Source: News Malayalam 24X7
WORLD

ഇറാനിൽ ഭരണമാറ്റം മികച്ച കാര്യമെന്ന് ട്രംപ്; സൈനിക നടപടിക്ക് യുഎസ്

ആരാണ് പകരം ഇറാനെ നയിക്കുക എന്നതിൽ ട്രംപ് വ്യക്തത നൽകിയില്ല. അവിടെ ആളുകളുണ്ട് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുവെന്ന്മാത്രം

Author : ന്യൂസ് ഡെസ്ക്

ഇറാനെതിരെ അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് നൽകിയാൽ ദൗത്യം ആരംഭിക്കാൻ സൈന്യം തയ്യാറാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ലക്ഷ്യമാക്കി രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയച്ചകാര്യം ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ സംഭവിക്കാവുന്ന ഏറ്റവും നല്ലകാര്യം ഭരണമാറ്റമാണെന്ന് വെനസ്വേലയിലലടക്കം സമീപകാലത്തെ സൈനിക നടപടികൾ നിർവഹിച്ച സൈനികരെ സന്ദർശിച്ച ശേഷം ട്രംപ് പറഞ്ഞതും ശ്രദ്ധേയമായിരുന്നു.

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ മാറ്റാൻ യുഎസ് ഉദ്ദേശിക്കുന്നു എന്നതിന്‍റെ ഏറ്റവും കൃത്യമായ സൂചനയാണ് ട്രംപിന്‍റെ നോർത് കരൊലൈന പ്രസ്താവനയിൽ നിന്ന് ലഭിക്കുന്നത്. ഇറാനിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ഭരണമാറ്റമാണ്. കഴിഞ്ഞ 47 വർഷങ്ങളായി അവർ സംസാരിച്ചുകൊണ്ടിരിക്കുന്നു, അതിനിടയിൽ നിരവധിയാളുകളുടെ ജീവനാണ് നഷ്ടമായതെന്നും ട്രംപ് പറഞ്ഞു.

നോർത്ത് കരൊലൈനയിലെ ഫോർട് ബ്രാഗ്ഗിൽ, വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടു വന്ന ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവിൽ പങ്കെടുത്ത യുഎസ് സൈനികോദ്യോഗസ്ഥരെ സന്ദർശിച്ച് ആദരവർപ്പിച്ച ശേഷമാണ് ഇറാനിൽ സംഭവിക്കാവുന്ന ഏറ്റവും നല്ലകാര്യം ഭരണമാറ്റമാണെന്ന് ട്രംപ് പറഞ്ഞത്.

അതേസമയം ആരാണ് പകരം ഇറാനെ നയിക്കുക എന്നതിൽ ട്രംപ് വ്യക്തത നൽകിയില്ല. അവിടെ ആളുകളുണ്ട് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുവെന്ന്മാത്രം. പശ്ചിമേഷ്യയിലേക്ക് യുഎസ്എസ് ജെറൾഡ്.ആർ ഫോർഡ് എന്ന വിമാനവാഹിനിക്കപ്പൽ കൂടി ഇതിനിടെ അമേരിക്ക അയച്ചു. കരീബിയനിൽ നിന്ന് ഈ കപ്പൽപ്പട കൂടി ഉടൻ മീഡിലീസ്റ്റിലെത്തും. കപ്പലിന്‍റെ ആകാശദൃശ്യം ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പങ്കുവെയ്ക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ അയച്ച യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഇറാനടുത്ത് തമ്പടിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് ഇറാനിൽ സൈനിക നടപടിക്കായി പ്രസിഡന്റ് ട്രംപിന്‍റെ ഉത്തരവ് മാത്രം കാത്തിരിക്കുകയാണ് യുഎസ് സൈന്യമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന നടപടിക്കായി സജ്ജമായിക്കഴിഞ്ഞു എന്ന് പേര് വെളിപ്പെടുത്താത്ത രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്തയിൽ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട്, ഇറാനുമായി ഡീലിലെത്തുന്നതിനാണ് മുൻഗനണ എന്ന് വ്യക്തമാക്കിയതായി ട്രംപ് പറഞ്ഞിരുന്നു.

SCROLL FOR NEXT