസമയം, 17 ശതമാനം നിരക്കിൽ കരാറിലെത്താൻ സാധിച്ചാൽ വസ്ത്ര-സമുദ്രോൽപ്പന്ന-സോളാർ മേഖലകളിൽ ഇന്ത്യയ്ക്ക് ഏഷ്യൻ എതിരാളികളെ അപേക്ഷിച്ച് നേട്ടമുണ്ടാകും. കരാറിന് ശേഷവും ബംഗ്ലാദേശിനും കംബോഡിയയ്ക്കും 18 ശതമാനവും വിയറ്റ്നാമിന് 20 ശതമാനവുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ', പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്പദ്ധതികൾ, തൊഴിൽ സംരക്ഷണം, ചൈനയിൽ നിന്നുള്ള നിക്ഷേപവും ഇറക്കുമതിയും തുടങ്ങിയ വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കുന്ന കരാറാണ് യു.എസ് ആവശ്യപ്പെടുന്നത്. യു.എസ് വാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്. അടുത്ത മാസം ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, ട്രംപിന്റെ പുതിയ താരിഫ് നിർദ്ദേശത്തിനെതിരെ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ശക്തമായി രംഗത്തെത്തി. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ സാമ്പത്തിക താരിഫ് നയങ്ങൾക്കെതിരായ ജനവികാരം മുതലെടുത്ത് കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ, ജനുവരിയിൽ അധികാരമേൽക്കുന്നതോടെ ഈ നീക്കത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. "ട്രംപ് ഒരിക്കലും പഠിക്കുന്നില്ല" എന്ന് വിമർശിച്ച സെനറ്റർ ചക്ക് ഷൂമർ, യഥാർത്ഥ പ്രശ്നക്കാരായ ചൈനയെ നേരിടുന്നതിന് പകരം സഖ്യകക്ഷികളെ അകറ്റുകയും അമേരിക്കൻ കുടുംബങ്ങൾക്ക് മേൽ വിലക്കയറ്റ ഭാരം അടിച്ചേൽപ്പിക്കുകയുമാണ് ട്രംപ് ചെയ്യുന്നതെന്ന് ആരോപിച്ചു.

നിയമവിരുദ്ധമായ ആഗോള താരിഫുകൾ പുനഃസ്ഥാപിക്കാനുള്ള നഗ്നമായ ശ്രമമാണിതെന്ന് സെനറ്റ് ഫിനാൻസ് കമ്മിറ്റിയുടെ അടുത്ത ചെയർമാനാകാൻ ഒരുങ്ങുന്ന സെനറ്റർ റോൺ വൈഡനും, തിരഞ്ഞെടുപ്പ് ഫലത്തോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് അംഗം ഡോൺ ബെയറും കുറ്റപ്പെടുത്തി. വ്യാജ അന്വേഷണത്തിന്റെ മറവിൽ പ്രസിഡന്റ് കോൺഗ്രസിനെ മറികടന്ന് താരിഫ് ചുമത്താൻ ശ്രമിക്കുകയാണെന്ന് സൂസൻ ഡെൽബീനും, ഏഷ്യൻ-അമേരിക്കൻ വ്യാപാരികളെ ഇത് തകർക്കുമെന്ന് ഗ്രേസ് മെംഗും പ്രതികരിച്ചു. നിർദ്ദിഷ്ട താരിഫുകളിൽ 2027 ജനുവരി 5 വരെ അഭിപ്രായങ്ങൾ സമർപ്പിക്കാനും, ജനുവരി 25-ന് വാഷിംഗ്ടണിൽ പൊതുവാദം കേൾക്കാനും സമയമുണ്ട്. ഇതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

SCROLL FOR NEXT