

ഹോര്‍മുസ് കടലിടുക്കില്‍ രാജ്യം പുതിയൊരു തന്ത്രപരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി. പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട് 40 ദിവസങ്ങള്‍ക്കു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് മുജ്തബ ഖമനേയിയുടെ പ്രഖ്യാപനം വരുന്നത്.
രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന മുന്നറിയിപ്പും ഇറാന്‍ ഔദ്യോഗിക മാധ്യമത്തിലൂടെ സംപ്രേഷണം ചെയ്ത വീഡിയോയില്‍ മുജ്തബ ഖമനേയി വ്യക്തമാക്കി. ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോര്‍മുസില്‍ ഇറാന്റെ ഇടപെടല്‍ ഇനി തികച്ചും വ്യത്യസ്തമായ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാന് സംഭവിച്ച ഓരോ നാശനഷ്ടങ്ങള്‍ക്കും ഓരോ തുള്ളി രക്തത്തിനും നഷ്ടപരിഹാരം ആവശ്യപ്പെടും.
പിതാവും മുന്‍ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയിയുടെ രക്തസാക്ഷിത്വത്തിന് പ്രതികാരം ചെയ്യുമെന്നും മുജ്തബ ഖമനേയി പ്രഖ്യാപിച്ചു. പക്ഷെ, ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസുമായി നിലവില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും പരിമിതമാണ്. ഇസ്രയേല്‍ ലെബനനില്‍ ആക്രമണങ്ങള്‍ തുടര്‍ന്നതോടെ വെടിനിര്‍ത്തല്‍ കരാര്‍ വലിയ പ്രതിസന്ധിയിലാണ്.
നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം പ്രതിദിനം 15 കപ്പലുകള്‍ക്ക് മാത്രമാണ് ഹോര്‍മുസിലൂടെ കടന്നു പോകാന്‍ അനുമതിയുള്ളത്. ഓരോ കപ്പലിനും ഇറാന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) മേല്‍നോട്ടത്തിലാകും കപ്പലുകള്‍ കടന്നുപോകുക. യുദ്ധത്തിന് മുന്‍പ് ഉണ്ടായിരുന്നതു പോലെ തടസ്സമില്ലാത്ത ഗതാഗതം ഇനി ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.