ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലേക്ക്. ഡിസംബര്‍ 5,6 തീയതികളില്‍ റഷ്യ-ഇന്ത്യ ഉച്ചകോടിക്കായാണ് പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തുക. ഓഗസ്റ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലിന്റെ മോസ്‌കോ സന്ദര്‍ശന വേളയിലാണ് ഉന്നതതല സന്ദര്‍ശനം ആദ്യം പ്രഖ്യാപിച്ചത്.
എന്നാല്‍, ആ സമയത്ത് തീയതികള്‍ തീരുമാനിച്ചിരുന്നില്ല. ഇതിനു ശേഷം ചൈനയില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് 25 ശതമാനം തീരുവ ചുമത്തിയായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറുപടി നല്‍കിയത്.
പുടിന്റെ സന്ദര്‍ശന വേളയില്‍ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം എന്നിവയില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. ഇന്ത്യ-റഷ്യ ബന്ധത്തിന് യാതൊരു ഭീഷണിയുമില്ലെന്നായിരുന്നു യുഎന്‍ പൊതുസമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്ക് റഷ്യ പൂര്‍ണ പിന്തുണ നല്‍കുമെന്നും ലാവ്‌റോവ് വ്യക്തമാക്കിയിരുന്നു. പുടിനും മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.