Source: X
WORLD

"സമാധാനത്തേക്കാൾ രാഷ്ട്രീയത്തെ പരിഗണിച്ചു"; ട്രംപിന് നൊബേൽ ലഭിക്കാത്തതിൽ വിമർശനവുമായി വൈറ്റ് ഹൗസ്

പുരസ്കാര പ്രഖ്യാപനത്തിന് ശേഷം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ സിറ്റി: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് സമാധാന നൊബേൽ ലഭിക്കാത്തതിൽ വിമർശനവുമായി വൈറ്റ് ഹൗസ്. സമിതി സമാധാനത്തേക്കാൾ രാഷ്ട്രീയത്തെയാണ് പരിഗണിച്ചത്. അന്താരാഷ്ട്ര വെടിനിർത്തൽ കരാറുകളിൽ മധ്യസ്ഥത വഹിക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ ഡൊണാൾഡ് ട്രംപിന് പകരം വെനിസ്വേലൻ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാന സമ്മാനം നൽകാനുള്ള നൊബേൽ സമ്മാന സമിതിയുടെ തീരുമാനത്തെ വിമർശിച്ച് കൊണ്ടാണ് വൈറ്റ് ഹൗസ് പ്രതികരണം നടത്തിയത്.

"സമാധാന കരാറുകൾ ഉണ്ടാക്കുന്നതിനും, യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും, ജീവൻ രക്ഷിക്കുന്നതിനും വേണ്ടിയുള്ള ട്രംപിൻ്റെ ശ്രമങ്ങൾ തുടരും. അദ്ദേഹത്തിന് മനുഷ്യസ്‌നേഹിയുടെ ഹൃദയമുണ്ട്. തൻ്റെ ഇച്ഛാശക്തിയുടെ ശക്തിയാൽ പർവതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റാരും ഉണ്ടാകില്ല" വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്‌സ് പോസ്റ്റിൽ കുറിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സമാധാനത്തിനു മുകളിൽ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നുവെന്ന് നൊബേൽ കമ്മിറ്റി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരമേറ്റതിനുശേഷം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുകയും താൻ നൊബേലിന് അർഹനാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. തനിക്ക് നൊബേൽ സമ്മാനം കിട്ടുമെന്ന കാര്യം ട്രംപ് പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. എന്നാൽ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം ട്രംപ് യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ തനിക്ക് എല്ലാ അര്‍ഹതയുമുണ്ടെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതടക്കം എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചു. ഇതൊക്കെയായിരുന്നു ട്രംപിൻ്റെ അവകാശവാദങ്ങൾ.

'ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിതാന്തമായ പരിശ്രമം, ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റത്തിനായുള്ള പോരാട്ടം,' എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2025ലെ സമാധാനത്തിനുള്ള പുരസ്‌കാരം മരിയ കൊറീന മച്ചാഡോയ്ക്ക് നൽകുന്നതെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പറഞ്ഞിരുന്നു.

''ധീരവും അര്‍പ്പണ ബോധവുമുള്ള ചാംപ്യനായ, ഇരുട്ട് പരക്കുന്നതിനിടെ ജനാധിപത്യത്തിൻ്റെ വെളിച്ചം കാത്തു സൂക്ഷിക്കുന്ന യുവതിക്കാണ് 2025ലെ സമാധാനത്തിനായുള്ള പുരസ്‌കാരം നല്‍കുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.

SCROLL FOR NEXT