Why Saudi Arabia’s 83B Military Is Struggling Against Yemen’s Houthis News Malayalam 24x7
WORLD

7 ലക്ഷം കോടിയുടെ സൈനികക്കരുത്തുണ്ടായിട്ടും ഹൂതികൾക്ക് മുന്നിൽ സൗദി അറേബ്യ പതറുന്നതെന്ത്? സൗദിയെ വിരട്ടുന്ന ഹൂതി യുദ്ധതന്ത്രം !

മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ-വാണിജ്യ കേന്ദ്രമായി സൗദിയെ മാറ്റിയെടുക്കാൻ രാജ്യത്തിന്റെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ശതകോടിക്കണക്കിന് ഡോളറാണ് ഇതിനോടകം ചെലവഴിച്ചിട്ടുള്ളത്. അതിനിടയിലാണ് പുതിയ വെല്ലുവിളി.

Author : ന്യൂസ് ഡെസ്ക്

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മാരകമായ ആക്രമണങ്ങൾ ഉൾപ്പെടെ ഹൂതി വിമതരുടെ ആസൂത്രിതമായ നിരവധി ആക്രമണങ്ങൾക്കാണ് ഗള്‍ഫിലെ ഏറ്റവും ശക്തമായ രാജ്യമായ സൗദി അറേബ്യ നേരിടുന്നത്. സൗദി അറേബ്യയ്ക്ക് നേരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ഈ ആക്രമണമാണ് ശനിയാഴ്ച രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിലാണ് സംഭവിച്ചത്. ഇതിൽ 12 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമന്റെ മൂന്നിലൊന്ന് ഭൂപ്രദേശവും രാജ്യത്തെ 70 മുതൽ 80 ശതമാനം വരെ ജനസംഖ്യയെയും നിയന്ത്രിക്കുന്ന ഹൂതി വിമതരും സൗദി പിന്തുണയുള്ള യെമൻ സർക്കാരും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ഈ വർഷം ആദ്യം തകർന്നതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. ഇതിന് പിന്നാലെ സൗദി അറേബ്യ യെമനിലെ തങ്ങളുടെ സൈനിക ഇടപെടലുകൾ ശക്തമാക്കുകയായിരുന്നു.

കഴിഞ്ഞ മാസം ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനെ തുടർന്ന് സൗദി സഖ്യസേന വിമതർക്കെതിരെ വ്യോമാക്രമണങ്ങൾ നടത്തുകയും ഔദ്യോഗിക സർക്കാരിന്റെ പ്രത്യാക്രമണങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് സൗദിയുടെ നിർണായകമായ എണ്ണ, വിനോദസഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ തിരിച്ചടി ശക്തമാക്കിയത്. എന്നാൽ, സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ഈ പ്രത്യാക്രമണങ്ങൾ രാജ്യം ശതകോടികൾ മുടക്കി നിർമ്മിച്ച പ്രതിരോധ സംവിധാനങ്ങളുടെ ബലഹീനതകളെയാണ് തുറന്നുകാട്ടുന്നത് എന്നാണ് ആഗോള പ്രതിരോധ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. ആവർത്തിച്ചുള്ള മിസൈൽ ഡ്രോൺ ആക്രമണങ്ങൾ എണ്ണ സമ്പന്നമായ സൗദി സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള മുന്നിലാണെന്ന ആഗോള ധാരണയ്ക്ക് തന്നെ മങ്ങലേൽപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ-വാണിജ്യ കേന്ദ്രമായി സൗദിയെ മാറ്റിയെടുക്കാൻ രാജ്യത്തിന്റെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ശതകോടിക്കണക്കിന് ഡോളറാണ് ഇതിനോടകം ചെലവഴിച്ചിട്ടുള്ളത്. അതിനിടയിലാണ് പുതിയ വെല്ലുവിളി.

സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം

ലോകത്തിലെ ഏറ്റവും അത്യാധുനിക സന്നാഹങ്ങളുള്ള സൈന്യങ്ങളിലൊന്നാണ് സൗദി അറേബ്യയുടേത്. 2025-ൽ തങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 6.5 ശതമാനം, അതായത് ഏകദേശം 7 ലക്ഷം കോടി രൂപ സൗദി പ്രതിരോധ മേഖലയ്ക്കായി ചെലവഴിച്ചത്. ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ സൈനിക ബജറ്റാണ് സൗദിക്ക് ഉള്ളത്. അടുത്തിടെ തുർക്കിയുമായും പാകിസ്ഥാനുമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച സൗദി അറേബ്യയ്ക്ക് സ്വന്തമായി സൈനിക വ്യാവസായിക ഉൽപ്പാദന ശേഷി പരിമിതമാണ്. അതിനാൽ തന്നെ അത്യാധുനിക വിദേശ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാണ് രാജ്യം പ്രധാനമായും പണം ചെലവഴിക്കുന്നത്. അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച് കമ്പനികൾ ഉൾപ്പെടെയുള്ള പാശ്ചാത്യ നിർമ്മാതാക്കളിൽ നിന്നുള്ള വൻതോതിലുള്ള ആയുധ ശേഖരണം സൗദിയുടെ പ്രതിരോധ സേനയുടെ ഭാഗമാണ്. സഖ്യകക്ഷികളായ ഈ വന്‍ രാജ്യങ്ങളെ പ്രീതിപ്പെടുത്താനുള്ള നയതന്ത്ര തന്ത്രം കൂടിയാണ് ഈ ആയുധം വാങ്ങല്‍ എന്നത് ഒരു രഹസ്യമല്ല. എഫ്-15 യുദ്ധവിമാനങ്ങൾ, യൂറോഫൈറ്റർ ടൈഫൂണുകൾ, പാട്രിയറ്റ്, താഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ആയുധ ശേഖരം സൗദിയുടെ പക്കലുണ്ട്. യെമൻ സർക്കാർ സൈന്യത്തിനെതിരെ ഹൂതി വിമതർ നടത്തുന്ന മുന്നേറ്റങ്ങളെ തടയാൻ സൗദിയുടെ യുദ്ധവിമാനങ്ങൾ കഴിഞ്ഞ ഒരാഴ്ചയായി യെമനിലുടനീളമുള്ള ഹൂതി താവളങ്ങളിൽ കനത്ത ബോംബാക്രമണമാണ് നടത്തുന്നുണ്ട്.

എന്നാല്‍ സൈന്യത്തിനായി ശതകോടിക്കണക്കിന് ഡോളർ സൗദി അറേബ്യ ഒഴുക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ തിരിച്ചടിയായി ഹൂതികളുടെ ആക്രമണങ്ങൾ പ്രതിരോധം ഭേദിച്ച് രാജ്യത്തിനുള്ളിലേക്ക് തുളച്ചുകയറുകയാണ്. ഇതിന് പ്രധാന കാരണം സൗദിയുടെ ഭീമമായ ഭൂമിശാസ്ത്രപരമായ വലിപ്പമാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. "ഹൂതികളുടെ ചില മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തടയാൻ സൗദിയുടെ വ്യോമപ്രതിരോധത്തിന് സാധിക്കുന്നുണ്ടെങ്കിലും, രാജ്യം വിസ്തൃതിയിൽ വളരെ വലുതായതിനാൽ എല്ലാ ഭാഗങ്ങളെയും നിരന്തരം സുരക്ഷിതമായി കാത്തുസൂക്ഷിക്കുക എന്നത് അസാധ്യമാണ്" ഒട്ടാവ സർവകലാശാലയിലെ സുരക്ഷാ നിരീക്ഷകൻ തോമസ് ജൂനോ എഎഫ്‌പിയോട് പറഞ്ഞു. ലണ്ടൻ ആസ്ഥാനമായുള്ള മെന അനലിറ്റിക്ക റിസ്ക് കൺസൾട്ടൻസിയിലെ ആൻഡ്രിയാസ് ക്രെയ്ഗ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ് "ഏകദേശം 2.2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സൗദി അറേബ്യ പോലെ വലിയൊരു രാജ്യത്തിന് മുകളിൽ പാട്രിയറ്റ്, താഡ്, പോർവിമാനങ്ങൾ, മറ്റ് സെൻസറുകൾ എന്നിവ സംയോജിപ്പിച്ച ഒരു ബഹുതല പ്രതിരോധ സംവിധാനത്തിന് പോലും തുളച്ചുകയറാനാവാത്ത ഒരു സംരക്ഷണ കവചം തീർക്കാൻ കഴിയില്ല.

കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തലസ്ഥാനമായ റിയാദ്, വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, സൈനിക താവളങ്ങൾ, വിശുദ്ധ നഗരങ്ങൾ, മറ്റ് തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഒരേസമയം നിരന്തരമായി സംരക്ഷിക്കേണ്ട ബാധ്യത അവർക്കുണ്ട്. റിയാദ് നഗര മധ്യത്തില്‍ നിന്നും 35 കിലോമീറ്റർ അകലെ 225 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. ആവർത്തിച്ചുള്ള ഹൂതി ആക്രമണങ്ങൾ സൗദിയുടെ വ്യോമപ്രതിരോധത്തെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ആഗോളതലത്തിൽ ലഭ്യതയില്‍ ദൗര്‍ബല്യം നേരിടുന്ന പ്രതിരോധ മിസൈലുകൾ വേഗത്തിൽ തീർന്നുപോകാനും ഇത് കാരണമാകുന്നുണ്ട് എന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആക്രമണങ്ങൾ തടയാൻ സൗദിക്ക് സാധിക്കുന്നുണ്ടെങ്കിലും, എണ്ണ പ്ലാന്റുകളെയും റിയാദ് വിമാനത്താവളത്തെയും ലക്ഷ്യമിട്ട ചില ആക്രമണങ്ങൾ പ്രതിരോധം മറികടന്ന് ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുകയാണുണ്ടായത്.

തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഹൂതികൾക്ക് ഓരോ തവണയും പ്രതിരോധ സംവിധാനങ്ങളെ തകർക്കേണ്ട ആവശ്യമില്ലെന്ന് ആൻഡ്രിയാസ് ക്രെയ്ഗ് ചൂണ്ടിക്കാട്ടുന്നു. വല്ലപ്പോഴും സംഭവിക്കുന്ന ഒറ്റപ്പെട്ട പ്രഹരങ്ങൾ പോലും അവരുടെ ലക്ഷ്യം നിറവേറ്റും. തന്ത്രപ്രധാനമായ ദൂരപരിധിയിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് തെളിയിക്കുക മാത്രമാണ് റിയാദ് വിമാനത്താവളത്തിന് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത്.

സൗദി അറേബ്യ

2014-ൽ യെമൻ തലസ്ഥാനമായ സന പിടിച്ചെടുത്തതിനുശേഷം തങ്ങളുടെ ആയുധശേഖരം വലിയ തോതിൽ വിപുലീകരിക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്ക് സാധിച്ചിട്ടുണ്ട്. യെമനിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ഇസ്രായേലിലേക്ക് വരെ തങ്ങളുടെ ഡ്രോണുകൾക്കും മിസൈലുകൾക്കും എത്തിച്ചേരാനാകുമെന്നും സൗദിയിലെ വിമാനത്താവളങ്ങളെയും എണ്ണ പ്ലാന്റുകളെയും കൃത്യതയോടെ തകർക്കാൻ കഴിയുമെന്നും ഹൂതികൾ തെളിയിച്ചിട്ടുണ്ട്.

എതിരാളികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ വ്യത്യസ്ത വേഗതയിലുള്ള ഡ്രോണുകളും മിസൈലുകളും ഒരുമിച്ച് സംയോജിപ്പിച്ചാണ് ഹൂതികൾ വിക്ഷേപിക്കുന്നത്. ഹൈപ്പർസോണിക് ശേഷിയുള്ളതും രണ്ട് ഘട്ടങ്ങളിലായി സോളിഡ് ഇന്ധനം ഉപയോഗിക്കുന്നതുമായ 'പലസ്തീൻ-2', ഇറാന്റെ 'ഘാദർ' മിസൈലിന്റെ പുനർനാമകരണമെന്ന് കരുതപ്പെടുന്ന 'തൗഫാൻ' തുടങ്ങിയ ഇടത്തരം ബാലിസ്റ്റിക് മിസൈലുകൾ ഇവരുടെ ആധുനിക ആയുധശേഖരത്തിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഇറാനിൽ നിന്ന് എത്തിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്ന ബുർഖാൻ , ബദർ പരമ്പരകളിൽപ്പെട്ട നിരവധി ഹ്രസ്വദൂര മിസൈലുകളും ഹൂതി വിമതരുടെ പക്കലുണ്ട്.

സൗദി സഖ്യസേന അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിനെ പിന്തുണച്ച് ഹൂതികൾക്കെതിരെ നടത്തുന്ന നീണ്ട ആഭ്യന്തരയുദ്ധം സമീപ മാസങ്ങളിൽ വീണ്ടും ആളിക്കത്തിയ പശ്ചാത്തലത്തിലാണ് ഈ ആക്രമണ പരമ്പരകൾ ശക്തമായത്. "കളിയുടെ നിയമങ്ങൾ മാറ്റിമറിക്കാനാണ് ഹൂതികൾ ആഗ്രഹിക്കുന്നത്," എന്ന് ജൂനോ നിരീക്ഷിക്കുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന വിമാനത്താവളത്തിന് നേരെ സൗദി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുമ്പോൾ, "സൗദി അറേബ്യ തങ്ങളോട് ചെയ്യുന്നത് എന്താണോ, അത് സൗദി അറേബ്യയോടും തിരിച്ചുചെയ്യുക" എന്ന ശൈലിയാണ് ഇറാൻ പിന്തുണയുള്ള ഹൂതികള്‍ പയറ്റുന്നത്.

'അൻസാർ അല്ലാഹ്' എന്നും അറിയപ്പെടുന്ന ഹൂതി പ്രസ്ഥാനത്തിന് യെമന്റെ കഠിനമായ പർവതപ്രദേശങ്ങളിൽ പരിശീലനം നേടിയതും യുദ്ധപരിചയമുള്ളതുമായ പതിനായിരക്കണക്കിന് പോരാളികളുണ്ട്. ഗൾഫ് അയൽരാജ്യങ്ങളിലെ എണ്ണ സമ്പത്തിന് ഭീഷണിയുയർത്തുന്ന ഇവരുടെ മിസൈലുകളും ഡ്രോണുകളും അടുത്തിടെ ഇസ്രായേൽ വരെ എത്തിയിരുന്നു. സൗദിയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിലൂടെ വർഷങ്ങളായി യെമൻ യുദ്ധത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സൗദി അറേബ്യയെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഹൂതികള്‍ പെടുത്തിയിരിക്കുന്നത് എന്നാണ് ഒട്ടാവ സർവകലാശാലയിലെ സുരക്ഷാ നിരീക്ഷകൻ തോമസ് ജൂനോ പറയുന്നത്.

മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയുടെ നേതൃത്വത്തിൽ നടക്കുന്ന 'സൗദി വിഷൻ 2030' പദ്ധതിയുടെ പ്രധാന കേന്ദ്രമായതിനാൽ തന്നെ അന്താരാഷ്ട്ര വിമാനത്താവളത്തിന് വലിയ പ്രാധാന്യമുണ്ട്. വിനോദസഞ്ചാരികൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും അന്താരാഷ്ട്ര മേളകൾക്കുമുള്ള പ്രധാന ആഗോള കേന്ദ്രമായി റിയാദിനെ മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. "ഹൂതികൾക്ക് ഈ കാര്യം നന്നായി അറിയാം," ക്രെയ്ഗ് വ്യക്തമാക്കുന്നു. റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് സൗദിയുടെ സൈനിക ശക്തിയെ തകർക്കില്ലെങ്കിലും, ആവർത്തിച്ചുള്ള ഇത്തരം ആക്രമണങ്ങൾ വരുത്തിവെക്കുന്ന സാമ്പത്തിക-മാനസിക പ്രത്യാഘാതങ്ങൾ ആയുധങ്ങൾ വരുത്തുന്ന ഭൗതിക നാശനഷ്ടങ്ങളേക്കാൾ വളരെ വലുതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

2015-ലെ ചാവേർ ആക്രമണത്തിന് ശേഷം സൗദിയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ശനിയാഴ്ച വിമാനത്താവളത്തിൽ നടന്നത്. മാത്രമല്ല, ഞായറാഴ്ച റിയാദിൽ ആരംഭിച്ച പ്രമുഖ 'ഡബ്ല്യുപിസി എനർജി കോൺഗ്രസ്' ഉൾപ്പെടെ രാജ്യത്തെ പ്രധാന കൺവെൻഷനുകളുടെയും വിനോദ പരിപാടികളുടെയും സീസണിന്റെ തൊട്ടുമുൻപാണ് ഈ ആക്രമണം ഉണ്ടായത്. മുൻപ് വരാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് എസ്എംഎസ് സന്ദേശങ്ങളിലൂടെ അധികൃതർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഈയിടെയായി അത്തരം ജാഗ്രതാ സന്ദേശങ്ങൾ നിലച്ചത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടായ ശനിയാഴ്ച വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നില്ലെന്ന് വിദേശ നയതന്ത്ര കാര്യാലയങ്ങൾ സൗദി അധികൃതർക്കെതിരെ പരാതിപ്പെടുകയും, സൗദി സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പല വിദേശ എംബസികളും തങ്ങളുടെ പൗരന്മാർക്ക് വിമാനത്താവളം ഒഴിവാക്കാനുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

SCROLL FOR NEXT