ഇറാനിയൻ ദേശീയ ടെലിവിഷൻ ചാനലായ ഐആർഐബിക്ക് നേരെ ഇസ്രയേൽ തിങ്കളാഴ്ച നടത്തിയ മിസൈലാക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. Source: Screen Grab, Al Jaseera
WORLD

"കനത്ത തിരിച്ചടി നൽകും, ഇസ്രയേൽ മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കും"; ടെൽ അവീവിൽ നിന്നും ജനങ്ങളോട് പിൻമാറാൻ നിർദേശിച്ച് ഇറാൻ

ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം ശക്തമാക്കുമെന്നും ഇന്ന് രാത്രി കനത്ത തിരിച്ചടി നൽകുമെന്നും ഇറാനിയൻ സൈന്യം എക്സിൽ കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

തിങ്കളാഴ്ച രാത്രിയോടെ തെഹ്റാന് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം ശക്തമാക്കുമെന്നും ഇന്ന് രാത്രി കനത്ത തിരിച്ചടി നൽകുമെന്നും ഇറാനിയൻ സൈന്യം എക്സിൽ കുറിച്ചു. ടെൽ അവീവിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ മാധ്യമങ്ങളായ ചാനൽ 12ഉം 14നും നേരെ ഇന്ന് രാത്രി ആക്രമണമുണ്ടാകുമെന്നും ജീവനക്കാർ ചാനൽ കെട്ടിടങ്ങൾ ഉടനെ ഒഴിയണമെന്നും ഇറാനിയൻ സൈന്യം നിർദേശിച്ചിട്ടുണ്ട്. കെട്ടിടത്തിൻ്റെ 500 മീറ്റർ വരെ അകലത്തിലേക്ക് മാറാനാണ് മുന്നറിയിപ്പ് നൽകിയത്.

നേരത്തെ ഇറാനിയൻ ദേശീയ ടെലിവിഷൻ ചാനലായ ഐആർഐബിക്ക് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഈ ചാനൽ കെട്ടിടം ഉപയോഗിച്ചിരുന്നത് ഇറാന്‍ സൈന്യമാണെന്നാണ് മിസൈലാക്രമണത്തെ ന്യായീകരിച്ച് കൊണ്ട് ഇസ്രയേല്‍ നൽകുന്ന മറുപടി. ചാനല്‍ മറയാക്കി ഇറാൻ്റെ സൈനിക പ്രവർത്തനങ്ങള്‍ നടത്തിയെന്നും ഇസ്രയേലി സൈന്യം വിമർശിച്ചു.

നിലവിൽ ഇസ്രയേലിന്‍റെ വടക്ക് അപകട സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ഇസ്രയേലിലെ വടക്കൻ ഹൈഫയിലുള്ള എണ്ണ ശുദ്ധീകരണ ശാല ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

SCROLL FOR NEXT