നേപ്പാളിൽ ജെൻ-സി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സമരക്കാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നു. ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി ഞായറാഴ്ച ഔദ്യോഗികമായി അധികാരമേറ്റതിനു പിറകെയാണ് ഈ നീക്കം. കലാപത്തിൽ ഇരയാവരുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ യുവജന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി അംഗീകരിക്കുമെന്നും അവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യാൽ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളിൽപറയുന്നു. പരിക്കേറ്റ 134 പ്രതിഷേധക്കാർക്കും പരിക്കേറ്റ 57 പോലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.
നേപ്പാളിൽ ദിവസങ്ങളോളം ആളിക്കത്തിയ യുവജന പ്രക്ഷോഭത്തിലാണ് സർക്കാർ തകർന്നത്. പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലിയുൾപ്പെടെ പ്രതിഷേധം അക്രമാസക്തമായതോടെ രാജിവെച്ചിരുന്നു. തുടർന്ന് സൈന്യം നിയന്ത്രണമേറ്റെടുത്തു. പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിച്ചു.
സമൂഹ മാധ്യമങ്ങൾക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ജെൻ-സീ പ്രക്ഷോഭം നേപ്പാളിനെ കത്തിയെരിച്ചു. അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങളും പ്രക്ഷോഭകർ ഉയർത്തിയിരുന്നു. 'You Stole Our Dreams , Youth Against Corruption' എന്നീ മുദ്രാവാക്യങ്ങളുമായാണ് പുതിയ തലമുറ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തിൽ 72 പേർ കൊല്ലപ്പെട്ടു, ഇതിൽ 59 പ്രകടനക്കാരും 10 തടവുകാരും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.