ഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലോകനേതാക്കളുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ, ഫ്രാൻസ്, ജോർദാൻ, ഒമാൻ, മലേഷ്യ എന്നിവിടങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയെ അപലപിച്ച പ്രധാനമന്ത്രി നിലവിലെ പ്രാദേശിക സംഭവവികാസങ്ങൾ സംബന്ധിച്ച് നേതാക്കളുമായി ചർച്ച ചെയ്തു. അഞ്ച് നേതാക്കളുമായി നടത്തിയ പ്രത്യേക സംഭാഷണങ്ങളിൽ, മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി സംവാദത്തിൻ്റെ വിവരങ്ങൾ എക്സിൽ കുറിച്ചു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അദ്ദേഹത്തിനും ഖത്തർ ജനതയ്ക്കും ഊഷ്മളമായ ഈദ് ആശംസകൾ നേർന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഖത്തറിന് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും മോദി അറിയിച്ചു.
ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവിനെ "എന്റെ സഹോദരൻ" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് മുൻകൂട്ടി ഈദ് ആശംസകൾ നേർന്നു. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിൽ ജോർദാന്റെ ശ്രമങ്ങളെ വളരെയധികം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചതായും സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അറിയിച്ചതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് നിൽക്കുന്നുവെന്ന് ഇമ്മാനുവൽ മാക്രോണും എക്സിൽ കുറിച്ചു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച നടത്തിയെന്നും ഗൾഫ് ജനതയ്ക്ക് ഈദ് ആശംസകൾ നേർന്നതായും പ്രധാനമന്ത്രി മോദി അറിയിച്ചു.