നാളെ നടക്കാനിരിക്കുന്ന ട്രംപ് - പുടിന്‍ കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍ ഇന്ത്യക്കെതിരായ തീരുവ നടപടി കടുപ്പിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ള 25 ശതമാനം പിഴ ഇനിയും ഉയർത്തും. ഉപരോധം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് ടിവി അഭിമുഖത്തില്‍ സ്കോട്ട് ബെസെന്‍റ് പറഞ്ഞു.
നാളെ നടക്കുന്ന കൂടിക്കാഴ്ചയോടെ യുക്രെയ്ൻ വെടിനിർത്തൽ കരാർ സാധ്യമാകും എന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. എന്നാൽ പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യക്ക് മേൽ തീരുവ വർധിപ്പിക്കുമെന്ന പ്രഖ്യപനവും ഇപ്പോൾ പുറത്തുവരികയാണ്. അലാസ്ക ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സ്കോട്ട് ബെസെന്‍റ് അറിയിക്കുന്നത്. അലാസ്ക ഉച്ചകോടിയിലും, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന അന്ത്യശാസനവും ട്രംപ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാറിൽ ഇടപെട്ടതിൽ ട്രംപിന് ക്രെഡിറ്റ് നൽകാൻ ന്യൂഡൽഹി വിസമ്മതിച്ചതാണ് മറ്റൊരു കാരണമെന്ന് സ്വരൂപ് പറയുന്നു. പുറത്തുനിന്നുള്ള മധ്യസ്ഥത സ്വീകരിക്കാത്തതിനാൽ തന്നെ, വെടിനിർത്തൽ ചർച്ചകളിൽ യുഎസ് ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് തുടക്കം മുതൽ ഇന്ത്യ വാദിച്ചിരുന്നു. പാകിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിന്റെ അഭ്യർഥനപ്രകാരം ഇരു രാജ്യങ്ങളുടെയും സായുധ സേനകൾക്കിടയിൽ നേരിട്ട് മധ്യസ്ഥത വഹിച്ചാണ് വെടിനിർത്തൽ കരാർ ഒപ്പിട്ടതെന്നാണ് ഇന്ത്യയുടെ പ്രസ്താവന.
വാർത്ത ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വികാസ് സ്വരൂപ് ഇക്കാര്യം വിശദീകരിച്ചത്. "ട്രംപ് അധിക തീരുവ ചുമത്തിയത് എന്തിനാണെന്ന് നമ്മൾ മനസ്സിലാക്കണം. ഒന്നാമത്തെ കാര്യം, ഇന്ത്യ ബ്രിക്‌സിൽ അംഗമായതിൽ ട്രംപ് സന്തുഷ്ടനല്ല. ഡോളറിന് പകരമുള്ള ഒരു കറൻസി സൃഷ്ടിക്കാൻ ശ്രമിക്കുന്ന, ഒരു അമേരിക്കൻ വിരുദ്ധ സഖ്യമാണ് ബ്രിക്‌സ് എന്ന ധാരണയാണ് ട്രംപിന്. ഇന്ത്യ ബ്രിക്‌സിൽ അംഗമാകരുതെന്ന് അദ്ദേഹം കരുതുന്നു," വികാസ് സ്വരൂപ് പറഞ്ഞു.
അതേസമയം യുക്രെയ്ൻ -റഷ്യ സംഘർഷത്തിന് വെസ്റ്റ് ബാങ്ക് ശൈലിയിൽ പരിഹാരത്തിനാണ് യുഎസിൻ്റെ ആലോചനയെന്നാണ് റിപ്പോർട്ട്. റഷ്യ കയ്യേറിയ യുക്രെയ്ൻ പ്രദേശങ്ങൾ ഔദ്യോഗികമായി യുക്രെയ്നിന്‍റെ ഭാഗമായിരിക്കുമ്പോൾത്തന്നെ സുരക്ഷാപരമായും സാമ്പത്തികവുമായ നിയന്ത്രണം റഷ്യക്ക് നൽകി സമവായത്തിന് നീക്കമെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ റ്റൈംസ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചയിലാണ്, ഇസ്രയേൽ വെസ്റ്റ്ബാങ്കിൽ ചെയ്യുന്നതിന് സമാനമായി യുക്രെയ്ൻ പ്രദേശങ്ങളിൽ പരിഹാരത്തിന് നിർദേശം ഉയർന്നത്.