കാരക്കസ്: യുഎസിനെതിരെ ഗുരുതര ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്. കരീബിയൻ തീരത്ത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പ്രസിഡൻ്റ് നിക്കോളാസ് മഡുറോ പറഞ്ഞു. സൈനികനീക്കത്തിൻ്റെ ഭാഗമായി കരീബിയൻ തീരത്തേക്ക് യുദ്ധക്കപ്പൽ വിന്യസിച്ചതിന് പിന്നാലെയാണ് നിക്കോളാസ് മഡുറോയുടെ പ്രതികരണം. ഒരിക്കലും യുദ്ധത്തിനിറങ്ങില്ലെന്ന് പറയുന്നവരാണ് സൈനിക നടപടി സ്വീകരിക്കുന്നതെന്നും മഡുറോ ആരോപിച്ചു.
കരീബിയൻ പ്രദേശത്ത് യുഎസ് സൈനിക വിന്യാസം ശക്തമാക്കിയതോടെയാണ് വെനസ്വേലൻ പ്രസിഡൻ്റ് ഇത്തരത്തിലൊരു അഭിപ്രായം പങ്കുവച്ചത്. അവർ ഒരിക്കലും യുദ്ധം തുടങ്ങിവയ്ക്കില്ലെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ തടയാൻ പോകുന്ന യുദ്ധം അവർ തുടങ്ങി വയ്ക്കാൻ പോകുന്നുവെന്നും മഡുറോ ആരോപിച്ചു. യുഎസിൻ്റെ സൈനിക സജ്ജീകരണങ്ങൾ യുദ്ധഭീതി വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു സൈനിക നടപടി ആരംഭിച്ചു. അതിൽ 10 എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും എട്ട് യുഎസ് നാവിക കപ്പലുകളും ഉൾപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ കുറഞ്ഞത് 40-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.