കന്യാമറിയം 
WORLD

"കന്യാമറിയം സഹരക്ഷകയോ മധ്യസ്ഥയോ അല്ല, ഏക മധ്യസ്ഥനും രക്ഷകനും യേശു"; വ്യക്തത വരുത്തി വത്തിക്കാൻ

കന്യാമറിയത്തിന്റെ പേരിൽ രൂപപ്പെട്ട ധ്യാനകേന്ദ്രങ്ങളും വിശ്വാസ സംഘങ്ങളും കേരള കത്തോലിക്കാമെത്രാൻ സമതിക്കും തലവേദനയായി മാറിയിരുന്നു

Author : അനിൽ ജോർജ്

വത്തിക്കാൻ സിറ്റി : കന്യാമറിയത്തിന് സഹരക്ഷക, മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങൾ നൽകരുതെന്ന് വിശ്വാസികളോട് കത്തോലിക്കാ സഭ. കത്തോലിക്കാ വിശ്വാസപ്രകാരം ഏക മധ്യസ്ഥനും രക്ഷകനും യേശുക്രിസ്തുവാണ്. ഇത് സംബന്ധിച്ച പുതിയ രേഖ വത്തിക്കാൻ പുറത്തിറക്കി. എന്നാൽ വിശ്വാസികളുടെ മാതാവ്, ആത്മീയമാതാവ്, വിശ്വാസ ജനതയുടെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിന് രേഖ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വിശ്വാസകാര്യങ്ങൾക്കുള്ള ഡിക്കസ്റ്ററിയായ "മാത്തേർ പോപ്പുളി ഫിദേലിസ് " എന്നരേഖയിലൂടെയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണ് ക്രിസ്തുവിലുള്ള വിശ്വാസം. ഏക രക്ഷകനും ദൈവവും എന്ന വിശേഷണമാണ് ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാന കേന്ദ്രം എന്ന് കത്തോലിക്കാ സഭ വീണ്ടും വിശ്വാസികളെ ഓർമപ്പെടുത്തുന്നു.

എന്നാൽ കത്തോലിക്കാ സഭയുടെ തന്നെ ചില ധ്യാനകേന്ദ്രങ്ങളും വൈദിക സമിതികളും രൂപതകളുമൊക്കെ ക്രിസ്തുവിൻ്റെ അമ്മയായ മറിയത്തിന് സഹരക്ഷക എന്ന വിശേഷണം കൊടുത്തു തുടങ്ങിയതോടെയാണ് വത്തിക്കാൻ ഇക്കാര്യത്തിൽ പഠനത്തിനായി ഒരു കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ പഠനങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കത്തോലിക്ക വിശ്വാസത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ വത്തിക്കാൻ വീണ്ടും വിശ്വാസികൾക്ക് നൽകി.

2025 നവംബർ 4ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ വത്തിക്കാൻ പ്രമാണരേഖയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പേരിൽ വിശ്വാസികളും സഭാ അധികാരികളും ഉപയോഗിക്കേണ്ട ടൈറ്റിലുകൾ സംബന്ധിച്ച് കൃത്യമായ മാർഗം നിർദേശം നൽകി. കന്യാമറിയത്തെ സഹ രക്ഷക എന്നോ, മധ്യസ്ഥ എന്നോ വിളിക്കാൻ പാടില്ല. ക്രൈസ്തവ വിശ്വാസ പ്രകാരം ഏക മധ്യസ്ഥൻ യേശുക്രിസ്തുവാണ് രക്ഷകനും യേശുക്രിസ്തുവാണ്.

ക്രിസ്തുവിൻ്റെ ജനനം മുതൽ മരണംവരെയും ക്രൈസ്തവ വിശ്വാസ പ്രകാരം ഉള്ള ഉത്ഥാനത്തിലും മറിയം സാക്ഷിയും കൂടെയുള്ള ആളുമായിരുന്നു. എന്നാൽ ക്രിസ്തുവിൻ്റെ രക്ഷാകര പ്രവർത്തനത്തിൽ മറിയത്തിന് പങ്കാളിത്തമില്ല എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ഇതിനൊപ്പം കൃപകളുടെ മാതാവ് എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ചില അർഥത്തിൽ സ്വീകാര്യമായി തോന്നുമെങ്കിലും അവ ഒഴിവാക്കുന്നതാണ് നല്ലതെന്നും, ഇവയുടെ അർഥ വിശദീകരണങ്ങൾ ഏറെ അപകടസാധ്യതകൾ മുൻപോട്ട് വെക്കുന്നുവെന്നും രേഖയിൽ പരാമർശം ഉണ്ട്.

കേരളത്തിലും ഏതാനും നാളുകളായി കന്യാമറിയത്തിന്റെ പേരിലുള്ള രൂപപ്പെട്ട ധ്യാനകേന്ദ്രങ്ങളും വിശ്വാസ സംഘങ്ങളും കേരള കത്തോലിക്കാമെത്രാൻ സമതിക്കും തലവേദനയായി മാറിയിരുന്നു. ഇതിൽ ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ധ്യാനകേന്ദ്രത്തെ കുറിച്ച് പഠിക്കാൻ കെ.സി.ബി.സി. തന്നെ ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു.

പുതിയ മാർഗരേഖ ആഗോള കത്തോലിക്കാ സഭയിൽ തന്നെ വലിയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ പ്രൊട്ടസ്റ്റൻറ് പിളർപ്പും, പ്രൊട്ടസ്റ്റന്റ് സഭകളുടെ വളർച്ചയും അതിനെ നേരിടാൻ കത്തോലിക്കാ സഭ രംഗത്തിറക്കിയ കരിസ്മാറ്റിക് പ്രസ്ഥാനവും ഒക്കെയാണ് ഇത്തരം തർക്കത്തിന് തുടക്കം കുറിച്ചത്. രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷമുള്ള പരിഷ്കരണ ശ്രമങ്ങളും ഇത്തരം വിശ്വാസമാറ്റത്തിന് ആക്കംകൂട്ടി.

ലിയോ പതിനാലാമൻ മാർപാപ്പയാണ് ഒടുവിൽ ഈ തർക്കത്തിന് പരിഹാരം നിർദേശിച്ചത്. ലിയോ പതിനാലാമൻ്റെ മുൻഗാമികളായ ഫ്രാൻസിസ് മാർപാപ്പയും , ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുംമറിയത്തെക്കുറിച്ച് ഇതേ നിലപാടാണ് എടുത്തിരുന്നത്.

എന്നാൽ ജോൺപോൾ രണ്ടാമന് ആദ്യകാലത്ത് വ്യത്യസ്ത നിലപാടായിരുന്നു. മറിയത്തെ സഹരക്ഷക എന്ന ജോൺപോൾ രണ്ടാമൻ വിശേഷിപ്പിച്ചിരുന്നു. പിന്നീട് കർദിനാൾ ജോസഫ് റാറ്റ്സിംഗർ (പിന്നീട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ) വിശ്വാസത്തിൻ്റെ തലവനായി ചുമതലയെടുത്തതോടെ ജോൺപോൾ രണ്ടാമൻ മാർപാപ്പയും നിലപാട് മാറ്റുകയായിരുന്നു. ഇതോടെ കത്തോലിക്കാ സഭ ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുമായി വിശ്വാസപരമായി കൂടുതൽ അടുത്തു.

SCROLL FOR NEXT