China Naked Officials News Malayalam
WORLD

ചൈനയിലെ 'നഗ്നരായ അധികാരികള്‍'; ഇന്ത്യയിലും വേണമോ ഈ പരിഷ്കാരം !

വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്കപ്പുറം വിചിത്രമായ പ്രയോഗം 2014ന് ശേഷം ചൈനയില്‍ സര്‍വ്വ സാധാരണമാണ്. ഇത് ചൈനയുടെ രാഷ്ട്രീയ നയവുമാണ്.

Author : വിപിന്‍ വി.കെ

ചൈനീസ് രാഷ്ട്രീയത്തിലെ സമീപകാല പ്രയോഗങ്ങളില്‍ ഒന്നാണ് 'നഗ്നരായ അധികാരികള്‍'. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്കപ്പുറം വിചിത്രമായ പ്രയോഗം 2014ന് ശേഷം ചൈനയില്‍ സര്‍വ്വ സാധാരണമാണ്. ഇത് ചൈനയുടെ രാഷ്ട്രീയ നയവുമാണ്. 'നഗ്നരായ അധികാരികള്‍' എന്നത് ജീവിതപങ്കാളിയോ മക്കളോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ മുതിർന്ന സർക്കാർ-പാർട്ടി അധികാരികളെ വിളിക്കുന്ന പേരാണ്. ഒരു കാലത്ത് ചൈന തങ്ങളുടെ ആഗോള വ്യാപനത്തിന്‍റെ ഭാഗമായി അനുവദിച്ചിരുന്നതായിരുന്നു ഈ വിദേശ വാസം എന്നാല്‍ ഒരു ദശകത്തിലേറെയായി ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

2014 മുതൽ ചൈനയിൽ അതിശക്തവും എന്നാൽ നിശബ്ദവുമായ ഒരു ശുദ്ധീകരണ പ്രക്രിയ നടത്തുന്നുണ്ട്. കുടുംബം വിദേശത്താണെന്ന കാരണത്താൽ സര്‍ക്കാര്‍ തലത്തിലെ പ്രധാനപ്പെട്ട ഉന്നതര്‍ പലരും പൊതുരംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നു. അവർ പ്രധാന തസ്തികകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. സർവകലാശാലകൾ, കോടതികൾ, വിവിധ മന്ത്രാലയങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത കമ്മിറ്റികള്‍ എന്നിവിടങ്ങളിലെല്ലാം ഈ മാറ്റം ദൃശ്യമാണ്. അഴിമതി നടത്തിയാല്‍ ഇത്തരം നടപടി കണ്ണുംപൂട്ടി എടുക്കുന്ന ചൈനീസ് രീതിക്ക് അപ്പുറം ഒരു ഉന്നതന്‍റെ അടുത്ത ബന്ധുക്കള്‍ പലരും വിദേശത്താണ് എന്നത് അയാളുടെ പൊതുജീവിതം അവസാനിക്കാനുള്ള കാരണമായി മാറുന്നു പുതിയ ചൈനയില്‍.

ഷീ ജിൻപിങ്ങ് അധികാരത്തില്‍ എത്തിയത് മുതല്‍ ഇത് ശക്തമായി ചൈന നടപ്പിലാക്കുന്നു. ഒരു ലോക സാമ്പത്തിക സൈനിക ശക്തി എന്ന നിലയില്‍ കഴിഞ്ഞ ദശകത്തോടെ ഉയര്‍ന്നുവന്ന ചൈന, ഇപ്പോള്‍ തങ്ങളുടെ മുൻഗണനകൾ മാറ്റിയിട്ടുണ്ട്. സാമ്പത്തിക സാങ്കേതിക വളർച്ചയ്ക്കും ഭരണ മികവിനും ഒപ്പം തന്നെ 'രാഷ്ട്രീയ സുരക്ഷ'യും തുല്യമായ പ്രധാന്യം അവിടുത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാണുന്നു.

മുന്‍ ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗ്യാങ്ങ് വളരെ ജനകീയനായിരുന്നു. ചൈനീസ് പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. ഒരു ജേര്‍ണലിസ്റ്റുമായുള്ള വഴിവിട്ട ബന്ധം അദ്ദേഹത്തിനെതിരായ പാര്‍ട്ടി നടപടിയിലേക്ക് നയിച്ചു എന്നായിരുന്നു ആദ്യ വിവരം. പിന്നീടാണ് അദ്ദേഹത്തിന്‍റെ കുടുംബം ഏറെക്കാലമായി വിദേശത്ത് ആയതാണ് നടപടിക്ക് കാരണമെന്ന് മനസിലായത്. 2014-ൽ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ മാത്രം 1,000-ത്തിലധികം നഗ്നരായ അധികാരികള്‍ക്കെതിരെ ചൈന നടപടി എടുത്തുവെന്നാണ് വിവരം.

china

ഇത്തരം ഒരു അധികാര ശ്രേണിയിലെ ശുദ്ധീകരണ പരിപാടിക്ക് പിന്നില്‍ ചില കാരണങ്ങള്‍ ചൈനയ്ക്കുണ്ട്. വിദേശത്തുള്ള കുടുംബാംഗങ്ങളെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങൾ അധികാരികളെ സമ്മർദ്ദത്തിലാക്കുമെന്ന് ബീജിംഗ് ഭയപ്പെടുന്നു. ഒരു അധികാരിക്ക് ചൈന വിട്ട് വിദേശത്ത് ഒളിച്ചോടാനുള്ള പഴുതുകളാണ് ഇത്തരം വിദേശത്തുള്ള കുടുംബങ്ങള്‍ നല്‍കുന്നതെന്നും ചൈന വിശ്വസിക്കുന്നു. ചൈനയുടെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്ന അധികാരിയുടെ കുടുംബത്തിന്റെയും ഭാവി പൂർണ്ണമായും ചൈനയുമായി മാത്രം അധിഷ്ഠിതമാകണം. പാശ്ചാത്യ രാജ്യങ്ങളുമായി ഒരു പോരാട്ടം ഉണ്ടായാൽ, സ്വന്തം കുടുംബം താമസിക്കുന്ന രാജ്യത്തിനെതിരെ കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഇത്തരം അധികാരികള്‍ക്ക് കഴിയുമോ എന്ന കാര്യത്തിൽ ചൈനീസ് ഭരണകൂടത്തിനുള്ള സംശയവും ഇത്തരം ഒരു നീക്കത്തിന് പിന്നിലുണ്ട്.

നഗ്നരായ അധികാരികള്‍ എന്ന പ്രയോഗം ചൈനയിലെ അവസ്ഥയില്‍ നിന്നും ഇന്ത്യയില്‍ എത്തുമ്പോള്‍ വ്യത്യസ്തമാണ്. ഇന്ത്യ ഒരു തുറന്ന സമൂഹമാണ്. ഒരു ജനാധിപത്യരാജ്യമാണ്. നമ്മുടെ രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മക്കൾ വിദേശത്ത് പഠിക്കുന്നതോ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ അവർക്കെതിരെയുള്ള അവിശ്വാസമായി ഇന്ത്യ കാണാറില്ല. അതിലെ ധാര്‍മ്മികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നെങ്കിലും അത് വലിയ ഭരണകൂട പ്രശ്നമായി ഇന്ത്യ എടുത്തിട്ടില്ല.

ജനാധിപത്യപരമായ ഉത്തരവാദിത്തവും, രാജ്യത്തിന്‍റെ സുരക്ഷയും കുടുംബവും എല്ലാം കൂട്ടികുഴയ്ക്കുന്ന രീതി സ്വതന്ത്ര്യനന്തര കാലം മുതല്‍ തന്നെ ഇന്ത്യയില്‍ ഇല്ല. എന്നാല്‍ അതിതീവ്ര ദേശീയത പറയുന്നവരുടെ മക്കള്‍ വിദേശത്ത് പഠിക്കുന്നതും ജോലി ചെയ്യുന്നതും മുന്‍കാലങ്ങളില്‍ ധാര്‍മ്മികതയുടെ പേരിലും, ഇന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളായും ചോദ്യമായി ഉയരാറുണ്ട്. അടുത്തിടെ ചൈനയിലെ നഗ്നരായ അധികാരികളെ സംബന്ധിച്ച് ഒരു എഎന്‍ഐ വീഡിയോയ്ക്ക് അടിയില്‍ ഇന്ത്യയിലും ഇത് വേണം എന്ന് വാദിക്കുന്നവരെയാണ് ഏറെ കണ്ടത്. എന്നാൽ ചൈന അതിന്‍റെ ജനാധിപത്യപരമല്ലാത്ത ഭരണരീതിയില്‍ ഇത്തരം വിദേശവാസികള്‍ കുടുംബത്തിലുള്ള അധികാരികളെ 'മുൻകൂട്ടിയുള്ള പുറത്താക്കുക' നയമാണ് സ്വീകരിക്കുന്നത്.

ചൈന വളരെ ഗൗരവമായി ഒപ്പം വളരെ നിശബ്ദമായി നടത്തുന്ന ഈ അധികാര ക്രമീകരണം ശരിക്കും രണ്ട് രീതിയിലാണ് നിരീക്ഷകര്‍ കാണുന്നത്. പ്രത്യയശാസ്ത്രപരമായ ശുദ്ധിക്കും, ഒപ്പം ചൈനീസ് രാഷ്ട്രീയ സുരക്ഷിതത്വത്തിനും പ്രധാന്യം നല്‍കുന്ന ഈ പരിപാടി ഒരു സാമ്പത്തിക ശക്തിയായ വളര്‍ന്ന ചൈനയുടെ സുസ്ഥിരതയ്ക്ക് നല്ലതാണ് എന്ന് അവര്‍ പറയുന്നു. ഒപ്പം തന്നെ സോവിയറ്റ് യൂണിയനെപ്പോലെ ഒരു രാഷ്ട്രീയ തകര്‍ച്ച നേരിടാതിരിക്കാന്‍ ഇത്തരം ഒരു രീതി നല്ലതാണെന്നാണ് പ്രോ ചൈനീസ് നിരീക്ഷകരുടെ വാദം.

എന്നാല്‍ ഇപ്പോള്‍ തന്നെ 'മാവോ' കോട്ടില്‍ വരുന്ന ഷീയുടെ പരിഷ്കാരം ആഗോളതലത്തിൽ ബന്ധങ്ങളുള്ള വിദഗ്ധരെ ഒഴിവാക്കുന്നത് വഴി രാജ്യം കൂടുതൽ സങ്കുചിതമാക്കും എന്നാണ് മറുവാദം. സംവാദങ്ങൾക്ക് പകരം ഭയവും അനുസരണയും മാത്രം നിലനിൽക്കുന്ന ഒരു വ്യവസ്ഥിതി ചൈനയുടെ ഭരണസ്ഥിരതയെ തന്നെ തളർത്തിയേക്കാം എന്നും ഇവര്‍ വാദിക്കുന്നു. സംസ്കാരിക വിപ്ലവത്തിന്‍റെ ഫോസിലാണ് ഇത്തരം ഒരു നടപടിയെന്നും ഒരു വാദമുണ്ട്.

SCROLL FOR NEXT