"ഇസ്രയേലിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക സന്ധിയിലാണ് നമ്മള്‍. കുറച്ചു നേരം മുമ്പ്, ഇസ്രയേല്‍ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആരംഭിച്ചു. ഇസ്രയേലിന്റെ നിലനില്‍പ്പിന് നേരെയുള്ള ഇറാനിയന്‍ ഭീഷണിയെ ചെറുക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു സൈനിക നടപടി. ഈ ഭീഷണി നീക്കം ചെയ്യും വരെ ഈ നടപടികള്‍ തുടരും..."
വെള്ളിയാഴ്ച ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു ശേഷം ലോകത്തോട് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞ വാക്കുകളാണിവ. പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധക്കളം ഒരുങ്ങുന്നതിന്റെ എല്ലാ അശുഭ സൂചനകളും നല്‍കിയ പ്രസ്താവന. എന്തുകൊണ്ട് ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടം ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന പേര് തെരഞ്ഞെടുത്തു?
'ഉറങ്ങിക്കിടക്കുന്ന ഒരു സിംഹമായാണ്' എല്ലാക്കാലത്തും ഇസ്രയേല്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഉയിർത്തെഴുന്നേറ്റാല്‍ തങ്ങളുടെ 'ശത്രുക്കളെ' ഇല്ലായ്മ ചെയ്യുന്ന നരഭോജി. ഇസ്രയേലിന്റെ ഈ ശക്തിയുടെ സൂചനയാണ് 'ഓപ്പറേഷന്‍ റൈസിങ് ലയണില്‍' തെളിഞ്ഞു കാണുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈബിളില്‍ നിന്നാണ് സൈനിക ഓപ്പറേഷനായി ഇത്തരത്തിലൊരു പേര് ഇസ്രയേല്‍ കണ്ടെടുത്തത്. അതും ശത്രുവിനെ പരാജയപ്പെടുത്താതെ, അവരുടെ രക്തം പാനം ചെയ്യാതെ വിശ്രമിക്കില്ലെന്ന ഒരു ബൈബിള്‍ വാക്യത്തില്‍ നിന്ന്. ബൈബിളിലെ സംഖ്യാ പുസ്തകത്തിലെ 23:24 വാക്യം ഇങ്ങനെയാണ്-
"ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;
ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു;
അവന്‍ ഇര പിടിച്ചു തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല."
ഇസ്രയേല്യനല്ലാത്ത പ്രവാചകനും ഭാവികഥനവിദഗ്ധനുമായ ബിലെയാമിന്റെ വചനത്തിന്റെ ഭാഗമാണിത്. ഇസ്രയേലിനെ ശപിക്കുവാന്‍ ക്ഷണിച്ചുവരുത്തിയ മോവാബ് രാജാവായ ബാലാക്കിനോട് ദൈവത്തിന്റെ അരുളപ്പാടെന്ന നിലയിലാണ് ബിലെയാം ഈ വചനങ്ങള്‍ പറയുന്നത്. ശപിക്കുവാന്‍ തുനിഞ്ഞ അവസരങ്ങളില്‍ ദൈവം അദ്ദേഹത്തെ വിലക്കി. 'ദൈവ ജനതയെ' വാഴ്ത്തിപ്പിച്ചു. ഇസ്രയേലിനെ ശപിക്കാതെ മടങ്ങിപ്പോയി എങ്കിലും അവരെ ദുര്‍നടപ്പിലേക്ക് വശീകരിക്കാനുള്ള ഉപായം നല്‍കിയാണ് ബിലെയാം തിരിച്ചുപോയത്. തനിക്കു ശപിക്കുവാന്‍ കഴിയാത്ത ജനത്തെ വഷളാക്കുവാനായിരുന്നു ബിലെയാമിന്റെ ഉപദേശം.
വിശപ്പ് ശമിപ്പിക്കുന്നതുവരെ വിശ്രമിക്കാത്ത ഒരു സിംഹത്തോടാണ് ഇസ്രയേലിനെ ദൈവത്തിന്റെ അരുളപ്പാടെന്ന നിലയില്‍ ബിലെയാം താരതമ്യം ചെയ്യുന്നത്. ഇസ്രയേലിന്റെ ശക്തിയെ കാണിക്കുന്ന ഈ വരികള്‍ തന്നെ ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് നല്‍കിയത് ആകസ്മികം അല്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇറാനെ 'ഭീഷണി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള നെതന്യാഹുവിന്റെ പ്രസ്താവനയില്‍ പോലും ബൈബിള്‍ വചനത്തിന്റെ ഛായകളുണ്ട്.
മാത്രമല്ല, ഓപ്പറേഷന്‍ റൈസിങ് ലയണ്‍ അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിലൂടെ ഇറാനികള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള പാത തുറക്കപ്പെടുമെന്നും നെതന്യാഹു പറയുന്നുണ്ട്. 'റൈസിങ് ലയണ്‍' എന്ന പേരിന് ഇവിടെയും പ്രാധാന്യമുണ്ട്. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് എന്തായിരുന്നു ഇറാന്‍ പതാകയിലെ ചിഹ്നം? സൂര്യനും വാളേന്തിയ സിംഹവും. വിപ്ലവാനന്തരമാണ് ഈ ചിഹ്നത്തിന് പകരം മറ്റൊന്ന് വരുന്നത്. പുതിയ ഇസ്ലാമിക് റിപ്പബ്ലിക്കിനെ പ്രതിഫലിപ്പിക്കുന്ന ഒന്ന്. നെതന്യാഹു മുന്നോട്ട് വയ്ക്കുന്ന 'സ്വാതന്ത്രത്തിന്റെ പാത' ഇസ്ലാമിക വിപ്ലവത്തിന് മുന്‍പുള്ള കാലത്തേക്കുള്ള രാഷ്ട്രീയമായ തിരിച്ചുപോക്കു കൂടിയാണെന്ന് ഇതില്‍ നിന്ന് വ്യക്തം.
അവിടെയും അവസാനിക്കുന്നില്ല, ജൂണ്‍ 13ന് ജൂതമതത്തിന്റെ ഏറ്റവും പുണ്യമായ പ്രാര്‍ത്ഥനാ സ്ഥലമായി കരുതപ്പെടുന്ന ജറുസലേമിലെ പടിഞ്ഞാറന്‍ മതിലിന്റെ വിള്ളലില്‍ നെതന്യാഹു ഒരു കുറിപ്പ് എഴുതിയിടുന്ന ചിത്രം ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. ''ദിവ്യ സാന്നിധ്യം ഒരിക്കലും പടിഞ്ഞാറന്‍ മതിലില്‍ നിന്ന് അകന്നുപോകുന്നില്ല'' എന്നാണ് ജൂത വിശ്വാസം. ബൈസാന്റിയന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍ തുടങ്ങിയതാണ് അവിടത്തെ ജൂത ആരാധനകള്‍. ഇസ്രയേലിന്റെ 'ശത്രു' ആക്രമിക്കപ്പെടും എന്ന സൂചന തന്നെയാണ് ഈ ചിത്രവും നല്‍കിയത്. അതിന് നല്‍കിയ അടിക്കുറിപ്പോ? സംഖ്യാ പുസ്തകത്തിലെ 23:24 വാക്യവും.
ഗാസാ മുനമ്പിലെ കര ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ നല്‍കിയ പേരും ഇവിടെ പ്രസക്തമാണ് - ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്. അതായത് ഗിദെയോന്റെ രഥം. നൂറ് കണക്കിന് പലസ്തീനികളും ഗാസയിലെ ആരോഗ്യ സംവിധാനവുമാണ് ഈ സൈനിക നീക്കത്തില്‍ ഇല്ലാതെയായത്. ഇസ്രയേല്‍ വ്യോമസേനയുടെ പിന്തുണയോടെ, തെക്കൻ ഗാസയെയും വടക്കൻ ഗാസയെയും ലക്ഷ്യം വെച്ചാണ് ഈ ആക്രമണങ്ങള്‍ നടന്നത്. ഗാസ 'കീഴടക്കി' പ്രദേശം നിലനിർത്താനായിരുന്നു ഐഡിഎഫിന്റെ ലക്ഷ്യം.
ഗാസ ഓപ്പറേഷനിൽ ഗിദെയോന്റെ പേര് ഉപയോഗിച്ചതിനു പിന്നിലും വ്യക്തമായ സൂചനകളുണ്ട്. റൈസിങ് ലയണില്‍ ശക്തിയാണെങ്കില്‍ ഓപ്പറേഷന്‍ ഗിദെയോനില്‍ അവരുടെ യുദ്ധതന്ത്രങ്ങളെയാണ് എടുത്തുകാട്ടുന്നത്. ഹമാസിനെതിരെയുള്ള ആക്രമണങ്ങള്‍ എന്ന പേരില്‍ ഗാസയിലെ സാധാരണ ജനങ്ങളെ പകല്‍ വെളിച്ചത്തില്‍ പോലും കൊന്നൊടുക്കുമ്പോള്‍ അവിടെ ശക്തി പ്രകടനം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അത്ര നല്ല പേര് നല്‍കില്ലെന്ന ഇസ്രയേലിന് അറിയാം. അവിടെ ഇസ്രയേല്‍ ഗിദെയോന്റെ തന്ത്രം ഉപയോഗിച്ചു.
ആയിരക്കണക്കിന് യോദ്ധാക്കളെ ഉപയോഗിച്ചല്ല ഗിദെയോൻ, അബ്രാഹാമിന്റെ പുത്രനായ മിദ്യാനിൽ നിന്നുത്ഭവിച്ച മിദ്യാന്യ ഗോത്ര വിഭാഗത്തെ പരാജയപ്പെടുത്തിയത്. തന്ത്രം, വൈദഗ്ദ്ധ്യം, ചാതുര്യം എന്നിവയായിരുന്നു ഗിദെയോന്റെ ആയുധങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട 300 സൈനികരെ കൊണ്ടാണ് മിദ്യാന്യരുടെ ശിബിരത്തിലേക്ക് ഗിദെയോന്‍ എത്തിയത്. ഓരോ പടയാളിയുടെയും കൈയിൽ ഒരു ഷോഫറും (കുഴല്‍), ഒരു കളിമൺ കലവും, ഒരു പന്തവും ഉണ്ടായിരുന്നു. അവർ ഒരേ പോലെ ഷോഫറുകൾ മുഴക്കി, കുടങ്ങൾ പൊട്ടിച്ചു, പന്തങ്ങൾ കത്തിച്ചു. ഒരു വലിയ സൈന്യം തങ്ങളെ വളഞ്ഞതായാണ് മിദ്യാന്യർക്ക് തോന്നിയത്. മിദ്യാന്യർ പരിഭ്രാന്തരായി ഓടിപ്പോയി. ഇതേ യുദ്ധതന്ത്രമാണ് ഗാസയില്‍ ഇസ്രയേലും സ്വീകരിച്ചത്. അവർ ഗാസയിലെ ജനങ്ങളെ വളഞ്ഞു. അവരെ പരിഭ്രാന്തരാക്കി. കൊലപ്പെടുത്തി, പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഗാസയിലെ ജനങ്ങളുടെ ആത്മ വീര്യത്തെ പരാജയപ്പെടുത്താന്‍ ഇസ്രയേലിന് സാധിച്ചില്ല. ഉറ്റവർ മരിച്ചു വീഴുമ്പോഴും അവരെ ഗിദെയോന്റെ രഥ ചക്രം ഭയപ്പെടുത്തിയില്ല.
ഗിദെയോന്‍ രഥം അവിടെയും ഉരുണ്ട് തീർന്നില്ല. ആ 'ഉപായ'ത്തിന്റെ രണ്ടാം ഭാഗം ആഗോള സമൂഹത്തിന് മുന്നിലാണ് ഇസ്രയേല്‍ പ്രയോഗിച്ചത്. അവർ ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളെ ചെറുതാക്കി കാട്ടി, തങ്ങളുടെ ആള്‍നാശം പെരുപ്പിച്ചുകാട്ടി. ഗാസ മുനമ്പില്‍ ആക്രമണത്തിന്റെ പ്രഹരശേഷി ഇന്നും പുറം ലോകത്തിന് കൃത്യമായി അറിയില്ല. പല രാജ്യങ്ങള്‍ക്ക് മുന്നിലും, കണക്കുകളിലെ അവ്യക്ത ഇസ്രയേലിന് സംശയത്തിന്റെ ആനുകൂല്യം നല്‍കി. ഇവിടെയാണ് ഗിദെയോന്റെ രഥം എന്ന പേര് അന്വർത്ഥമാകുന്നത്.
ഇതില്‍ നിന്നും ഒരു കാര്യം കൂടി ഉറപ്പിക്കാം രാഷ്ട്രീയമായ ഭീഷണികളെ, ആണവ ഭീഷണികളെ ചെറുക്കുന്നതിന് മാത്രമല്ല ഇസ്രയേല്‍ ദാഹിക്കുന്നത്. ഗാസയിലെ വംശഹത്യകള്‍ക്ക് സമാനമായ രക്തക്കൊതിയും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇറാനും തിരിച്ചടികള്‍ ആരംഭിച്ചതോടെ മിസൈലുകള്‍ തെഹ്‌റാനും ടെല്‍ അവീവിനും ഇടയില്‍ രക്തക്കൊതിയോടെ പായുകയാണ്. മരണസംഖ്യ നിമിഷംപ്രതി കൂടുന്നു. ഭൗമ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതകള്‍ക്ക് അപ്പുറത്ത് സാധാരണക്കാര്‍ കൊല്ലപ്പെടുന്നു എന്ന 'ലളിതമായ' വസ്തുതയാണ് മറ്റ് സംഘര്‍ഷങ്ങള്‍ എന്ന പോലെ ഇതും മുന്നോട്ട് വയ്ക്കുന്നത്.