WORLD

ആരാകും ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമി?

ഇറാന്റെ രണ്ട് പ്രധാന പ്രതിപക്ഷ നേതാക്കളും ഭരണനേതൃത്വത്തിനായി കരുനീക്കങ്ങള്‍ നടത്തുകയാണ്

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാന്‍: യുഎസിന്റേയും ഇസ്രയേലിന്റേയും സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ചകളും സജീവം. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ ഭരണചക്രം നിയന്ത്രിച്ച നേതാവിന്റെ മരണത്തോടെ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കൂടിയാണ് ഇറാന്‍ അകപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ ഭരണം പിടിച്ചെടുക്കണമെന്ന ട്രംപിന്റെ ആഹ്വാനവും.

ഇറാന്റെ രണ്ട് പ്രധാന പ്രതിപക്ഷ നേതാക്കളും ഭരണനേതൃത്വത്തിനായി കരുനീക്കങ്ങള്‍ നടത്തുകയാണ്. യുഎസ്, ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവ് മറിയം രാജവിയും മുന്‍ കിരീടാവകാശി റെസ പഹ്ലവിയും ഇറാനികളോട് ഐക്യപ്പെടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സന്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 1979-ലെ വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലവിയുടെ മകനാണ് റെസ പഹ്ലവി.നിലവില്‍ യുഎസില്‍ കഴിയുന്ന റെസ, ഖമനേയിയുടെ കൊലപാതക വാര്‍ത്ത വന്നതിനു പിന്നാലെ ട്രംപിന് നന്ദി പ്രകടിപിച്ചതും ശ്രദ്ധേയമായിരുന്നു.

പുതിയ നേതാവിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതു വരെ, പ്രസിഡന്റ്, ജുഡീഷ്യറി ചീഫ്, ഗാര്‍ഡിയന്‍ കൗണ്‍സിലില്‍ നിന്നുള്ള ഒരു നിയമജ്ഞന്‍ എന്നിവരടങ്ങുന്ന നേതൃ സമിതി താത്കാലികമായി ഇറാന്റെ പരമോന്നത നേതാവിന്റെ ചുമതലകള്‍ വഹിക്കുമെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്ന് പ്രധാന പേരുകളാണ് ഖമനേയിയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളത്.

മുജ്തബ ഖമനേയി: ആയത്തുള്ള ഖമനേയിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനേയി. നിലവില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും ഇറാന്റെ ഇറാന്റെ സുരക്ഷാ-സൈനിക വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച ഐആര്‍ജിസിയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് മുജ്തബ. പിതാവിന്റെ പിന്‍ഗാമിയായി ഇദ്ദേഹം വരുമെന്ന് പല നിരീക്ഷകരും കരുതുന്നുണ്ടെങ്കിലും, കുടുംബവാഴ്ച എന്ന ആരോപണം ഒഴിവാക്കാന്‍ ഭരണകൂടം ശ്രമിച്ചേക്കാം.

അലിറെസ അറാഫി: ഇറാനിലെ പ്രശസ്തമായ ഖൂം സെമിനാരിയുടെ തലവനും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവുമാണ് 67 കാരനായ അലിറെസ അറാഫി. മതപരമായ പാണ്ഡിത്യവും ഭരണകൂടത്തോടുള്ള വിശ്വസ്തതയും ഇദ്ദേഹത്തെ ശക്തനായ സ്ഥാനാര്‍ത്ഥിയാക്കുന്നു.

റെസ പഹ്ലവി: 1979-ലെ വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലവിയുടെ മകനാണ് റെസ പഹ്ലവി.നിലവില്‍ യുഎസില്‍ കഴിയുന്ന റെസ, ഖമനേയിയുടെ കൊലപാതക വാര്‍ത്ത വന്നതിനു പിന്നാലെ ട്രംപിന് നന്ദി പ്രകടിപിച്ചതും ശ്രദ്ധേയമായിരുന്നു.

ഹസ്സന്‍ ഖൊമേനി: ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ചെറുമകനാണ് ഹസ്സന്‍ ഖൊമേനി. മതപരമായ സ്ഥാനവും വിപ്ലവ പാരമ്പര്യവുമുള്ള ഹസ്സന്‍ ഖൊമേനിയുടെ പേരും പിന്‍ഗാമിയായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഖൊമേനിയുടെ ശവകുടീരത്തിന്റെ സൂക്ഷിപ്പുകാരനായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും ഒരിക്കലും പൊതുസ്ഥാനം വഹിച്ചിട്ടില്ല.

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന രീതി:

ഇറാന്‍ ഭരണഘടനയനുസരിച്ച് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ആണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. 88 മതപണ്ഡിതന്മാര്‍ അടങ്ങുന്ന സമിതി രഹസ്യ വോട്ടെടുപ്പിലൂടെയാണ് നേതാവിനെ തീരുമാനിക്കുക.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആരെ പിന്തുണയ്ക്കുന്നു എന്നത് നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും. രാജ്യത്തിനകത്ത് പ്രതിഷേധങ്ങള്‍ ശക്തമായാല്‍, താരതമ്യേന മിതമായ നിലപാടുള്ള ഒരാളെ നേതാവാക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായേക്കാം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രസിഡന്റ്, ജുഡീഷ്യറി തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗം എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും ഭരണചുമതല.

SCROLL FOR NEXT