Image: X
WORLD

യുക്രെയ്‌നുമായി താത്കാലിക വെടിനിര്‍ത്തല്‍; പ്രഖ്യാപനവുമായി പുടിന്‍

ഏപ്രില്‍ 11 വൈകിട്ട് 4 മുതല്‍ ഏപ്രില്‍ 12 അര്‍ധരാത്രി വരെയാണ് വെടിനിര്‍ത്തല്‍

Author : ന്യൂസ് ഡെസ്ക്

യുക്രെയ്‌നുമായി താത്കാലിക വെടനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 വൈകിട്ട് 4 മുതല്‍ ഏപ്രില്‍ 12 അര്‍ധരാത്രി വരെയാണ് വെടിനിര്‍ത്തല്‍.

യുക്രെയ്ന്‍ മുന്നോട്ടു വെച്ച നിര്‍ദേശത്തിനു പിന്നാലെയാണ് റഷ്യയും താത്കാലിക വെടിനിര്‍ത്തലിന് പച്ചക്കൊടി വീശിയത്. യുഎസ് മുഖേന വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.

യുഎസും ഇസ്രയേലും ഇറാനു നേരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ, മിഡില്‍ ഈസ്റ്റില്‍ ആകമാനം സംഘര്‍ഷാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തടസ്സപ്പെട്ടിരുന്നു. യുഎസിന്റെ നേതൃത്വത്തില്‍ നടന്ന പല റൗണ്ട് ചര്‍ച്ചകളും ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. ട്രംപിന്റെ ശ്രദ്ധ ഇറാനിലേക്ക് മാറിയതോടെ സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

വെടിനിര്‍ത്തല്‍ കാലയളവില്‍ എല്ലാ ഭാഗങ്ങളിലും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ റഷ്യന്‍ ജനറല്‍ സ്റ്റാഫിന് പുടിന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ അതിനെ നേരിടാന്‍ സൈന്യം സജ്ജമായിരിക്കുമെന്നും റഷ്യയുടെ പ്രസ്താവനയില്‍ പറയുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും മാരകമായ യുദ്ധത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT